'അവസരവാദി' പ്രയോഗവുമായി ഗോവിന്ദൻ, തിട്ടൂരം വാങ്ങണോ എന്ന് അതിരൂപത; നേർക്കുനേർ സിപിഎമ്മും സഭയും

എം.വി. ഗോവിന്ദൻ, തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി | Photo: മാതൃഭൂമി
എം.വി. ഗോവിന്ദൻ, തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി | Photo: മാതൃഭൂമി

കണ്ണൂർ: ഛത്തീസ്ഗഢിൽ കന്യാസ്ത്രീകൾക്ക് നേരേയുണ്ടായ പോലീസ് നടപടിയിലെ നിലപാടുകളെച്ചൊല്ലി സിപിഎമ്മും കത്തോലിക്കാ സഭയും നേർക്കുനേർ. അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ജാമ്യം കിട്ടിയപ്പോൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി നന്ദി പറഞ്ഞതിനെക്കുറിച്ചുള്ള സിപിഎം നേതാക്കളുടെ പ്രതികരണമാണ് പ്രസ്താവനായുദ്ധത്തിലേക്ക് നയിച്ചത്.

ആർച്ച് ബിഷപ്പ് അവസരവാദിയാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പരാമർശമാണ് സഭയെ ചൊടിപ്പിച്ചത്. എകെജി സെന്ററിൽനിന്ന് തിട്ടൂരം വാങ്ങിയശേഷം മാത്രമേ മെത്രാന്മാർ പ്രസ്താവന നടത്താൻ പാടുള്ളൂവെന്ന സമീപനം ഉള്ളിലൊളിപ്പിച്ചുവെച്ച ഫാസിസത്തിന്റെ മറ്റൊരു മുഖമാണെന്ന് പ്രസ്താവന വന്ന് മണിക്കൂറുകൾക്കുള്ളിൽ അതിരൂപത തിരിച്ചടിച്ചു.

കന്യാസ്ത്രീകൾ അറസ്റ്റിലായപ്പോൾ കേന്ദ്രത്തിനെതിരേ നിലപാടെടുത്ത ആർച്ച് ബിഷപ്പ് ജാമ്യം കിട്ടിയപ്പോൾ ബിജെപിയോടുള്ള നിലപാട് മയപ്പെടുത്തിയെന്ന് സിപിഎം വിലയിരുത്തുന്നു. ഹിറ്റ്‌ലർക്കൊപ്പം നിന്ന നിയോ മുള്ളറുടെ ഗതി ഓർമ്മിപ്പിച്ച് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജാണ് ആദ്യം സഭയ്ക്കുനേരേ തിരിഞ്ഞത്. ഡിവൈഎഫ്ഐയുടെ പ്രതികരണം അവഗണിക്കാൻ ശ്രമിച്ച സഭയ്ക്ക് എം.വി.ഗോവിന്ദന്റെ രൂക്ഷമായ പ്രതികരണം അപ്രതീക്ഷിതമായിരുന്നു. അതിന്റെ ആഘാതമാണ് പെട്ടെന്നുള്ള പ്രതികരണത്തിലേക്ക് സഭയെ നയിച്ചത്.

പിണറായി വിജയന്റെ നികൃഷ്ടജീവി പരാമർശത്തിനുശേഷം പാർട്ടി, സഭയുമായി ഇതുപോലെ നേർക്കുനേർ ഏറ്റുമുട്ടുന്ന സാഹചര്യം ഉണ്ടായിട്ടില്ല. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ആസന്നമായ സാഹചര്യത്തിൽ സിപിഎം കടുത്ത നിലപാടെടുക്കുന്നത് ആകാംക്ഷയോടെയാണ് മറ്റുള്ളവർ കാണുന്നത്.

പാംപ്ലാനി പിതാവിനെപ്പോലുള്ളവരെ അധിക്ഷേപിച്ചാൽ അനുരണനങ്ങൾ എത്രമാത്രം വലുതാകുമെന്ന് ചിന്തിക്കുന്നത് നല്ലതാണെന്ന് കത്തോലിക്ക കോൺഗ്രസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഏതെങ്കിലും നേതാവിന്റെ പ്രസ്താവന അനുസരിച്ച് ക്രൈസ്തവസമൂഹം മുഴുവൻ ഒപ്പമുണ്ടാകുമെന്ന് കരുതേണ്ടെന്ന് ഡിവൈഎഫ്ഐ അതിനോട് പ്രതികരിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് കാലത്ത് തർക്കം എത്രത്തോളം മുറുകുമെന്ന് നിരീക്ഷിക്കുകയാണ് കോൺഗ്രസും ബിജെപിയും.

Content Highlights: CPM and Catholic Church in Kerala clash over statements on police action against nuns