സി.പി.എം. ബ്രാഞ്ച് യോഗങ്ങളിൽ ആഭ്യന്തരവകുപ്പിന് രൂക്ഷവിമർശം; ചർച്ചകളുടെ വഴിമാറ്റി അൻവർ

കണ്ണൂർ: സി.പി.എമ്മിന്റെ 24-ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള ബ്രാഞ്ച് യോഗങ്ങൾ തുടങ്ങിയപ്പോൾ പുതിയ വിഷയങ്ങൾ ചൂടുപിടിച്ച ചർച്ചകളിൽ നിറയുന്നു. പി.വി.അൻവർ എം.എൽ.എ. ഉയർത്തിയ ആരോപണങ്ങളുടെ ഓരംപറ്റി ആഭ്യന്തര വകുപ്പിനും മുഖ്യമന്ത്രിയുടെ ഓഫീസിനുംനേരേ കടുത്ത വിമർശനങ്ങൾ ഉയർത്തുകയാണ് കണ്ണൂരിലെ പാർട്ടിയംഗങ്ങൾ. ചലച്ചിത്രനടൻ മുകേഷിനുനേരേ പരാതികൾ പലത് വന്നിട്ടും ആരാണ്, എന്തിനാണ് സംരക്ഷിക്കുന്നതെന്ന ചോദ്യവും ഉയരുന്നു. നേരത്തേ പരാതി ഉയർന്നിട്ടും ലോക്‌സഭാ സ്ഥാനാർഥിയാക്കിയതും വിമർശിക്കപ്പെട്ടു. നടപടി നേരിട്ട ഇ.പി.ജയരാജനോട് മമതയൊന്നും കാണിക്കാത്തവിധത്തിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്.
തെറ്റുതിരുത്തൽ നയരേഖയിൽ ഊന്നിയുള്ള ചർച്ചകളും തീരുമാനങ്ങളുമുണ്ടാകുമെന്നതായിരുന്നു യോഗങ്ങൾ തുടങ്ങും മുൻപുള്ള നില. എന്നാൽ ബ്രാഞ്ച് യോഗങ്ങൾ തുടങ്ങുന്ന ദിവസമാണ് പി.വി.അൻവർ ഗുരുതരമായ ആരോപണം ക്രമസമാധാന ചുമതലയുള്ള സംസ്ഥാന എ.ഡി.ജി.പി.ക്കുനേരേ ഉയർത്തിയത്. അദ്ദേഹത്തിന്റെ വിമർശം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി കണ്ണൂരുകാരനായ പി.ശശിക്കുനേരേയും നീണ്ടു. ഫലത്തിൽ ആരോപണങ്ങളെല്ലാം ചെന്നുതറയ്ക്കുന്നത് ആഭ്യന്തരവകുപ്പിലാണ്. യോഗങ്ങളിലെ ചർച്ചകളുടെ ദിശതന്നെ അത് മാറ്റിമറിച്ചു.
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ പേരിൽ പാർട്ടി നേതൃത്വത്തിനും സർക്കാരിനുമെതിരെയുള്ള അനിഷ്ടം അംഗങ്ങളിൽ പലർക്കുമുണ്ട്. എന്നിട്ടും തെറ്റുതിരുത്തൽ നടക്കുന്നില്ലെന്ന് പലരും വിമർശിച്ചു. അൻവറിന്റെ ആരോപണങ്ങൾ ആഭ്യന്തരവകുപ്പിന്റെ പിടിപ്പുകേടിന് തെളിവായി അംഗങ്ങൾ ചൂണ്ടിക്കാട്ടുന്നു. ആഭ്യന്തര വകുപ്പിനെ നാണം കെടുത്തുന്ന തരത്തിലുള്ള ആരോപണങ്ങൾ ഭരണപക്ഷ എം.എൽ.എ. തന്നെ വാർത്താസമ്മേളനത്തിൽ അവതരിപ്പിച്ചത് ഗൗരവമുള്ള വിഷയമാണെന്ന് അഭിപ്രായം പലയിടത്തുമുയർന്നു. അൻവർ ഉയർത്തിയ വാദമുഖങ്ങളുടെ പക്ഷത്ത് നിന്നായിരുന്നു പലരും സംസാരിച്ചത്. മുഖ്യമന്ത്രിയും പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയും വിമർശിക്കപ്പെട്ടു.
ഇ.പി.ജയരാജനും പി.കെ.ശശിക്കുമെതിരെ അച്ചടക്കനടപടി സ്വീകരിച്ച് തെറ്റുതിരുത്തൽ തുടങ്ങിയെന്ന പ്രതീതിയുമായി യോഗങ്ങളിലേക്ക് കടക്കുകയായിരുന്നു പാർട്ടി. വിമർശനങ്ങളുടെ കാഠിന്യം കുറയ്ക്കാൻ അത് വഴിയൊരുക്കുമെന്നും കരുതി. എന്നാൽ അൻവറിന്റെ വെളിപ്പെടുത്തലുകൾ അപ്രതീക്ഷിത ആഘാതമായി മാറി. ആരോപണ വിധേയരായ പോലീസ് ഉദ്യോഗസ്ഥർക്കുനേരേ നടപടിയുണ്ടായാലും വരുംദിവസങ്ങളിലും വിഷയം ചർച്ചകളിൽ നിറയുമെന്നത് ഉറപ്പ്. അടുത്തമാസം നടക്കുന്ന ലോക്കൽ സമ്മേളനങ്ങളിലും അതിന്റെ അലയൊലികൾ പ്രതീക്ഷിക്കാം.
ക്ഷേമപെൻഷൻ വിഷയങ്ങളിലടക്കം ഇടതുസർക്കാരിനുണ്ടായ പാളിച്ചകളും പ്രാദേശിക വിഷയങ്ങളും ബ്രാഞ്ച് യോഗങ്ങളിൽ ചർച്ചയായി. 4,394 ബ്രാഞ്ചുകളിൽ 411 ബ്രാഞ്ച് സമ്മേളനങ്ങളാണ് രണ്ടുദിവസംകൊണ്ട് നടന്നത്. പ്രവർത്തന റിപ്പോർട്ടിന്മേൽ നടന്ന ചർച്ചകൾക്ക് മേൽകമ്മിറ്റി പ്രതിനിധികൾ മറുപടി പറഞ്ഞു.
Content Highlights: cpm branch committee meeting criticism for department of home affairs