അനുമതി വാങ്ങിയിട്ടാണ് വേദിയൊരുക്കിയത്, മാധ്യമങ്ങളിലേത് തെറ്റായ വാര്‍ത്ത-പാളയം ഏരിയ സെക്രട്ടറി

തിരുവനന്തപുരം: വഞ്ചിയൂര്‍ ജങ്ഷനില്‍ ഗതാഗതം തടസപ്പെടുത്തി സിപിഎമ്മിന്റെ ഏരിയ സമ്മേളനത്തിന് വേദിയൊരുക്കിയതില്‍ വിശദീകരണവുമായി പാളയം ഏരിയ സെക്രട്ടറി വഞ്ചിയൂര്‍ ബാബു. അനുമതി വാങ്ങിയാണ് വേദിയൊരുക്കിയതെന്നും മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തയാണ് നല്‍കിയതെന്നും വഞ്ചിയൂര്‍ ബാബു വ്യക്തമാക്കി.
വാഹനങ്ങള്‍ക്ക് പോകാന്‍ സ്ഥലമുണ്ടായിരുന്നു. സ്മാര്‍ട്ട് സിറ്റി റോഡ് നിര്‍മാണം നടക്കുന്നതിനാലാണ് ബ്ലോക്കുണ്ടായതെന്നും വഞ്ചിയൂര്‍ ബാബു പ്രതികരിച്ചു.
അതേസമയം വഴി തടഞ്ഞ് വേദി കെട്ടിയതില്‍ കേസെടുക്കുമെന്ന് പോലീസ് വ്യക്തമാക്കി. സമ്മേളന പരിപാടികള്‍ നടത്താന്‍ മാത്രമാണ് സിപിഎം അനുമതി വാങ്ങിയത്. നടുറോഡില്‍ സ്‌റ്റേജ് കെട്ടാന്‍ അനുമതി നല്‍കിയിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.
വഞ്ചിയൂര്‍ കോടതിയുടെ സമീപത്തുള്ള റോഡിലാണ് വേദി കെട്ടിയത്. ആംബുലന്‍സുകളും സ്‌കൂള്‍ വാഹനങ്ങളും ഉള്‍പ്പെടെയുള്ളവ ഗതാഗതക്കുരുക്കില്‍ പെട്ടിരുന്നു.
വഞ്ചിയൂര്‍ ജങ്ഷനിലെ റോഡിന്റെ ഒരുവശം പൂര്‍ണമായും അടച്ചാണ് വേദിയൊരുക്കിയത്. പാതയോരങ്ങളില്‍ പോലും ഗതാഗതം തടസ്സപ്പെടുന്ന സമ്മേളനങ്ങള്‍ നടത്താന്‍ പാടില്ലെന്ന കോടതി വിധി നിലനില്‍ക്കെയാണ് ഏരിയ സമ്മേളനത്തിനായി വഴി അടച്ചത്.
വഞ്ചിയൂര്‍ കോടതിയുടെയും പോലീസ് സ്റ്റേഷന്റെയും തൊട്ടു മുന്‍പിലായാണ് പൊതുജനങ്ങളെ ഏറെ ബുദ്ധിമുട്ടിലാക്കുന്ന ഈ നിയമലംഘനം. രാവിലെയും വൈകിട്ടും വന്‍ തിരക്കാണ് ഈ റോഡിലുള്ളത്. റോഡിലെ ഗതാഗതം നിയന്ത്രിക്കാനായി വ്യാഴാഴ്ച രാവിലെ മുതല്‍ അന്‍പതോളം പോലീസുകാരെയാണ് നിയോഗിച്ചിരുന്നത്. എന്നാല്‍, വൈകുന്നേരമായതോടെ വന്‍ ഗതാഗത കുരുക്കാണ് ഇവിടെ രൂപപ്പെട്ടത്.
തമ്പാനൂരില്‍ നിന്ന് വഞ്ചിയൂരിലെ ജനറല്‍ ആശുപത്രിയിലേക്ക് പോകുന്ന പ്രധാന പാത കൂടിയാണിത്. റോഡിന്റെ ഒരു വശത്തുകൂടിയാണ് ഇപ്പോള്‍ രണ്ട് ഭാഗത്തേക്കുമുള്ള വാഹനങ്ങള്‍ കടന്നുപോകുന്നത്.