ഹരീഷ് വാസുദേവൻ കപട പരിസ്ഥിതി വാദി, വിശ്വാസത്തിലെടുക്കാന്‍ കഴിയില്ല- സിപിഎം ജില്ലാ സെക്രട്ടറി

മൂന്നാർ: ഇടുക്കിയിലെ നിര്‍മാണ നിയന്ത്രണത്തില്‍ ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയ്‌ക്കെതിരെ സി.പി.എം. രംഗത്ത്. അമിക്കസ് ക്യൂറിയായ ഹരീഷ് വാസുദേവന്‍ കപടപരിസ്ഥിതിവാദിയാണെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ് ആരോപിച്ചു. ഹരീഷ് വാസുദേവനെ വിശ്വാസത്തിലെടുക്കാന്‍ കഴിയില്ലെന്നും വണ്‍ ഏര്‍ത്ത് വണ്‍ ലൈഫ് വ്യാജ സംഘടനയാണെന്നും ഹര്‍ജിയ്ക്കു പിന്നില്‍ അന്താരാഷ്ട്ര ഗൂഢാലോചന നടന്നിട്ടുണ്ടെന്നും സി.വി. വര്‍ഗീസ് ആരോപിച്ചു.
'ഹരീഷ് വാസുദേവനെ ഒരിക്കലും വിശ്വാസത്തിലെടുക്കാന്‍ കഴിയുന്ന ആളല്ല. കടുത്ത കപട പരിസ്ഥിതി വാദിയാണദ്ദേഹം. മാത്രമല്ല ജില്ലയില്‍ കസ്തൂരി രംഗന്‍ ഗാഡ്ഗില്‍ പ്രശ്‌നം ഉയര്‍ന്നു വന്നപ്പോള്‍ ഇടുക്കിയെ പൂര്‍ണമായും വനഭൂമിയാക്കി മാറ്റണമെന്ന നിലപാട് സ്വീകരിക്കുകയും ചെയ്ത ആളാണ്'- സി.വി. വര്‍ഗീസ് പറഞ്ഞു.
ഇടുക്കിയിൽ ദേവികുളം താലൂക്കിൽ മൂന്നാർ ഉൾപ്പെടെയുള്ള ഒൻപത് പഞ്ചായത്തുകളിൽ താഴത്തെനില ഉൾപ്പെടെ മൂന്നുനിലകളിൽ അധികമുള്ള കെട്ടിടങ്ങൾ നിർമിക്കുന്നതിന് അനുമതി നൽകുന്നതാണ് ഹൈക്കോടതി താത്‌കാലികമായി വിലക്കിയത്. മൂന്നാർ ഉൾപ്പെടെയുള്ള മേഖലയിലെ പരിസ്ഥിതിവിഷയങ്ങളിൽ കോടതി അഡ്വ. ഹരീഷ് വാസുദേവനെ അമിക്കസ് ക്യൂറിയായി നിയമിക്കുകയും ചെയ്തു. ഹർജി വീണ്ടും പരിഗണിക്കുന്ന ജൂൺ 27 വരെയാണ് വിലക്ക്.
പരിസ്ഥിതിവിഷയങ്ങൾ പരിഗണിക്കുന്ന ജസ്റ്റിസ് മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് സോഫി തോമസും അടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതായിരുന്നു ഇടക്കാല ഉത്തരവ്. മൂന്നാർ മേഖലയിലെ നിർമാണപ്രവർത്തനങ്ങൾ വിലക്കണം എന്നാവശ്യപ്പെട്ട് തൃശ്ശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന വൺ ഏർത്ത് വൺ ലൈഫ് അടക്കം ഫയൽചെയ്ത ഹർജികളാണ് പ്രത്യേക ബെഞ്ച് പരിഗണിച്ചത്
Content Highlights: cpm against adv harish vasudevan and construction control in idukki