വികസനം നടന്നു, പ്രചാരണങ്ങളിൽ വീണു; ഉണ്ടായത് ന്യായീകരിക്കാനാവാത്ത തോൽവി– എം.എ. ബേബി

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് തിരിച്ചടികളുണ്ടായെന്ന് സി.പി.എം. ജനറൽ സെക്രട്ടറി എം.എ. ബേബി. ന്യായീകരിക്കാനാവാത്ത തോൽവിയാണ് സംഭവിച്ചത്. വസ്തുതകളെ വസ്തുതകളായി കാണണം. പാർട്ടിക്ക് തിരിച്ചടിയുണ്ടാക്കാൻ ചില കേന്ദ്രങ്ങൾ വ്യാജ ആരോപണങ്ങൾ നടത്തിയെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് നടന്ന സി.പി.എം. വിപുലീകൃത സംസ്ഥാന സമിതി സമാപന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു എം.എ. ബേബി.
തോൽവിയെത്തുടർന്ന് എല്ലാ സഖാക്കളുടേയും അഭിപ്രായം തേടിയിട്ടുണ്ട്. സി.പി.എം. ആർ.എസ്.എസുമായി ഡീലുണ്ടാക്കി എന്ന പ്രചാരണം എതിരാളികൾ വ്യാപകമായി അഴിച്ചുവിട്ടു. പിണറായി വിജയൻ ആർ.എസ്.എസുമായി ഡീലുണ്ടാക്കി എന്നുപറഞ്ഞാൽ ജനം അത് വിശ്വസിക്കില്ല. തലശ്ശേരി കലാപ കാലത്ത് പിണറായി വിജയൻ നടത്തിയ ധീരമായ ഇടപെടലുകൾ ഓർമിപ്പിച്ച ബേബി, പിണറായിയുടെ തലയ്ക്ക് രണ്ടുകോടി രൂപ വിലയിട്ടത് ആർ.എസ്.എസ്. ആണെന്നും ചൂണ്ടിക്കാട്ടി. അങ്ങനെയൊരു പശ്ചാത്തലമുള്ള പിണറായി വിജയൻ ആർ.എസ്.എസുമായി ഡീലുണ്ടാക്കിയെന്ന് പറഞ്ഞാൽ ജനം വിശ്വസിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ പത്തുവർഷത്തിനിടയിൽ ചരിത്രത്തിൽ ഇതുവരെയില്ലാത്ത വികസന പ്രവർത്തനങ്ങളും ക്ഷേമ പദ്ധതികളുമാണ് കേരളത്തിലുണ്ടായത്. എന്നാൽ, എതിരാളികൾ അഴിച്ചുവിട്ട വ്യാജ പ്രചാരണങ്ങൾ തിരുത്തുന്നതിൽ പാർട്ടിക്ക് ജാഗ്രതക്കുറവുണ്ടായി. ഊർജസ്വലമായ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാനാണ് വിപുലീകരിച്ച സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. പൗരാവകാശങ്ങൾ സംരക്ഷിക്കാൻ ചെങ്കൊടി പ്രസ്ഥാനം എന്നും മുൻപന്തിയിലുണ്ടാകും. കള്ളക്കഥകളെഴുതി സി.പി.എമ്മിനെ തകർക്കാമെന്ന് ആരും കരുതേണ്ടതില്ല. ജനങ്ങളുടെ പ്രസ്ഥാനമായി സി.പി.എം. മുന്നോട്ടുപോകുമെന്നും ബേബി കൂട്ടിച്ചേർത്തു.