‘വൈറൽ പാരഡിപ്പാട്ട് ഉൾപ്പെടെയുള്ളവ നേരിടുന്നതിൽ വീഴ്ചപറ്റി; മന്ത്രിമാർ കൂടുതൽ ഊർജസ്വലരാവണം’

#പി.കെ. മണികണ്ഠൻ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: മന്ത്രിമാർക്ക് ഉദ്യോഗസ്ഥമനോഭാവമെന്ന് സിപിഎമ്മിൽ വിമർശനം. തദ്ദേശതിരഞ്ഞെടുപ്പ് തിരിച്ചടിയിൽനിന്ന് പാഠമുൾക്കൊണ്ട് കൂടുതൽ ഊർജസ്വലരാവാനാണ് നിർദേശം. തദ്ദേശതിരഞ്ഞെടുപ്പ് അവലോകനത്തിനായി ചേർന്ന സംസ്ഥാനകമ്മിറ്റിയോഗത്തിലായിരുന്നു ചർച്ച.

മന്ത്രിമാരെല്ലാം സ്വന്തംവകുപ്പിൽ ഒതുങ്ങിപ്പോകുന്നു. സർക്കാരിനെയോ പാർട്ടിയെയോ ബാധിക്കുന്ന പൊതുപ്രശ്നങ്ങളിൽ ഇടപെടുകയോ പ്രതികരിക്കുകയോ ചെയ്യുന്നില്ല. സർക്കാരിനും പാർട്ടിക്കും നേരേ രാഷ്ട്രീയമായ കടന്നാക്രമണമുണ്ടാവുമ്പോൾ മന്ത്രിമാർ അതിനെ നേരിടാൻ വേണ്ടത്ര മുൻകൈയെടുക്കുന്നില്ല. സർക്കാരിന്റെ വികസനനേട്ടം പ്രചരിപ്പിക്കാൻ കാര്യമായി ഇടപെടുന്നില്ല.

സ്വന്തംവകുപ്പിലെ പ്രവർത്തനങ്ങളും നേട്ടങ്ങളും കൂടുതലായി പ്രചരിപ്പിക്കാൻ മന്ത്രിമാർ തയ്യാറാവണം. ഇതിനായി പത്രസമ്മേളനങ്ങളും മറ്റുമായി മാധ്യമങ്ങളുമായി നിരന്തരം സംവദിക്കണം. പാർട്ടിയെയും സർക്കാരിനെയും ബാധിക്കുന്ന പ്രശ്നങ്ങൾ ഉയർന്നുവരുമ്പോൾ അതിനെ പ്രതിരോധിക്കാൻ സാമൂഹികമാധ്യമങ്ങളിൽ മന്ത്രിമാരും എംഎൽഎമാരുമൊക്കെ പ്രതികരിക്കണം.

ഇതിനുപുറമേ, മികച്ച പെരുമാറ്റവും ഇടപെടലുമായി മന്ത്രി ഓഫീസുകളും കൂടുതൽ ജനകീയമാക്കാനാണ് നിർദേശം. സാമൂഹികമാധ്യമപ്രചാരണം ഊർജിതമാക്കാനും തീരുമാനിച്ചു. തദ്ദേശതിരഞ്ഞെടുപ്പിൽ ശബരിമല വൈറൽ പാരഡിപ്പാട്ട് ഉൾപ്പെടെയുള്ളവ നേരിടുന്നതിൽ സാമൂഹികമാധ്യമവിഭാഗത്തിന് വീഴ്ചസംഭവിച്ചെന്നാണ് വിമർശനം.

Content Highlights: CPM Critiques Ministerial Inaction Post Local Poll Setback