സക്കീര്‍ ഹുസൈന്‍ 10 വര്‍ഷത്തിനിടെ 5 വീടുകൾ വാങ്ങി; സിപിഎം അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്

കൊച്ചി: സിപിഎം കളമശ്ശേരി മുന്‍ ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ അനധികൃത സ്വത്ത് സമ്പാദനം നടത്തിയതായി സിപിഎം റിപ്പോര്‍ട്ട്. സക്കീര്‍ ഹുസൈനെതിരെയുള്ള അച്ചടക്ക നടപടിയില്‍ സിപിഎം തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. സക്കീറിനെതിരെ ഒമ്പത് പ്രധാനപ്പെട്ട കണ്ടെത്തലുകളാണ് സിപിഎം അച്ചടക്ക നടപടി റിപ്പോര്‍ട്ടിലുള്ളത്. മാതൃഭൂമി ന്യൂസാണ് റിപ്പോർട്ട് പുറത്തുവിട്ടത്.
രണ്ട് സെന്റ് സ്ഥലത്തുണ്ടായിരുന്ന വീട്ടില്‍ താമസിച്ചിരുന്ന സക്കീര്‍ ഹുസൈന്‍ 10 വര്‍ഷത്തിനിടെ അഞ്ച് വീടുകളാണ് സ്വന്തമാക്കിയത്. 76 ലക്ഷം രൂപയ്ക്കാണ് ഒടുവില്‍ വീട് വാങ്ങിയത്. ഇതിന് വേണ്ടി 65 ലക്ഷം വായ്പയെടുത്തു. പുതിയ വീടിനും മുന്‍പ് വാങ്ങിച്ച വീടുകള്‍ക്കുമായി ബാങ്കിലെ തിരിച്ചടവിന് സക്കീറിന്റെയും ഭാര്യയുടേയും വരുമാനം പോരാ.
2016ല്‍ നടത്തിയ വിദേശയാത്ര സക്കീര്‍ ഹുസൈന്‍ മറച്ചുവെച്ചു. പാര്‍ട്ടി ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ദുബായിലേക്കാണെന്ന് തെറ്റിദ്ധരിപ്പിച്ചു. ബാങ്കോക്കിലേക്കാണ് സക്കീര്‍ ഹുസൈന്‍ പോയതെന്ന് പാര്‍ട്ടി അന്വേഷണത്തില്‍ കണ്ടെത്തി. ഇതിന് പാര്‍ട്ടിയുടെ അനുമതി വാങ്ങിയില്ല.
സക്കീര്‍ പ്രസിഡന്റായിരുന്ന കളമശ്ശേരി ഓട്ടോ സൊസൈറ്റിക്ക് ജില്ലാ ബാങ്കില്‍ ഒന്നേകാല്‍ കുടിശ്ശികയുണ്ട്.
പാര്‍ട്ടിയോട് സത്യസന്ധത പുലര്‍ത്തിയില്ലെന്നും പാര്‍ട്ടിക്ക് ചേരാത്തവിധം സ്വത്ത് സമ്പാദനം നടത്തുകയും ചെയ്തു. ഇതുവഴി പാര്‍ട്ടിക്ക് പൊതുജനമധ്യത്തില്‍ അവമതിപ്പുണ്ടാക്കി.
സക്കീറിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ കളമശ്ശേരി ഏരിയ കമ്മിറ്റിയുടെ ഭാഗത്തുനിന്ന് പരിശോധന ഉണ്ടായിട്ടില്ലെന്നും സംഘടനാവീഴ്ച സംഭവിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
Content Highlights: CPIM Disciplinary action Report against CPI(M)'s Zakir Hussain
Content Highlights: