സിപിഐ ജില്ലാ സെക്രട്ടറിയെ തെറിപ്പിച്ച പോരാട്ടം, പിന്നാലെ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടു; രാജിവെച്ച് ശ്രീനാദേവിക്കുഞ്ഞമ്മ

ശ്രീനാദേവിക്കുഞ്ഞമ്മ | Photo: facebook.com/sreenadevig
ശ്രീനാദേവിക്കുഞ്ഞമ്മ | Photo: facebook.com/sreenadevig

പത്തനംതിട്ട: ആത്മഹത്യാപ്രേരകമായ വ്യക്തിഹത്യവരെയുണ്ടായത് ചൂണ്ടിക്കാട്ടി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് പരാതി നല്‍കിയിട്ടും അദ്ദേഹം മൗനംപാലിച്ചു എന്നതുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉന്നയിച്ച് ജി. ശ്രീനാദേവിക്കുഞ്ഞമ്മ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് മെമ്പര്‍ സ്ഥാനം രാജിവെച്ചു.

പള്ളിക്കല്‍ ഡിവിഷനില്‍ നിന്നുള്ള പ്രതിനിധിയാണ്. എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയംഗമായ ശ്രീനാദേവി ഈ സ്ഥാനവും രാജിവെച്ചിട്ടുണ്ട്. സിപിഐയില്‍ വിശ്വാസം നഷ്ടപ്പെട്ടെന്നും പുറത്തേക്കുള്ള വഴി തുറന്നത് പാര്‍ട്ടി തന്നെയാണെന്നും തുറന്നടിച്ച ശ്രീനാദേവി കോണ്‍ഗ്രസിലേക്ക് മാറുമോ എന്ന ചോദ്യത്തിന് നിലവില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് മറുപടി പറഞ്ഞു.

ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥിയായ നാള്‍ മുതല്‍ പാര്‍ട്ടിയിലെ ഉയര്‍ന്ന സ്ഥാനത്തിരിക്കുന്നവരില്‍ നിന്നുണ്ടായ വാക്കുകളും പ്രവര്‍ത്തികളും മാനസികമായി സമ്മര്‍ദത്തിലാക്കി. പാര്‍ട്ടി മുന്‍ ജില്ലാ സെക്രട്ടറിക്കെതിരേ പരാതി നല്‍കിയത് കാരണമാണ് തനിക്ക് അര്‍ഹതപ്പെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നിഷേധിക്കപ്പെട്ടതെന്നും ശ്രീനാദേവിക്കുഞ്ഞമ്മ പറഞ്ഞു. ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കും പ്രസിഡന്റിനുമാണ് രാജി സമര്‍പ്പിച്ചത്.

രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ സാങ്കല്‍പ്പിക ഇരകളെ സൃഷ്ടിക്കാന്‍ ശ്രമമെന്നും തന്നെ ഇരയാക്കാന്‍ ഒരു ചാനല്‍ ശ്രമിച്ചെന്നും ശ്രീനാദേവി നേരത്തേ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടിരുന്നു. ഇത് പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പിനിടയാക്കി. ശ്രീനാദേവി പാര്‍ട്ടിയില്‍ നിലവില്‍ അംഗമല്ലെന്നാണ് ജില്ലാ നേതാക്കള്‍ വ്യക്തമാക്കിയത്.

രണ്ട് മാസമായി പാര്‍ട്ടി അംഗത്വം നിഷേധിക്കപ്പെട്ടത് തിരികെ ലഭിക്കാനായി ജില്ലാ സെക്രട്ടറിക്കും സംസ്ഥാന സെക്രട്ടറിക്കും പരാതി നല്‍കിയെങ്കിലും യാതൊരു സംരക്ഷണവും നല്‍കാന്‍ നേതൃത്വം തയ്യാറാകാത്തതിലാണ് രാജിയെന്നും ശ്രീനാദേവി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സിപിഐ ജില്ലാ സെക്രട്ടറിയെ തെറിപ്പിച്ച പോരാട്ടം, പിന്നാലെ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടു

പത്തനംതിട്ട: സിപിഐ ജില്ലാ സെക്രട്ടറിയായിരുന്ന എ.പി. ജയനെതിരായ പോരാട്ടങ്ങളില്‍ പാര്‍ട്ടിയിലെ ഒരുവിഭാഗം മുഖമാക്കിയത് ശ്രീനാദേവിക്കുഞ്ഞമ്മയെ ആയിരുന്നു. കരുക്കള്‍ നീക്കിയവര്‍ പടയൊരുക്കങ്ങളിലെല്ലാം പോരാളിയാകാന്‍ മടിച്ചും പേടിച്ചും നിന്നപ്പോള്‍ വനിതയെന്ന പരിമിതികളെ വലിച്ചെറിഞ്ഞ് ശ്രീന പോരാടി.

അനധികൃത സ്വത്ത് സമ്പാദനത്തില്‍ എ.പി. ജയനെതിരേ അവര്‍ പരാതികള്‍ ഉന്നയിച്ചു. പാര്‍ട്ടിയുടെ നേതൃതലത്തിന്റെ അങ്ങേയറ്റം വരെ കാര്യങ്ങള്‍ ബോധിപ്പിച്ചു. അതെല്ലാം രേഖാമൂലമാക്കി. അന്വേഷണങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവില്‍ എ.പി. ജയന്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നും തെറിച്ചു.

പാര്‍ട്ടിയിലെ ആളും ആരവവും ശ്രീനാദേവിയ്‌ക്കൊപ്പം കൂടി ഇത് ആഘോഷമാക്കിയെങ്കിലും പിന്നീടിങ്ങോട്ട് അവര്‍ പതുക്കെ പതുക്കെ ഒറ്റപ്പെട്ടു. കൂടെ നിന്നവരോരുത്തരായി പുതിയ സമവാക്യങ്ങളുണ്ടാക്കി രക്ഷാപക്ഷങ്ങളിലേക്ക് ചേക്കേറി. വെച്ചുനീട്ടി മോഹിപ്പിച്ചിരുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നഷ്ടമായി. എ.പി. ജയന്‍ പാര്‍ട്ടിയില്‍ മോഹപദവികളിലേക്ക് മടങ്ങിയെത്തി. സംഘടനയില്‍ ഉള്ളവളായും ഇല്ലാത്തവളായും ശ്രീന കുറേക്കാലംകൂടി കഴിഞ്ഞു. ഒടുവില്‍ തിങ്കളാഴ്ച നല്ലദിവസമാക്കി അവര്‍ സിപിഐയുടെ പടിയിറങ്ങി.

'പദവികളെ അലങ്കാരമാക്കി' നിലകൊള്ളുന്ന നേതൃനിരയുടെ നിശബ്ദതയാണ് രാജി തീരുമാനത്തിന് പിന്നിലെന്ന് തുറന്നടിച്ചാണ് ശ്രീനാദേവിക്കുഞ്ഞമ്മ ജില്ലാ പഞ്ചായത്തില്‍നിന്ന് പടിയിറങ്ങിയത്. സ്ഥാനമാനങ്ങള്‍ നിലനിര്‍ത്താനും അധികാരത്തിന്റെയും കപട ആദര്‍ശത്തിന്റെയും ചൂതാട്ടത്തില്‍ അഭിരമിക്കാന്‍ വെമ്പല്‍ കൊള്ളുകയാണ് നേതൃനിരയെന്ന ആരോപിച്ച ശ്രീനാദേവിയുടെ രാജി സിപിഐ ജില്ലാ നേതൃത്വത്തിന് അപ്രതീക്ഷിതമായിരുന്നില്ല.

രാഹുല്‍ മാങ്കൂട്ടം വിഷയത്തില്‍ ശ്രീനാദേവി സമൂഹമാധ്യമത്തില്‍ നടത്തിയ പ്രതികരണം പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പുണ്ടാക്കിയപ്പോള്‍, ശ്രീന പാര്‍ട്ടിയിലെ ആരുമല്ലെന്നായിരുന്നു നേതാക്കളില്‍ ഒരാളുടെ നിലപാട്.

സിപിഐയ്ക്ക് ജില്ലാ പഞ്ചായത്തില്‍ രണ്ട് അംഗങ്ങളായിരുന്നു. പള്ളിക്കലില്‍നിന്ന് ശ്രീനാദേവിക്കുഞ്ഞമ്മയും ആനിക്കാട്‌നിന്ന് രാജി പി.രാജപ്പനും. ആദ്യടേമില്‍ രാജി പി.രാജപ്പന് വൈസ് പ്രസിഡന്റ് സ്ഥാനവും ഭരണസമിതിയുടെ കാലയളവില്‍ ഒരുവര്‍ഷം ശ്രീനയ്ക്ക് പ്രസിഡന്റ് സ്ഥാനവും നല്‍കുമെന്നായിരുന്നു മുന്നണി ധാരണ.

എന്നാല്‍ സിപിഐയില്‍ ഉടലെടുത്ത വിഭാഗീയത മുന്നണി ധാരണ തെറ്റിച്ചു. മുന്നണിയിലെ തീരുമാനം നടപ്പാവാതെ, 2024 മാര്‍ച്ചില്‍ രാജി പി.രാജപ്പന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി. ഇതിനുശേഷം പാര്‍ട്ടി പരിപാടികളില്‍ പങ്കെടുപ്പിച്ചിട്ടില്ലെന്നും പൊതുപരിപാടികളില്‍ അനൗദ്യോഗിക വിലക്കേര്‍പ്പെടുത്തിയെന്നും ശ്രീന പറയുന്നുണ്ട്.

സിപിഐ ജില്ലാ സമ്മേളനത്തില്‍ ശ്രീനാദേവി പ്രതിനിധിയായിരുന്നില്ല. എഐവൈഎഫ് സംസ്ഥാനകമ്മിറ്റിയില്‍നിന്നും 2025 ജനുവരിയില്‍ പുറത്താക്കപ്പെട്ടെങ്കിലും രണ്ട് മാസത്തിനുശേഷം തിരിച്ചെടുത്തു. തുടര്‍ന്ന് പാര്‍ട്ടി അംഗത്വവും നഷ്ടമായി. ഒരുവനിതയുടെ അഭിമാനം ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യങ്ങളെ അകത്തളങ്ങളില്‍ നിശബ്ദമാക്കാനാണ് നേതൃത്വം തീരുമാനിച്ചതെന്ന് അവര്‍ ആരോപിച്ചു. തന്നെ തിരഞ്ഞെടുത്ത വോട്ടര്‍മാരോടുളള ഉത്തരവാദിത്ത്വത്തിന്റെ ഭാഗമായാണ് രാജിപ്രഖ്യാപനം വൈകിയതെന്നും അറിയിച്ചു.

2020-ലെ തിരഞ്ഞെടുപ്പില്‍ പള്ളിക്കലില്‍നിന്ന് 5861 വോട്ടിന്റെ വലിയ ഭൂരിപക്ഷത്തിലായിരുന്നു വിജയം. ചുവടുമാറ്റം എങ്ങോട്ടെന്ന് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വരുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തീരുമാനമെടുത്താല്‍ പള്ളിക്കലില്‍ നിന്നുതന്നെ സ്ഥാനാര്‍ഥിയാകാനും സാധ്യത ഏറെയാണ്.

Content Highlights: Discover the dramatic resignation of CPI leader Sreenadevi Kunjamma from the district panchayat, exposing internal party struggles and leadership flaws. Read the full story.