വയനാട്ടുകാരോടുള്ള അനീതി, രാഷ്ട്രീയധാര്‍മികതയ്ക്ക് ചേരാത്ത പ്രവൃത്തി- രാഹുലിനെതിരേ ആനി രാജ

കോഴിക്കോട്: റായ് ബറേലി മണ്ഡലത്തെ നിലനിര്‍ത്തി വയനാടിനെ ഉപേക്ഷിക്കാനുള്ള കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നീക്കത്തെ രൂക്ഷമായി വിമര്‍ശിച്ച് സി.പി.ഐ. നേതാവ് ആനി രാജ. വയനാട് മണ്ഡലത്തില്‍ ആനിയെ 3,64,422 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു രാഹുലിന്റെ വിജയം.
വയനാടില്‍ ഇനിയെന്ത് എന്ന് കോണ്‍ഗ്രസ് പറയണമെന്ന് ആനി രാജ ആവശ്യപ്പെട്ടു. രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുന്നുവെന്ന കാര്യം തുടക്കത്തിലേ മണ്ഡലത്തിലുള്ളവരോട് പറയണമായിരുന്നു. മണ്ഡലത്തിലെ ജനങ്ങളോടുള്ള അനീതി ആണിതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കോഴിക്കോട്ട് മാധ്യമങ്ങളെ കാണുകയായിരുന്നു ആനി രാജ.
രാഷ്ട്രീയ ധാര്‍മികതയ്ക്ക് ചേരാത്ത പ്രവര്‍ത്തിയാണിതെന്നും ആനി രാജ വിമര്‍ശിച്ചു. ഇന്ന് നിലവിലുള്ള ജനാധിപത്യ വ്യവസ്ഥയില്‍, രണ്ട് മണ്ഡലത്തില്‍ മത്സരിക്കാം എന്നുണ്ട്. ഇത് വേണോ വേണ്ടയോ എന്നതൊക്കെ ചര്‍ച്ച ചെയ്യേണ്ട കാര്യമാണെന്നും അവര്‍ പറഞ്ഞു. വയനാട്ടില്‍ തിരഞ്ഞെടുപ്പ് അവലോകനം നടക്കുന്നതേ ഉള്ളൂ. ഉപതിരഞ്ഞെടുപ്പ് ചര്‍ച്ചയായില്ല. ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം പാര്‍ട്ടിയും മുന്നണിയും തീരുമാനിക്കുമെന്നും ആനി രാജ കൂട്ടിച്ചേര്‍ത്തു.
Content Highlights: cpi leader and opponent in loksabha election criticises rahul gandhi