ആർഎസ്എസ് പ്രധാനസംഘടനയെന്ന പരാമർശം; ഷംസീറിനെതിരെ സിപിഐ, ഗാന്ധിവധം ഓർമിപ്പിച്ച് ബിനോയ് വിശ്വം

ബിനോയ് വിശ്വം, എ.എന്‍. ഷംസീര്‍ | Photo: Mathrubhumi
ബിനോയ് വിശ്വം, എ.എന്‍. ഷംസീര്‍ | Photo: Mathrubhumi

കോഴിക്കോട്: ആര്‍.എസ്.എസ്. ഇന്ത്യയിലെ പ്രധാനസംഘടനയാണെന്ന സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ പ്രസ്താവനയ്‌ക്കെതിരെ സി.പി.ഐ. മഹാത്മാഗാന്ധി വധത്തിന്റെ പേരില്‍ നിരോധിക്കപ്പെട്ട സംഘടനയാണ് അര്‍.എസ്.എസ്. എന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഓര്‍മിപ്പിച്ചു.

ഗാന്ധി വധത്തില്‍ നിരോധിക്കപ്പെട്ട സംഘടന പ്രധാനപ്പെട്ടതെന്ന് പറയുമ്പോള്‍, ആ പ്രാധാന്യം എന്താണെന്ന ചോദ്യമുണ്ടാവുന്നു. ഷംസീറിനെപ്പോലെയൊരാള്‍ ആ പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നു. പ്രസ്താവന ഒരുപാട് ദുര്‍വ്യാഖ്യാനങ്ങള്‍ക്ക് ഇടയാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആര്‍.എസ്.എസ്. നേതാക്കളുമായുള്ള എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിന്റെ കൂടിക്കാഴ്ചയിലും അദ്ദേഹം വിമര്‍ശനം ആവര്‍ത്തിച്ചു. കേരളത്തിന്റെ എ.ഡി.ജി.പി. ആര്‍.എസ്.എസ്. മേധാവികളുമായി ഊഴംവെച്ച് പോയി കണ്ട് സംസാരിക്കാന്‍ എന്താണ് കാര്യമുള്ളതെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ ചോദ്യം.

ഷംസീറിനെ ആര്‍.എസ്.എസ്. നിരോധനം ഓര്‍മപ്പെടുത്തി മന്ത്രി എം.ബി. രാജേഷും രംഗത്തെത്തിയിരുന്നു. ആര്‍.എസ്.എസ്. നേതാക്കളെ കണ്ടത് ഷംസീര്‍ ന്യായീകരിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ നിരോധിച്ച സംഘടനയാണ് ആര്‍.എസ്.എസ്. എന്നായിരുന്നു രാജേഷിന്റെ മറുപടി. ആര്‍.എസ്.എസ്. വര്‍ഗീയ സംഘടനയാണെന്നായിരുന്നു കെ.എന്‍. ബാലഗോപാലും പ്രതികരിച്ചിരുന്നു.

Content Highlights: CPI against Kerala speaker