സിപിഐ ജില്ലാസമ്മേളനങ്ങൾ: ഒഴിവാക്കപ്പെട്ടവരിൽ ഏറെയും കാനംപക്ഷത്തെ പ്രതാപികൾ

#സോബിത്ത് സോമൻ
പ്രതീകാത്മക ചിത്രം | ANI
പ്രതീകാത്മക ചിത്രം | ANI

കോഴിക്കോട്: സിപിഐയുടെ പതിനൊന്ന് ജില്ലാസമ്മേളനങ്ങൾ പൂർത്തിയാവുമ്പോൾ പ്രായപരിധിയുടെ പേരിൽ വിവിധ ജില്ലാ കൗൺസിലുകളിൽനിന്ന് ഒഴിവാക്കപ്പെട്ടവരിൽ ഏറെയും പഴയ കാനംപക്ഷത്തെ പ്രതാപികൾ. എന്നാൽ, ഒരു വനിതാസെക്രട്ടറി ഉൾപ്പെടെ അൻപതുവയസ്സിനുതാഴെയുള്ള രണ്ടു ജില്ലാസെക്രട്ടറിമാരെ തിരഞ്ഞെടുത്തതിലൂടെ വിമർശനങ്ങൾക്ക് തടയിടാൻ സംസ്ഥാനനേതൃത്വത്തിന് ഒരു പരിധിവരെ സാധിച്ചു. തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട സമ്മേളനങ്ങളാണ് ഇനി നടക്കാനുള്ളത്.

തിരുവനന്തപുരം സെക്രട്ടറിയായി മാങ്കോട് രാധാകൃഷ്ണൻ തുടരാനാണ് സാധ്യത. കോട്ടയം സെക്രട്ടറി വി.ബി. ബിനു അറുപത്തിയഞ്ചുവയസ്സ് പൂർത്തിയായതിനാൽ ഒഴിയും. കടുത്ത വിഭാഗീയപ്രശ്നങ്ങളെത്തുടർന്ന് പത്തനംതിട്ട ജില്ലാസെക്രട്ടറിയായിരുന്ന എ.പി. ജയനെതിരേ നടപടിയെടുത്തത് ഈ സമ്മേളനക്കാലത്താണ്. ജയനു പകരം സംസ്ഥാന നിർവാഹകസമിതിയംഗവും കോട്ടയംജില്ലക്കാരനുമായ സി.കെ. ശശിധരനാണ് നിലവിൽ സെക്രട്ടറി. ശശിധരന്റെ പിൻഗാമിയായി പത്തനംതിട്ടയിൽനിന്നുതന്നെയുള്ള സെക്രട്ടറി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജില്ലാസമ്മേളനങ്ങൾ 16-ന് പൂർത്തിയാകും.

പതിനൊന്ന് ജില്ലാസമ്മേളനങ്ങളിലും പാർട്ടിയുടെ മന്ത്രിമാർക്കെതിരേ, ചർച്ചയിൽ പങ്കെടുത്ത പ്രതിനിധികൾ രൂക്ഷവിമർശനമാണ് ഉയർത്തിയത്. സ്വന്തം ജില്ലകളിൽപ്പോലും സിപിഐ മന്ത്രിമാർക്ക് വിമർശനങ്ങളിൽനിന്ന് മോചനമുണ്ടായില്ല. സെപ്റ്റംബർ എട്ടിന് ആലപ്പുഴയിൽ തുടങ്ങുന്ന സംസ്ഥാനസമ്മേളനം പാർട്ടിനേതൃത്വത്തിനെതിരേയും സർക്കാരിനെതിരേയുമുള്ള വിമർശനങ്ങൾക്ക് വേദിയാകുമെന്ന സൂചനയാണ് ജില്ലാസമ്മേളനങ്ങൾ നൽകുന്നത്. സംസ്ഥാനത്ത് ഭരണമുള്ള കാലത്തെല്ലാം സമ്മേളനങ്ങളിൽ മന്ത്രിമാർക്കെതിരേ വിമർശനമുണ്ടാകുന്നത് സിപിഐയിൽ പതിവാണ്.

വിമർശനത്തെയും സ്വയം വിമർശനത്തെയും സ്വാഗതംചെയ്യുന്നതാണ് സിപിഐ രീതിയെങ്കിലും ഈ സമ്മേളനകാലത്ത് വിമർശനങ്ങൾ പലതരത്തിലായിരുന്നു. മുഖ്യമന്ത്രി, സിപിഎം മന്ത്രിമാർ, എസ്എഫ്‌ഐ തുടങ്ങി സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദനിലേക്കുവരെ വിമർശനശരങ്ങൾ നീണ്ടു. കാനം രാജേന്ദ്രന്റെ പകരക്കാരനായെത്തിയ സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വത്തിന് കേൾക്കേണ്ടിവന്നതും കടുത്തഭാഷയിലുള്ള എതിർസ്വരങ്ങളാണ്.

Content Highlights: Several veteran leaders excluded, new district secretaries elected amid criticism