വിലക്കയറ്റം, ക്ഷേമപെന്‍ഷന്‍, അഴിമതി; ഇടതുഭരണത്തില്‍ ജനം നിരാശരാണെന്ന വിമര്‍ശനവുമായി CPI

കെ.കെ ശിവരാമന്‍ | ഫോട്ടോ : ബിനോജ് പി.പി|മാതൃഭൂമി
കെ.കെ ശിവരാമന്‍ | ഫോട്ടോ : ബിനോജ് പി.പി|മാതൃഭൂമി

ഇടുക്കി: ലോക്‌സഭ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ഭരണപക്ഷത്തിന്റെ വീഴ്ച ചൂണ്ടിക്കാട്ടി സി.പി.ഐ. തിരഞ്ഞെടുപ്പ് പരാജയം ഇടതുപക്ഷത്തിന്റെ പരാജയമെന്നും ഇടതുപക്ഷസര്‍ക്കാരിന്റെ ഭരണത്തില്‍ ജനം നിരാശരാണെന്നും സി.പി.ഐ. കൗണ്‍സിലംഗം കെ. കെ. ശിവരാമന്‍. വിലക്കയറ്റം തടയാന്‍ വിപണിയില്‍ ഇടപെടല്‍ നടത്താന്‍ കഴിയാത്തതും ക്ഷേമപെന്‍ഷന്‍ മുടങ്ങിയതും ഉദ്യോഗസ്ഥതലത്തില്‍ നടക്കുന്ന അഴിമതിയും തിരിച്ചടിയായെന്ന് കെ.കെ. ശിവരാമന്‍ പറഞ്ഞു. 

ജനങ്ങള്‍ നിരാശരായിരുന്നു എന്നാണ് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്, ഇടതുപക്ഷജനാധിപത്യ ഗവണ്‍മെന്റില്‍ നിന്നും അവര്‍ പ്രതീക്ഷിക്കുന്നത് ലഭിക്കുന്നില്ലായെന്ന വികാരം സാധാരണ വോട്ടര്‍മാര്‍ക്കുണ്ടായിരുന്നുവെന്ന് തനിക്ക് തോന്നുന്നത്, ശിവരാമന്‍ പറഞ്ഞു. സാമൂഹ്യക്ഷേമപെന്‍ഷന്റെ കാര്യത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ 18 മാസ കുടിശ്ശിക വരുത്തിയിരുന്നെങ്കിലും ഇടതുപക്ഷജനാധിപത്യമുന്നണി ആറ് മാസം കുടിശ്ശിക വരുത്തിയാല്‍ അത് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന മനസ്സല്ല ഈ പാവപ്പെട്ട ജനങ്ങളുടേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതുപോലെ മാവേലി സ്‌റ്റോറുകളുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളും തിരിച്ചടിയായി. കമ്പോളത്തില്‍ ഫലപ്രദമായി ഇടപെട്ട് വിലക്കയറ്റം തടയാനുള്ള നടപടികള്‍ സ്വീകരിച്ച് ജനങ്ങളുടെ താങ്ങും തണലുമായി സര്‍ക്കാര്‍ മാറേണ്ടതാണ്. അത്തരം കാര്യങ്ങളിലെല്ലാം ജനങ്ങള്‍ക്ക് വല്ലാത്ത നിരാശയും അസംപ്തൃപ്തിയും ഉണ്ടായിരുന്നുവെന്നും ശിവരാമന്‍ പ്രതികരിച്ചു. 
 

Content Highlights: CPI council member K K Sivaraman responds, Lok Sabha Election