'ഇതുവരെ ശ്രീ വിജയൻ ഇനി മുതൽ വിജയൻ ശ്രീ, ശ്രിന്താബാദ്' CPI-യെ സ്വാഗതം ചെയ്തും CPM-നെ പരിഹസിച്ചും പ്രതിപക്ഷം

തിരുവനന്തപുരം: പിഎംശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പിട്ടതിനെച്ചൊല്ലി ഇടതു മുന്നണിയിൽ ഇടഞ്ഞു നിൽക്കുന്ന സിപിഐയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്തും സിപിഎമ്മിനെ പരിഹസിച്ചും കോൺഗ്രസ് നേതാക്കൾ. എൽഡിഎഫിൽ അഭിപ്രായ വ്യത്യാസം തുടരുന്ന പശ്ചാത്തലത്തിൽ സിപിഐയെ യുഡിഎഫ് കൺവീനർ മുന്നണിയിലേക്ക് സ്വാഗതം ചെയ്തിരുന്നു.
എൽഡിഎഫ് വിട്ടാൽ സിപിഐ വഴിയാധാരമാകില്ലെന്ന് വി.ടി. ബൽറാം ഫെയ്സ്ബുക്കിൽ കുറിച്ചു. മുന്നണിയിൽ ആലോചിക്കാതെ പിഎംശ്രീ പദ്ധതിയിൽ ഒപ്പിട്ടതിന് പിന്നാലെ മുന്നണി പോകേണ്ട വഴി ഇതല്ല എന്ന് ബിനോയ് വിശ്വം തുറന്നടിടച്ചിരുന്നു. ഈ ബോധ്യമുള്ളവർക്ക് മുമ്പിൽ രണ്ടു വഴികളാണുള്ളതെന്നും ഒന്ന് മുന്നണിയുടെ വഴിപിഴച്ച പോക്കിനെ തിരുത്തുക എല്ലെങ്കിൽ മുന്നണിയിൽ നിന്ന് പുറത്തേക്കുള്ള വഴി തേടുക എന്നും വി.ടി. ബൽറാം കുറിച്ചു.
ഇതുവരെ ശ്രീ വിജയൻ, ഇനി മുതൽ വിജയൻ ശ്രീ എന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പരിഹസിച്ചു. ശ്രീ പിഎം ശ്രിന്താബാദ് എന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. ഗർഭഛിദ്ര വിവാദത്തിന് പിന്നാലെ രാഷ്ട്രീയത്തിൽ വീണ്ടും സജീവമാകാനൊരുങ്ങുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ.
പ്രതിപക്ഷ നിരയിൽ നിന്ന് മാത്രമല്ല സാംസ്കാരിക മേഖലയിൽ നിന്നും സിപിഎമ്മിനെതിരേ വിമർശനമുയരുന്നുണ്ട്.
"സ്റ്റാലിനും മമതയും മാതൃകകള്‍ ആയിട്ടല്ല, പക്ഷേ ചിലപ്പോള്‍ നിലപാടുകള്‍ നിര്‍ണ്ണായകമാവുന്നു" എന്ന് എഴുത്തുകാരൻ സച്ചിദാനന്ദൻ കുറിച്ചു.
"കാലം കാത്തിരിക്കയാണ്, കമ്യൂണിസത്തിന് ഹിന്ദുത്വയിലുണ്ടാവുന്ന പി എംശ്രീകുട്ടികൾക്കായി" എന്ന് എഴുത്തുകാരി സാറാ ജോസഫ് കുറിച്ചു.
മുന്നണിയില്‍ സിപിഐ പുറത്തുവരണമെന്ന സൂചന നല്‍കി യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കി ഫെയ്‌സ്ബുക്ക് പോസ്റ്റ് പങ്കുവെച്ചു. എംഎന്‍ വിജയന്റെ ഉദ്ധരണി പങ്കുവെച്ചുകൊണ്ടാണ് അബിന്‍ വര്‍ക്കി സിപിഐയെ വിമര്‍ശിച്ചത്.
' കാക്ക കാലിന്റെ പോലും തണല്‍ ഇല്ലാത്ത രക്തഗന്ധം വമിക്കുന്ന ആ ശ്മശാന ഭൂമിയില്‍ നിന്നും ജീര്‍ണ്ണതയുടെ അഴുകിയ വസ്ത്രങ്ങള്‍ അഴിച്ച് വച്ച് പ്രതീക്ഷയുടെ പുത്തന്‍ വസ്ത്രങ്ങള്‍ അണിയാന്‍ നിങ്ങള്‍ തയ്യാറാകണം. '-വിജയന്‍ മാഷ്
കേരളത്തിലെ ഏറ്റവും മികച്ച മുഖ്യമന്ത്രിമാരില്‍ ഒരാളായിരുന്ന സി അച്യുതമേനോന്റെ പാര്‍ട്ടിക്ക്, നിലപാടുകളിലൂടെ സിപിഐയെ വാനോളം ഉയര്‍ത്തിയ സി കെ ചന്ദ്രപ്പന്റെ പാര്‍ട്ടിക്ക് , ആദര്‍ശത്തിലൂടെ പാര്‍ട്ടിയെ നയിച്ച വെളിയം ഭാര്‍ഗവന്റെ പാര്‍ട്ടിക്ക് ഇങ്ങനെയൊരു ഗതികേടിന്റെ ആവശ്യമുണ്ടോ?- അബിന്‍ വര്‍ക്കി കുറിച്ചു.
സിപിഎമ്മിന്റെയും സിഎമ്മിന്റെയും ശ്രീ പിഎമ്മും ബിജെപിയുമാണെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു.
Content Highlights: Congress leaders welcome CPI to UDF amid P M SHRI project disagreement with CPM