കുഞ്ഞു സത്യനെ ജയില്‍പ്പുള്ളിയാക്കിയ കരിക്കൊടി സമരം; സിപിഐ ജന്മശതാബ്ദിയിൽ സമരനേതാക്കള്‍ക്ക് ആദരം

#കെ.വി. കല
സത്യന്‍
സത്യന്‍

തൃശ്ശൂര്‍: അന്തിക്കാട് കരിക്കൊടി ചിരുകണ്ടത്ത് സത്യന് കൈക്കുഞ്ഞായിരിക്കേത്തന്നെ കിട്ടിയ വിളിപ്പേരാണ് 'ജയില്‍പ്പുള്ളി' എന്നത്. കൂട്ടുകാര്‍ കളിയാക്കി ആ പേര് വിളിക്കുമ്പോള്‍ കുഞ്ഞുസത്യന്‍ അമ്മ നാരായണിയോട് സങ്കടം പറയും. കട്ടിട്ടോ കൊന്നിട്ടോ ഒന്നുമല്ലല്ലോ. നാടിനുവേണ്ടിയല്ലേ ജയിലില്‍പ്പോയതെന്ന നാരായണിയുടെ മറുപടിയില്‍ അവന്‍ ആശ്വസിക്കും. വളര്‍ന്നപ്പോള്‍ പക്ഷേ, അവനാ വിളിപ്പേര് മോശമായി തോന്നിയില്ല. മറിച്ച്, അമ്മ ജയിലിലാണ് തന്നെ പ്രസവിച്ചതെന്ന കഥ പറയുമ്പോൾ അഭിമാനവും ആവേശവും നിറയും.

1955-ല്‍ കരിക്കൊടിയില്‍ നടന്ന ചകിരിത്തൊഴിലാളി സമരപ്പന്തല്‍ വളഞ്ഞാണ് നാരായണിയെ മറ്റു തൊഴിലാളികള്‍ക്കൊപ്പം പോലീസ് അറസ്റ്റുചെയ്തത്. പൂര്‍ണഗര്‍ഭിണിയായിട്ടും കോടതിയുടെ ഇളവുണ്ടായില്ല. വിയ്യൂര്‍ ജയിലില്‍ ആണ്‍കുഞ്ഞിനു ജന്മം നല്‍കിയ നാരായണി മൂന്നു മാസത്തിനുശേഷമാണ് മോചിതയായത്. സിപിഐ ജന്മശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി ശനിയാഴ്ച കരിക്കൊടി സമരപ്പോരാളികളെ ആദരിക്കുമ്പോള്‍ കേരളത്തിലെ സമാനതകളില്ലാത്ത പെണ്‍പോരാട്ടചരിതം കൂടിയാണ് പുതുതലമുറ പരിചയപ്പെടുന്നത്. ജയിലില്‍പ്പിറന്ന സത്യനും പരിപാടിയിലെത്തും.

കൂലിക്കൂടുതലിനായി ചകിരിത്തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ നടന്ന സമരത്തില്‍ നൂറുകണക്കിനു സ്ത്രീത്തൊഴിലാളികളും അണിചേര്‍ന്നു. 255 പുരുഷന്‍മാരും 163 സ്ത്രീകളുമാണ് സമരകാലയളവില്‍ ജയിലിടയ്ക്കപ്പെട്ടത്. എണ്ണമറ്റ പുരുഷന്‍മാരും അമ്പതോളം സ്ത്രീകളും പോലീസ് മര്‍ദനത്തിനിരയായി. അവരില്‍ ഇന്ന് ജീവിച്ചിരിക്കുന്ന നെല്ലിപ്പറമ്പില്‍ ലീല(88), കൊച്ചത്ത് ഹൈമവതി(90), ചക്കമ്പി തങ്ക (88), വല്ലത്തുപറമ്പില്‍ കാര്‍ത്തികേയന്‍ (93), കല്ലിങ്ങല്‍ ലക്ഷ്മി (87), വല്ലത്തുപറമ്പില്‍ സരോജിനി (85), കുറുങ്ങംപറമ്പില്‍ ശങ്കരനാരായണന്‍ (88), ആലപ്പുഴ തങ്ക (89), തെക്കിനിയേടത്ത് അയ്യപ്പന്‍ ശ്രീധരന്‍ (89)എന്നിവരുള്‍പ്പടെ 13 പേരെയാണ് ആദരിക്കുന്നത്.

Content Highlights: Celebrating the CPI`s centenary, Karikodi`s historic struggle for workers` rights is remembered