'വിധി ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യം, സാക്ഷിമൊഴികള്‍ നിര്‍ണായകമായി, കേരള പോലീസിന് അഭിനന്ദനം'

പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രതാബ് ജി.പടിക്കല്‍|photo:screengrab/mathrubhumi news
പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രതാബ് ജി.പടിക്കല്‍|photo:screengrab/mathrubhumi news

ആലപ്പുഴ: ഒരാള്‍ കൊല്ലപ്പെട്ടതിന് 15-പേര്‍ക്ക് വധശിക്ഷ വിധിക്കുന്നത് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തില്‍ ആദ്യത്തെ സംഭവമാണെന്ന് രഞ്ജിത് ശ്രീനിവാസന്‍ വധക്കേസിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രതാപ് ജി. പടിക്കല്‍. കോടതിവിധിക്കുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

സാക്ഷികള്‍ കൃത്യമായി കോടതിയില്‍ പ്രതികളെ തിരിച്ചറിഞ്ഞത് കേസിന് ഗുണകരമായി. ഒരേരീതിയിലുള്ള വേഷം ധരിച്ചെത്തിയ പ്രതികള്‍ സാക്ഷികളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടു. കോടതിയില്‍ കൃത്യമായി അവര്‍ പ്രതികളെ തിരിച്ചറിഞ്ഞു. കേരള പോലീസ് വളരെ മനോഹരമായി തെളിവ് ശേഖരിച്ചതിനാലാണ് തുടര്‍ച്ചയായുണ്ടായ സംഭവങ്ങളെ കോടതിയ്ക്കുമുന്നില്‍ കൊണ്ടുവരാനും യാതൊരു പഴുതുമില്ലാതെ കൊലപാതക ഗൂഢാലോചന തെളിയിക്കാനും പ്രോസിക്യൂഷന് സാധിച്ചത്, അദ്ദേഹം പറഞ്ഞു. 

കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കില്ലാത്ത 9-മുതല്‍ 15-വരെയുള്ള പ്രതികള്‍ക്ക് വധശിക്ഷ വിധിക്കാന്‍ കോടതി കണ്ടെത്തിയ കാരണം എന്തെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, കൃത്യമായ ഉദ്ദേശത്തോടെ ഒന്നില്‍ കൂടുതല്‍ ആളുകള്‍ സംഘംചേര്‍ന്ന് നടത്തുന്ന കൊലപാതകക്കുറ്റത്തില്‍ സംഭവസ്ഥലത്തില്ലാത്ത പ്രതികള്‍ക്കും 149-ാം വകുപ്പിന്റെ പരിധിയ്ക്കുള്ളില്‍ കുറ്റകൃത്യത്തിന്റെ അതേ ബാധ്യതയുണ്ടാകുമെന്ന് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. 

കോടതിയില്‍ ഹാജരാകാത്ത പത്താം പ്രതിക്കെതിരെയും സമാനവകുപ്പുകളില്‍ കുറ്റം കോടതി കണ്ടെത്തിയതിനാല്‍ മറ്റൊരു വിധിയുണ്ടാകാന്‍ സാധ്യതയില്ല. ഇതേ ശിക്ഷതന്നെ ലഭിക്കും. പെട്ടെന്നുണ്ടായ പ്രകോപനമാണ് കൊലപാതക കാരണമെന്ന പ്രതിഭാഗത്തിന്റെ വാദം, രാഷ്ട്രീയ ശത്രുക്കളെ കൊല്ലാന്‍ പട്ടിക തയ്യാറാക്കിവെച്ചിരുന്നു എന്ന പ്രോസിക്യൂഷന്റെ കണ്ടെത്തല്‍ കോടതി സ്വീകരിച്ചതോടെ ഇല്ലാതായി. കൊലപ്പെടുത്തേണ്ടവരുടെ പട്ടിക തയ്യാറാക്കുകയും ഇരയുടെ വിശദാംശങ്ങള്‍ ശേഖരിച്ച് കൃത്യം നടത്താനുള്ള തീയതി തീരുമാനിക്കുകയും ചെയ്ത അത്യപൂര്‍വ കേസാണിതെന്ന് കണ്ടെത്താന്‍ സാധിച്ചെന്ന് കോടതി വ്യക്തമാക്കി, പ്രതാപ് ജി. പടിക്കല്‍ കൂട്ടിച്ചേര്‍ത്തു. 

പ്രതികളെല്ലാവരും നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന സംഘടനയിലെ പ്രവര്‍ത്തകരാണെന്ന പ്രോസിക്യൂഷന്‍ ആരോപണം കോടതി ശരിവെച്ചു. പരിശീലനം ലഭിച്ച സംഘം വളരെ നേരത്തെ പട്ടിക തയ്യാറാക്കി, വീട്ടില്‍ അതിക്രമിച്ച് കടന്ന് നിരാലംബരായ സ്ത്രീകളുടെയും കൊച്ചുകുഞ്ഞിന്റെയും മുന്നില്‍വെച്ച് അതിക്രൂരമായി നടത്തിയ കൊലപാതകമാണിതെന്നും അതിനാല്‍ വധശിക്ഷ നല്‍കണമെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. 

അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസുകളുടെ പരിധിയില്‍തന്നെയാണ് ഈ കേസിനെ കോടതി കണ്ടിരിക്കുന്നത്. അതിനാലാണ് വധശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് ഭീഷണിയുണ്ടായിരുന്നോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അത് പിന്നീട് സംസാരിക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 

ശിക്ഷാവിധിയുടെ വിശദാംശങ്ങൾ

  • കേസിലെ ഒന്നുമുതല്‍ ഒമ്പതുവരെയും 11 മുതല്‍ 15 വരെയുമുള്ള പ്രതികള്‍ക്ക് ഐപിസി 143 പ്രകാരം ആറ് മാസം തടവ് ശിക്ഷ. 
  • ഒന്നുമുതല്‍ ഒമ്പതുവരെയുള്ള പ്രതികള്‍ക്കും 11,12 പ്രതികള്‍ക്കും 147 വകുപ്പ് പ്രകാരം രണ്ടുവര്‍ഷം തടവ്. ഇതേ പ്രതികള്‍ക്കുതന്നെ 148 വകുപ്പ് പ്രകാരം മൂന്നുവര്‍ഷവും തടവും വിധിച്ചു. 
  • ഒന്നുമുതല്‍ എട്ടുവരെയുള്ളവര്‍ക്ക് ഐ.പി.സി 449, 149 പ്രകാരം ജീവപര്യന്തം കഠിനതടവും ഒരുലക്ഷം രൂപ വീതം പിഴയും. 
  • ഒമ്പത്, 11, 12 പ്രതികള്‍ക്ക് 447, 149 വകുപ്പ് പ്രകാരം മൂന്നുമാസം തടവും 500 രൂപ പിഴയും. 
  • 1, 5, 9, 11, 12 പ്രതികള്‍ക്ക് 427, 149 പ്രകാരം രണ്ടുവര്‍ഷം തടവ്.
  • ഒന്നുമുതല്‍ എട്ടുവരെയുള്ള പ്രതികള്‍ക്ക് 506 (2) പ്രകാരം ഏഴുവര്‍ഷം തടവ്.
  • 9, 11, 15 പ്രതികള്‍ക്ക് 201, 149 പ്രകാരം ഏഴുവര്‍ഷം തടവും ഒരുലക്ഷം പിഴയും.
  • ഒന്നുമുതല്‍ ഒമ്പതുവരെയും 11, 12 പ്രതികള്‍ക്കും ആയുധനിയമപ്രകാരം ഏഴ് വര്‍ഷം ശിക്ഷ. 
  • ഒന്നുമുതല്‍ ഒമ്പത് വരെയും 11,12 പ്രതികള്‍ക്കും 302,149 വകുപ്പ് പ്രകാരം മരണംവരെ തൂക്കിലേറ്റാനും ഒരു ലക്ഷം രൂപ പിഴയും. 
  • 13 മുതല്‍ 15 വരെയുള്ള പ്രതികള്‍ക്ക് 302, 149, 120 ബി ക്രിമിനല്‍ ഗൂഢാലോചന പ്രകാരം മരണംവരെ തൂക്കിലേറ്റാനും ഒരു ലക്ഷം രൂപ പിഴയും. 
  • എട്ടാംപ്രതിയ്ക്ക് 324, 149 വകുപ്പ് പ്രകാരം മൂന്നുവര്‍ഷം തടവും 5,000 രൂപ പിഴയും. 
  • രണ്ട്, ഏഴ്, എട്ട് പ്രതികള്‍ക്ക് 323 പ്രകാരം ഒരു വര്‍ഷം തടവും 1,000 രൂപ പിഴയും. 
  • ഒന്നുമുതല്‍ എട്ടുവരെയുള്ള പ്രതികള്‍ക്ക് 341 പ്രകാരം ഒരുമാസം തടവ്. 

ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. പിഴതുക ഈടാക്കുമ്പോഴുള്ള ആറുലക്ഷം രൂപ കേസിലെ ഒന്ന്, രണ്ട്, എട്ട് സാക്ഷികളായ കൊല്ലപ്പെട്ട രഞ്ജിത് ശ്രീനിവാസിന്റെ അമ്മയ്ക്കും ഭാര്യയ്ക്കും ഇളയകുട്ടിയ്ക്കും സാക്ഷിയല്ലാത്ത മൂത്ത കുട്ടിക്കും നല്‍കണമെന്ന് കോടതി വിധിച്ചു. 

Content Highlights: court verdict - Ranjith Sreenivasan murder case