വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോ ഫിനാൻസ് അഴിമതിക്കേസ്: തുടരന്വേഷണത്തിന് കോടതി ഉത്തരവ്

വെള്ളാപ്പള്ളി നടേശന്‍ | Photo: Mathrubhumi
വെള്ളാപ്പള്ളി നടേശന്‍ | Photo: Mathrubhumi

തിരുവനന്തപുരം: എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോ ഫിനാൻസ് അഴിമതിക്കേസിൽ തുടരന്വേഷണത്തിന് ഉത്തരവ്. തിരുവനന്തപുരം വിജിലൻസ് പ്രത്യേകകോടതി ജഡ്ജി എം.വി. രാജാകുമാരയുടേതാണ് ഉത്തരവ്. അന്വേഷണം പൂർത്തിയാക്കി മൂന്നുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് വിജിലൻസിനുള്ള നിർദേശം.

സാമ്പത്തികനഷ്ടം സംഭവിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി വിജിലൻസ് കേസന്വേഷണം അവസാനിപ്പിച്ചിരുന്നു. തുടർന്ന് കേസിലെ പരാതിക്കാരനായ വി.എസ്. അച്യുതാനന്ദന് നോട്ടീസ് നൽകി. വി.എസ്. കോടതിയിൽ ആക്ഷേപം സമർപ്പിക്കുകയും ചെയ്തു.

പണം നൽകിയെന്നു പറയുന്ന വ്യക്തികൾക്ക് പണം ലഭിച്ചിരുന്നോ, ഇവർ ഇത്തരം അപേക്ഷ നൽകിയിരുന്നോ എന്നീ കാര്യങ്ങളിൽ അന്വേഷണം നടത്തിയിട്ടില്ലെന്നത് ചൂണ്ടിക്കാട്ടി സമർപ്പിച്ച ആക്ഷേപഹർജി കോടതി അംഗീകരിച്ചു. തുടർന്ന് കേസ് അവസാനിപ്പിച്ച് വിജിലൻസ് സമർപ്പിച്ച റിപ്പോർട്ട് തള്ളി തുടരന്വേഷണത്തിന് ഉത്തരവുനൽകുകയായിരുന്നു.

എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, മുൻ പ്രസിഡന്റ് എം.എൻ. സോമൻ, പിന്നാക്കക്ഷേമ കോർപ്പറേഷൻ മുൻഡയറക്ടർ ദിലീപ് കുമാർ എന്നിവരാണ് പ്രതികൾ. മൂന്നാം പ്രതി കെ.കെ. മഹേഷ് നേരത്തേ മരിച്ചു. നാലാം പ്രതിയും റിട്ട. എം.ഡി.യുമായ എം. നജീബിനെതിരായ നടപടി ഹൈക്കോടതി അവസാനിപ്പിച്ചിരുന്നു. വി.എസ്. നൽകിയ സ്വകാര്യഹർജിയിൽ വിജിലൻസ് കോടതി 2016 ജനുവരി 20-നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. എട്ടുവർഷം കഴിഞ്ഞിട്ടാണ് കേസിൽ തുടരന്വേഷണത്തിന് ഉത്തരവുനൽകുന്നത്.

കെ.എസ്.ബി.സി.ഡി.സി.യിൽനിന്നെടുത്ത വായ്പ 15.85 കോടി രൂപ ശാഖകൾവഴി വിതരണം ചെയ്തത് 10 മുതൽ 15 ശതമാനംവരെ പലിശയ്ക്കായിരുന്നു. അഞ്ചുശതമാനത്തിൽ താഴെ മാത്രമേ ഈടാക്കാവൂയെന്നായിരുന്നു വ്യവസ്ഥ. കെ.എസ്.ബി.സി.ഡി.സി.യിൽ നിന്നെടുത്ത വായ്പ ഉയർന്ന പലിശനിരക്കിൽ നൽകി തട്ടിപ്പ് നടത്തിയെന്നാണ് വി.എസ്. അച്യുതാനന്ദൻ നൽകിയിരുന്ന ഹർജിയിലെ ആരോപണം.

Content Highlights: court order for further investigation on micro finance scam case against vellapally natesan