ജീവിതത്തിലും പഠിത്തത്തിലും കൈകോർത്ത്, തുല്യതാ പരീക്ഷയ്ക്ക് ദമ്പതിമാരും

ഒറ്റപ്പാലം: നഗരസഭയിലെ തുല്യതാ പഠനകേന്ദ്രത്തിൽ പത്താംക്ലാസ് പരീക്ഷയ്ക്ക് ഇത്തവണ ദമ്പതിമാരും. പൂളക്കുണ്ട് ജാസ്മിൻ മൻസിലിൽ പീർ മുഹമ്മദും (50) കാത്തുൻജന്നത്തുമാണ് (40) പത്താംക്ലാസ് വിദ്യാഭ്യാസം നേടാനായുള്ളത്. കുട്ടിക്കാലത്ത് നഷ്ടമായ വിദ്യാഭ്യാസം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ഇരുവരും പരീക്ഷയെഴുതുന്നത്.
എട്ടാംക്ലാസിൽ വിജയിക്കാനാകാതെ വന്നതോടെ പീർ മുഹമ്മദ് പഠനം നിർത്തുകയായിരുന്നു. പിന്നീട് കച്ചവടവും മറ്റുമായി ജീവിതം തുടർന്നു. എസ്.എസ്.എൽ.സി. പരീക്ഷയെഴുതിയെങ്കിലും കാത്തുൻജന്നത്തിനും അന്ന് വിജയിക്കാനായില്ല. ഒടുവിൽ ഇപ്പോൾ പത്താംക്ലാസ് വിദ്യാഭ്യാസം നേടണമെന്ന് ഇരുവർക്കും മോഹമുണ്ടായി. അങ്ങനെയാണ് തുല്യതാ പഠന പ്രേരക്മാരെ സമീപിക്കുന്നത്. എല്ലാ ഞയറാഴ്ചകളിലും ഇരുവരും കൃത്യമായി ക്ലാസുകളിൽ പങ്കെടുത്തു. അധ്യാപകർ പറഞ്ഞ എല്ലാ പഠനസംബന്ധമായ പ്രവർത്തനങ്ങളും സമയ കൃത്യതയോടെ ഇവർ പൂർത്തിയാക്കിയെന്നും പ്രേരക്മാർ പറയുന്നു. ഇത്തവണ പത്താംക്ലാസ് വിജയം നേടാനാകുമെന്ന പ്രതീക്ഷയിലാണ് ഇരുവരും. മൈക്രോ ബയോളജി വിദ്യാർഥിയായ അഫ്രിൻ ഫാത്തിമയും എട്ടാംക്ലാസ് വിദ്യാർഥിയായ ആബിദ് മുഹമ്മദുമാണ് മക്കൾ. ഒറ്റപ്പാലത്തുനിന്ന് ഇത്തവണ 31 പേരാണ് പരീക്ഷയെഴുതുന്നത്. 30-ന് പരീക്ഷ സമാപിക്കും.
മക്കള്‍ പഠിത്തത്തിന്റെ തിരക്കിലായപ്പോള്‍ ഞങ്ങള്‍ പഠിക്കാന്‍ ആരംഭിച്ചു
പാലക്കാട്: ബെല്ലടിച്ചു. ഹാളിൽനിന്നും പരീക്ഷകഴിഞ്ഞ ആശ്വാസത്തിൽ എല്ലാവരും ഇറങ്ങുന്നു. അതിനിടയിൽ രണ്ടുപേർ കൈകോർത്തുപിടിച്ച് ചിരിച്ചുകൊണ്ട് നടന്നു വരുന്നു. ഹംസക്കുഞ്ഞും ഭാര്യ ഷജിനയും... ഹിന്ദിയായിരുന്നു പരീക്ഷ. എളുപ്പമാണെന്ന് മുഖംകണ്ടാലേ അറിയാം... കോട്ടായി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പത്താംതരം തുല്യതാപരീക്ഷ എഴുതാനെത്തിയതാണ് ഇരുവരും
പരുത്തിപ്പുള്ളി സ്വദേശിയാണ് ഹംസക്കുഞ്ഞ്. പഠിത്തം പത്തിനുമുൻപേ നിർത്തി. അന്ന് തുടർന്നുപഠിക്കാൻ തോന്നിയില്ല. പിന്നെ ജോലിനോക്കി ഗൾഫിൽപ്പോയി. 20 കൊല്ലം ഗൾഫിലായിരുന്നു. ഇതിനിടയിൽ വിവാഹം. അങ്ങനെ ഷജിന ജീവിതസഖിയായി. ഇരുവർക്കും മൂന്നുമക്കളാണ്.
മൂത്തമകൾ ഷഹന ബെംഗളൂരുവിൽ അനസ്തേഷ്യയുടെ കോഴ്സ് പഠിക്കുന്നു. തൊട്ടുതാഴെ മകൻ ഫായിസ് ബെംഗളൂരുവിൽ നഴ്സിങ്ങിന് പഠിക്കുന്നു. ഇളയമകൻ ഫാസിൽ തോലനൂർ ഹയർസെക്കൻഡറി സ്കൂളിൽ പത്താം ക്ളാസിൽ പഠിക്കുന്നു.
മക്കളൊക്കെ പഠിത്തത്തിന്റെ തിരക്കിലായി. അപ്പോഴാണ് ഇരുവരുംചേർന്ന് പഠനം വീണ്ടും തുടങ്ങാൻ തീരുമാനിച്ചത്. മക്കളെല്ലാവരും ഇരുവരെയും പ്രോത്സാഹിപ്പിച്ചു. പഞ്ചായത്തിൽ രജിസ്റ്റർ ചെയ്തു. കഴിഞ്ഞ വർഷം നവംബറിൽ ക്ലാസുകൾ തുടങ്ങി. തിങ്കളാഴ്ചയാണ് പരീക്ഷ തുടങ്ങിയത്. രണ്ടാമത്തെ പരീക്ഷയായിരുന്നു ഹിന്ദി. ഇനിയും പരീക്ഷകൾ ബാക്കി. തുടർന്നുള്ള പരീക്ഷകൾ എഴുതാനുള്ള തയ്യാറെടുപ്പിലാണ് ഇരുവരും. ഇതിനുശേഷം പ്ളസ് വണ്ണും പ്ളസ്ടുവുംകൂടി എഴുതാനുള്ള തീരുമാനത്തിലാണ് ഈ ദമ്പതിമാർ.
Content Highlights: Couple Writes Kerala 10th Exam After Years - Inspiring Story