സംഘടനാതലത്തില്‍ വീഴ്ച, ഡി.സി.സി. പ്രസിഡന്റുമാരെ മാറ്റണം | കോൺഗ്രസ് വാർ റൂം - കനുഗോലു റിപ്പോർട്ട്

കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് മികച്ച വിജയം നേടാൻ കഴിഞ്ഞെങ്കിലും കോൺഗ്രസ് സംഘടനാ സംവിധാനത്തിലെ പോരായ്മകള്‍ അക്കമിട്ട് നിരത്തി കോൺഗ്രസ് വാർ റൂം - സുനിൽ കനുഗോലു റിപ്പോർട്ട്. 10 ജില്ലകളിൽ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ വലിയ അപചയം സംഭവിച്ചതായാണ് റിപ്പോർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് സംഘടനാതലത്തില്‍ വീഴ്ചകള്‍ സംഭവിച്ചതായി സംഘം കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ ചില ജില്ലകളിലെ ഡി.സി.സി. പ്രസിഡന്റുമാരെ മാറ്റണമെന്ന് റിപ്പോർട്ടിൽ നിര്‍ദേശമുള്ളതായാണ് കോൺഗ്രസ് വൃത്തങ്ങളിൽനിന്നു ലഭിക്കുന്ന സൂചന.
ഉപതിരഞ്ഞെടുപ്പുകൾക്ക് ശേഷം ജില്ലാ നേതൃത്വങ്ങളില്‍ മാറ്റമുണ്ടായേക്കുമെന്നുള്ള സൂചനകളാണ് പുറത്തുവരുന്നത്. തിരുവനന്തപുരം, തൃശൂർ ജില്ലകളിൽ പാർട്ടി ഗുരുതര പ്രതിസന്ധി നേരിടുന്നുണ്ട്. കോൺഗ്രസ് ബൂത്ത് കമ്മിറ്റികളിൽ പകുതിയും നിർജീവമായിരുന്നെന്നും കണ്ടെത്തലുണ്ട്. കെ.പി.സി.സി. ഭാരവാഹികളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും റിപ്പോർട്ടിൽ വിമർശനമുണ്ട്.
അനുകൂല സാഹചര്യത്തിലും വിജയശോഭയിലേറ്റ മങ്ങൽ
'മതന്യൂനപക്ഷങ്ങൾക്കെതിരായ നരേന്ദ്ര മോദിയുടെ പ്രസംഗമുൾപ്പെടെയുള്ള വർഗീയ ധ്രുവീകരണ ശ്രമങ്ങൾ ബി.ജെ.പിക്കും എൻ.ഡി.എ. സഖ്യത്തിനും വലിയ തിരിച്ചടിയായിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം. കേരളത്തിലും കോൺഗ്രസിന് അനുകൂലമായ സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. സംസ്ഥാന സർക്കാരിനെതിരായുള്ള ഭരണവിരുദ്ധ വികാരം ഈ തിരഞ്ഞെടുപ്പിൽ അലയടിച്ചിരുന്നു. 18 സീറ്റുകളിലെ വിജയത്തിലേക്ക് കോൺഗ്രസിനെ നയിച്ചതിനു പിന്നിലെ പ്രധാനഘടകങ്ങൾ ഇവയാണെന്നാണ് നേതൃത്വത്തിന്റെയും വിലയിരുത്തൽ'. ഇതിനിടയിലും തൃശ്ശൂരിലെ പരാജയവും ജയിച്ചെങ്കിലും തിരുവനന്തപുരം, ആറ്റിങ്ങൽ മണ്ഡലങ്ങളിലേറ്റ തിരിച്ചടിയും കോൺഗ്രസിന് മുന്നിൽ ചോദ്യചിഹ്നമായി അവശേഷിക്കുന്നുണ്ട്.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെയാണ് കർണാടക മോഡൽ വാർ റൂം എല്ലാ സംസ്ഥാനങ്ങളിലും നടപ്പിലാക്കാൻ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചത്. കേരളത്തിൽ എം. ലിജു, മണക്കാട് സുരേഷ്, ജെയ്സൺ ജോസഫ് എന്നിവർ നേതൃത്വം നൽകിയ വാർ റൂം കേന്ദ്രീകരിച്ചായിരുന്നു സുനിൽ കനഗോലു ടീം പ്രവർത്തിച്ചത്.
ആലത്തൂർ, തൃശ്ശൂർ മണ്ഡലങ്ങളിലെ പരാജയ സാധ്യത മുന്‍നിര്‍ത്തി വാർ റൂം റിപ്പോർട്ടുകൾ നൽകിയിരുന്നു. കൂടാതെ തിരുവനന്തപുരം, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലും തിരിച്ചടി നേരിട്ടേക്കാമെന്ന സൂചനയും നല്‍കിയിരുന്നു. തൃശ്ശൂരിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടാനുള്ള സാധ്യത പോലും കണക്കുകൂട്ടിയിരുന്നില്ല. വാർ റൂം റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നേതൃത്വം ഉണർന്നു പ്രവർത്തിച്ചത് പാർട്ടിക്ക് കരുത്ത് പകർന്നെങ്കിലും പലയിടത്തും കൃത്യമായ പ്രവർത്തനം നടന്നില്ലെന്നും ഇത് വിജയത്തിന്റെ മാറ്റുകുറച്ചെന്നുമുള്ള വിമർശനം പരസ്യമായും രഹസ്യമായും മുന്നണിക്കുള്ളിലുണ്ട്.
ബൂത്ത് കമ്മിറ്റികളില്‍ പകുതിയും നിർജീവം
സംസ്ഥാനത്ത് 25,177 ബൂത്ത് കമ്മിറ്റികൾ ഉള്ളതിൽ പകുതിയിലും കോൺഗ്രസിന് ആളില്ലെന്ന ഞെട്ടിക്കുന്ന വിവരമായിരുന്നു വാർ റൂം അന്വേഷണത്തിൽ കണ്ടെത്തിയത്. തിരുവനന്തപുരം, ആറ്റിങ്ങൾ മണ്ഡലങ്ങളിലും രാഹുൽ ഗാന്ധി മത്സരിച്ച വയനാട്ടിലും കോണ്‍ഗ്രസ് ജയിച്ച മറ്റ് മണ്ഡലങ്ങളിലും ഇത്തരത്തിൽ കോണ്‍ഗ്രസിന്റെ ബൂത്തുകമ്മിറ്റികള്‍ നിര്‍ജീവമാണെന്നുമുള്ള റിപ്പോർട്ട് നേതൃത്വത്തിന് കൈമാറുകയും ചെയ്തിരുന്നു. ജില്ലാ കോൺഗ്രസ് കമ്മിറ്റികളോട് ബൂത്തുകമ്മിറ്റികള്‍ സജീവമാക്കണമെന്ന മുന്നറിയിപ്പുകൾ നൽകിയിട്ടും തിരഞ്ഞെടുപ്പായിട്ടും പല ജില്ലാ നേതൃത്വവും അത് ഗൗരവമായി കണ്ടില്ലെന്നാണ് വിമർശനം. സംഘടനാ പ്രവർത്തനത്തിലുണ്ടായ ഗുരുതര വീഴ്ചകൾ പരിഗണിച്ച് ജില്ലാ നേതൃത്വത്തിൽ മാറ്റങ്ങൾ വരുത്തി സംഘടനയെ താഴെ തട്ടിൽ ഉടച്ചുവാര്‍ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് വാർ റൂം - സുനിൽ കനഗോലു റിപ്പോർട്ടിലെ നിർദേശം. യുവതയുടെ പ്രാതിനിധ്യവും ഉറപ്പുവരുത്തണമെന്നും നിർദേശമുണ്ട്.
ബ്ലോക്ക്, മണ്ഡലം പുനഃസംഘടന പരാജയം
കോൺഗ്രസിൽ തിരഞ്ഞെടുപ്പിനു മുന്നേ നടന്ന ബ്ലോക്ക്, മണ്ഡലം പുനഃസംഘടന പരാജയമായിരുന്നെന്നും റിപ്പോര്‍ട്ടിലുണ്ട്. ഗ്രൂപ്പ് അടിസ്ഥാനത്തിൽ നിയമിച്ചവര്‍ പലരും സംഘടന പ്രവർത്തനത്തിൽ വീഴ്ച വരുത്തിയെന്നാണ് കണ്ടെത്തൽ. ഇവരെ മാറ്റുന്നുതും പരിഗണിക്കണമെന്നും റിപ്പോർട്ടിൽ നിർദേശമുണ്ട്.
കേരളത്തിൽ വോട്ടു നിലയിൽ വലിയ കുറവ്
തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ മൂന്നു നിയമസഭാമണ്ഡലങ്ങളിലും ബി.ജെ.പിയായിരുന്നു മുന്നിലെത്തിയത്. ഇത് കോൺഗ്രസിന് വലിയ തിരിച്ചടി തന്നെയാണെന്ന് തിരഞ്ഞെടുപ്പ് അവലോകന യോഗങ്ങളിൽ വിലയിരുത്തപ്പെട്ടിട്ടുണ്ട്. സമാന രീതിയിൽ വിവിധ ജില്ലകളിൽ നിയോജക മണ്ഡലാടിസ്ഥാനത്തിലുള്ള കണക്കുകളിൽ വോട്ടുനിലയിൽ വലിയ കുറവ് വന്നിട്ടുണ്ട്. രാജ്യത്ത് കോൺഗ്രസിന് 4.63% വോട്ടുകൾ വർധിച്ചിട്ടുണ്ട്. എന്നാൽ കേരളത്തിൽ അഞ്ചു ശതമാനത്തോളം വോട്ട് കുറയുകയാണ് ചെയ്തിട്ടുള്ളത്. ഇതും പരിശോധിക്കപ്പെടുമ്പോൾ സംഘടനാപരമായ വീഴ്ചയിലെത്തി ചേരുമെന്നാണ് കോൺഗ്രസ് വൃത്തങ്ങള്‍ പറയുന്നത്
ഉപതിരഞ്ഞെടുപ്പ് അടുത്ത് നിൽക്കുന്ന സാഹചര്യത്തിൽ നടപടികൾ ഉടനടി ഉണ്ടാവില്ലെന്നാണ് വിലയിരുത്തൽ. പാർട്ടി പ്രവർത്തനം കൂടുതൽ ഫലപ്രദമാക്കുന്നതിന്റെ ഭാഗമായി സംഘടനാ തലത്തിൽ വലിയ മാറ്റങ്ങളിലേക്ക് കോൺഗ്രസ് കടക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടനാ പ്രശ്നങ്ങൾ പരിഹരിച്ച് കൂടുതൽ കരുത്തരാവുകയാണ് മുന്നണി നേതൃത്വത്തിന്റെ ലക്ഷ്യം.
Content Highlights: Congress war room sunil kanugolu report against district leadership