എൻ.എം. വിജയന്റെ കുടിശ്ശിക തീർത്ത് കോൺഗ്രസ്; 60 ലക്ഷം രൂപ ബാങ്കിൽ അടച്ചു

എൻ.എം. വിജയൻ, എൻ.എം. വിജയന്റെ മരുമകൾ പത്മജ
എൻ.എം. വിജയൻ, എൻ.എം. വിജയന്റെ മരുമകൾ പത്മജ

കല്പറ്റ: വയനാട്ടിൽ ആത്മഹത്യചെയ്ത മുൻ ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ ബാങ്കിലെ കുടിശ്ശിക അടച്ചുതീർത്തതായി കെപിസിസി. ബത്തേരി അർബൻ ബാങ്കിലെ 60 ലക്ഷം രൂപയുടെ കുടിശ്ശിക അടച്ചുതീർത്തതായാണ് കെപിസിസി അറിയിച്ചത്. ബത്തേരി അർബൻ ബാങ്കിലെ കുടിശ്ശിക തീർത്ത് വീടിന്റെ ആധാരം എടുത്തുനൽകുക എന്നതായിരുന്നു എൻ.എം. വിജയന്റെ കുടുംബത്തിന്റെ ആവശ്യം.

സഹകരണ ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട് വാങ്ങിയ കോഴപ്പണം തിരികെ നൽകുന്നതിന്‍റെ ഭാഗമായാണ് ഇത്രവലിയ ബാധ്യത ഉണ്ടായത് എന്നാണ് എൻ.എം വിജയൻ ആത്മഹത്യാകുറിപ്പിൽ പറഞ്ഞിരുന്നത്. പണം വാങ്ങിയത് തന്റെ മാത്രം ബാധ്യതയായിമാറിയെന്നും പാർട്ടി തന്നെ കൈയൊഴിഞ്ഞെന്നും കുറിപ്പിൽ എൻ.എം. വിജയൻ ആരോപിച്ചിരുന്നു. ഇതേത്തുടർന്ന് വലിയ വിവാദങ്ങൾ ഉയർന്നിരുന്നു. തുടർന്ന് ബാധ്യത പാർട്ടി ഏറ്റെടുക്കുകയായിരുന്നു.

25 ലക്ഷം രൂപ പണമായി നൽകുമെന്നും ബാങ്കിലെ ബാധ്യത തീർക്കുമെന്നും പാർട്ടി നേരത്തെ അറിയിച്ചിരുന്നുവെന്നാണ് കുടുംബം പറയുന്നത്. ഇതിൽ 20 ലക്ഷം രൂപ പാർട്ടിയിൽനിന്ന് കിട്ടിയെന്നും എന്നാൽ, ബാങ്കിലെ ബാധ്യത തീർത്ത് വീടിന്റെ ആധാരം എടുത്തുനൽകിയില്ലെന്ന് ആരോപിച്ച് എം.എൻ. വിജയന്റെ കുടുംബം വീണ്ടും രംഗത്തെത്തിയിരുന്നു. ഇക്കാര്യം ഉന്നയിച്ച് മരുമകൾ പത്മജ ആത്മഹത്യശ്രമം നടത്തിയിരുന്നു.

Content Highlights: KPCC Settles Debt of Deceased Treasurer N.M. Vijayan: Rs. 60 Lakh Paid to Bank