ഹൈക്കമാൻഡ് എം.പിമാരുടെ വഴിയടച്ചത് അഞ്ച് കാര്യങ്ങൾ കാരണം, മുഖ്യം ആറ്റിങ്ങലിന്റെ ആശങ്ക

തിരുവനന്തപുരം: സുധാകരനും അടൂർ പ്രകാശും നിയമസഭയിലേക്ക് മത്സരിക്കേണ്ടെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കാൻ ഹൈക്കമാൻഡിനെ പ്രേരിപ്പിച്ചത് അഞ്ചു കാര്യങ്ങൾ. അണികളുടെയും നേതൃത്വത്തിലുള്ള സാമുദായികവിഭാഗത്തിന്റെയുമൊക്കെ സമ്മർദത്തെ അതിജീവിച്ചാണ് ഹൈക്കമാൻഡ് എം.പി.മാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടെന്ന നിലപാടിൽ ഉറച്ചുനിന്നത്.
അതിനുള്ള കാരണങ്ങൾ ഇവയാണ്:
* സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വം നിലവിൽ അസ്വസ്ഥമാക്കേണ്ട സാഹചര്യമില്ല. എം.പി.മാരെ സംസ്ഥാനനേതൃത്വത്തിന്റെ ഭാഗമാക്കിമാറ്റുന്നത് നിലവിലുള്ള സന്തുലനത്തെ ബാധിക്കും. ഒരാൾക്ക് അനുമതിനൽകിയാൽ ഇതേ താത്പര്യം അറിയിച്ചിരിക്കുന്ന ആറ് എം.പി.മാർക്ക് അവസരം നൽകേണ്ടിവരും.
* അധികാരത്തിലെത്തിയാൽ കേന്ദ്രനേതൃത്വത്തിൽ പ്രവർത്തിക്കുന്നവർ സംസ്ഥാനഭരണത്തിലേക്ക് വരുന്നതിനുള്ള കീഴ്‌വഴക്കമായി എം.പി.മാർക്ക് സീറ്റ് നൽകിയത് ഉയർത്തിക്കാട്ടും. ഭരണം പിടിച്ചാൽ നേതൃത്വത്തെ കെട്ടിയിറക്കാൻ ഹൈക്കമാൻഡ് `ഉദ്ദേശിക്കുന്നില്ല. ഇപ്പോൾത്തന്നെ ആ വാതിൽ അടച്ച് സാക്ഷയിട്ടാൽ ഹൈക്കമാൻഡിന്റെ മനസ്സിലിരുപ്പ് കാലേക്കൂട്ടി മനസ്സിലാക്കാം.
* എം.പി.മാർ കേന്ദ്രനേതൃത്വത്തിന്റെ ഭാഗമായി പ്രവർത്തിക്കേണ്ടവരാണ്. നിയമസഭാ തിരഞ്ഞെടുപ്പ് വരുമ്പോൾ അവിടെ മത്സരിക്കാനായി വലിച്ചെറിയേണ്ടതല്ല എം.പി. സ്ഥാനം. നിയമസഭ, ലോക്‌സഭ തിരഞ്ഞെടുപ്പുകളിൽ ഒരേ ആളുകൾതന്നെ മത്സരിക്കുന്നുവെന്ന വിമർശനവും പാർട്ടി നേരിടേണ്ടിവരും.
* ദേശീയതലത്തിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ ആർക്ക് വോട്ടുചെയ്യണമെന്ന തീരുമാനത്തെ ബാധിക്കുന്ന ഘടകങ്ങൾ ദേശീയപ്രാധാന്യമുള്ളതായിരിക്കും. എന്നാൽ, ലോക്‌സഭയിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ വോട്ടിങ്ങിനെ സംസ്ഥാന, പ്രാദേശിക ഘടകങ്ങൾ സ്വാധീനിക്കാം.
* ആറ്റിങ്ങൽ ഉൾപ്പെടെ ചെറിയ ഭൂരിപക്ഷത്തിന് നേടിയ സീറ്റുകൾ കൈവിട്ടുപോകുന്നതിന് അതിടയാക്കാം. കേന്ദ്രത്തിൽ അധികാരത്തിലുള്ള ബി.ജെ.പി.ക്ക് ഉപതിരഞ്ഞെടുപ്പിൽ മന്ത്രിസ്ഥാനം അടക്കം വാഗ്ദാനംചെയ്ത് ചിലപ്പോൾ വിജയംവരെ നേടാനായെന്നും വരാം.
Content Highlights: Maintaining existing state leadership balance, Preventing precedents of shifting central leaders to state roles, Avoiding criticism of fielding same candidates in multiple elections, National-level impact of by-elections, Risk of losing marginal seats like Attingal to BJP