'കത്തുന്ന സൂര്യന്‍, മികച്ച വിത്തുഗുണത്തെ ചവിട്ടിയരച്ച് കുലമൊടുക്കുക ലക്ഷ്യം; രാഹുലിനെ ന്യായീകരിച്ച് കോണ്‍ഗ്രസ് മുഖപത്രം

രാഹുല്‍ മാങ്കൂട്ടത്തില്‍ |ഫോട്ടോ:മാതൃഭൂമി
രാഹുല്‍ മാങ്കൂട്ടത്തില്‍ |ഫോട്ടോ:മാതൃഭൂമി

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ കുറ്റാരോപിതനായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ ന്യായീകരിച്ച് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സിപിഎമ്മില്‍ പടര്‍ന്നുപിടിക്കുന്ന അതിസാരവും ഛര്‍ദിയുമാണ് എതിരാളികള്‍ക്കെതിരെയുള്ള വ്യാജമായ ലൈംഗിക ആരോപണങ്ങളെന്ന് വീക്ഷണം പറയുന്നു. ഇത്തരം ഗൂഢാലോചന പരമ്പരയിലെ ഇങ്ങേയറ്റത്തെ കണ്ണിയാണ് രാഹുല്‍ മാങ്കൂട്ടത്തിലെന്നും വീക്ഷണം മുഖപ്രസംഗത്തില്‍ പറയുന്നു.

രാഹുലടക്കമുള്ളവര്‍ കോണ്‍ഗ്രസിന്റെ കത്തുന്ന സൂര്യന്മാരാണ്. മറ്റ് പാര്‍ട്ടികള്‍ക്കില്ലാത്ത മികച്ച വിത്തുഗുണത്തെ ചവിട്ടിയരച്ച് കുലമൊടുക്കുകയാണ് ഇത്തരം രാഷ്ട്രീയപ്രേരിത ആരോപണങ്ങളുടെയും വ്യക്തിഹത്യയുടെയും ലക്ഷ്യമെന്നും വീക്ഷണം പറയുന്നു.

'പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെയും ബിജെപിയെയും ചരിത്ര ഭൂരിപക്ഷ ത്തില്‍ തോല്‍പ്പിച്ചതായിരുന്നു അദ്ദേഹം ചെയ്ത കുറ്റം. മാത്രവുമല്ല രാഹുലിന്റെ തലമുറയില്‍പ്പെട്ട ഒരുപറ്റം ചെറുപ്പക്കാര്‍ കോണ്‍ഗ്രസില്‍ വളര്‍ന്നു വരുന്നത് സിപിഎം ഭീതിയോടെ കാണുന്നു. രാഷ്ട്രീയ സര്‍ഗാത്മകതയും പ്രജ്ഞാശേഷിയുമുള്ള ചെറുപ്പക്കാര്‍ വളര്‍ന്നുവന്നാല്‍ അത് സിപിഎമ്മിനെ ഗോത്രഹത്യയിലേക്ക് എടുത്തെറിയുമെന്ന് സിപിഎം തിരിച്ചറിഞ്ഞിട്ടുണ്ട്. നിയമസഭാ നടപടിക്രമങ്ങളില്‍ ഭരണപക്ഷത്തെ നിരായുധരും വിഷണ്ണരുമാക്കുന്ന ആയുധങ്ങളും അത് പ്രയോഗിക്കുന്നതിലും പ്രാവീണ്യം തെളിയിച്ചവരുമാണ് അരഡസനിലേറെ വരുന്ന കോണ്‍ഗ്രസിന്റെ ഈ കത്തുന്ന സൂര്യന്മാര്‍. സഭയ്ക്ക് പുറത്തും ചാനല്‍ ചര്‍ച്ചകളിലും വാദങ്ങളും പ്രതിവാദങ്ങളുമായി ശ്രദ്ധേയരായ ജ്ഞാനതൃഷ്ണയുള്ള ഒരുപറ്റം ചെറുപ്പക്കാര്‍ വേറെയുമുണ്ട്. മറ്റ് പാര്‍ട്ടികള്‍ക്കില്ലാത്ത മികച്ച വിത്തുഗുണത്തെ ചവിട്ടിയരച്ച് കുലമൊടുക്കുകയാണ് ഇത്തരം രാഷ്ട്രീയപ്രേരിത ആരോപണങ്ങളുടെയും വ്യക്തിഹത്യയുടെയും ലക്ഷ്യം. വിഷം തീണ്ടാതിരിക്കാന്‍ സര്‍പ്പത്തെ ചാടിക്കടക്കാം. അല്ലെങ്കില്‍ പത്തിതകര്‍ത്ത് കൊല്ലുക, അപവാദങ്ങളില്‍ പതറാതെയും വ്യക്തിഹത്യയില്‍ തകരാതെയും ജാഗ്രതയോടെ മുന്നോട്ടു പോവുക' മുഖപ്രസംഗത്തില്‍ പറയുന്നു.

ലൈംഗിക പീഡന ആരോപണത്തില്‍ കോണ്‍ഗ്രസ് നേരത്തെ രാഹുലിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. വി.ഡി.സതീശനടക്കമുള്ള നേതാക്കള്‍ രാഹുലിനെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിച്ചുവരുന്നതിനിടെയാണ് പാര്‍ട്ടി മുഖപത്രത്തില്‍ കുറ്റാരോപിതനെ ന്യായീകരിച്ചുകൊണ്ട് മുഖപ്രസംഗം വരുന്നത്.

Content Highlights: Congress mouthpiece `Veekshanam` defends MLA rahul mamkootathil