നിലമ്പൂർ ക്രെഡിറ്റിൽ കണ്ണുരുട്ടി ഹൈക്കമാൻഡ്, തരൂർ പ്രശ്നമെന്ന് പരാതി, ഒപ്പം കൂട്ടണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വിജയത്തിന്റെ ക്രെഡിറ്റ് സംബന്ധിച്ച് നടക്കുന്ന ചര്‍ച്ചകളില്‍ ഹൈക്കമാന്‍ഡിന് കടുത്ത അതൃപ്തി. കഴിഞ്ഞദിവസം ദീപ ദാസ് മുന്‍ഷി പ്രധാന നേതാക്കളെ വിളിച്ച് നടത്തിയ യോഗത്തില്‍ ഇതുസംബന്ധിച്ച് ശാസന നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച നടക്കുന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ ആ വിഷയം ചര്‍ച്ചയാകരുതെന്നായിരുന്നു പൊതുധാരണ. ഈ തര്‍ക്കം പാര്‍ട്ടിക്ക് ഗുണം ചെയ്യില്ല എന്നു മാത്രമല്ല, ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കാനേ ഉപകരിക്കൂ എന്ന് കെ.സി. വേണുഗോപാല്‍ നിലപാടെടുത്തു.
ക്രെഡിറ്റിനായി തര്‍ക്കിക്കുന്നവര്‍, സ്ഥാനാര്‍ഥിത്വം നഷ്ടപ്പെട്ടിട്ടും ആര്യാടന്‍ ഷൗക്കത്തിന്റെ വിജയത്തിനായി അഹോരാത്രം പ്രയത്‌നിച്ച വി.എസ്. ജോയിയെ മാതൃകയാക്കണമെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു. പ്രവര്‍ത്തകരുടെ വിജയമാണ് നിലമ്പൂരിലുണ്ടായതെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും കെ. മുരളീധരനും അഭിപ്രായപ്പെട്ടു. യുഡിഎഫിന്റെ രാഷ്ട്രീയ വിജയമാണ് നിലമ്പൂരിലുണ്ടായതെന്ന് ഷാഫി പറമ്പിലും ജനങ്ങളാണ് ക്യാപ്റ്റനെന്ന് രാഹുല്‍ മാങ്കൂട്ടത്തിലും നിലപാടെടുത്തു. കൂട്ടായ വിജയമാണെന്ന് ഹൈക്കമാന്‍ഡും വ്യക്തമാക്കുന്നു.
അന്‍വറിനെ യുഡിഎഫില്‍ എടുക്കണമെന്ന് രാഷ്ട്രീയകാര്യ സമിതിയില്‍ കെ. സുധാകരന്‍ ആവശ്യപ്പെട്ടെങ്കിലും വലിയതോതില്‍ സ്വീകാര്യത ലഭിച്ചില്ല. അന്‍വര്‍ മുന്നണിയില്‍ വേണ്ടതില്ലെന്ന അഭിപ്രായത്തിനാണ് കൂടുതല്‍ പിന്തുണ ലഭിച്ചത്. അതിനിടെ ശശി തരൂരിനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി ഒപ്പംകൂട്ടി മുന്നോട്ടുപോകണമെന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. എന്നാല്‍ തരൂര്‍ നിരന്തരമായി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്നും ഇക്കാര്യത്തില്‍ ഒരു തീരുമാനം വേണമെന്നുമുള്ളതാണ് മറ്റു പല നേതാക്കളും അഭിപ്രായപ്പെട്ടത്. ഇക്കാര്യങ്ങളിലൊന്നും പാര്‍ട്ടി അന്തിമ ധാരണയിലെത്തിയിട്ടില്ലെന്നാണ് സൂചന.
Content Highlights: Congress leaders debate Nilambur by-election victory credit