എഫ്.ഐ.ആറിനെച്ചൊല്ലി കോൺഗ്രസിൽ തർക്കം; പാർലമെന്ററി പാർട്ടി യോഗം വിട്ടിറങ്ങി കുഴൽനാടൻ

തിരുവനന്തപുരം: സി.എം.ആർ.എൽ.- എക്സാലോജിക് കേസിൽ, പത്രസമ്മേളനത്തിൽ തുടങ്ങിയ ഭിന്നത, കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ വാക്കേറ്റത്തിലെത്തി. മുഖ്യമന്ത്രിയടക്കമുള്ളവരുടെ എതിർപ്പിനെത്തുടർന്ന് ഒറ്റപ്പെട്ട മാത്യു കുഴൽനാടൻ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി.
പിണറായി വിജയനെതിരേ ആദ്യമേ എഫ്.ഐ.ആർ. ഇട്ട് കേസ് രജിസ്റ്റർചെയ്യാൻ മടിച്ചത് തെറ്റെന്നായിരുന്നു മാത്യു കുഴൽനാടൻ എം.എൽ.എ. രാവിലെ പത്രസമ്മേളനത്തിൽ കുറ്റപ്പെടുത്തിയത്. എന്നാൽ ഈ നിലപാട് തെറ്റാണെന്നും സർക്കാർ സ്വീകരിച്ച നിലപാടാണ് ശരിയെന്നും മന്ത്രി രമേശ് ചെന്നിത്തല പരസ്യമായി പ്രതികരിച്ചു.
പ്രാഥമിക അന്വേഷണം നടത്തിയശേഷം കേസ് രജിസ്റ്റർചെയ്ത് മുന്നോട്ടുപോകാനുള്ള സർക്കാർതീരുമാനം തെറ്റാണെന്നും ഹൈക്കോടതിയുടെ തീരുമാനപ്രകാരം ആ നിലപാട് തിരുത്തണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നുമാണ് കുഴൽനാടൻ പറഞ്ഞത്. സർക്കാരിന് ലഭിച്ച നിയമോപദേശം ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം കുഴൽനാടന് അക്കാര്യം മനസ്സിലായില്ലെങ്കിൽ വേണ്ടെന്നു ചെന്നിത്തല ഇതിനെയും ഖണ്ഡിച്ചു.
ഈ തർക്കം വൈകീട്ട് കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിലേക്കും നീണ്ടു. കുഴൽനാടൻ തന്റെ പ്രതിഷേധം അറിയിച്ചപ്പോൾ, സർക്കാരിന്റെ പ്രവർത്തനത്തിന് വികാരമല്ല, വിവേകമാണ് വേണ്ടതെന്ന രീതിയിലായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മന്ത്രിമാരായ രമേശ് ചെന്നിത്തലയും കെ. മുരളീധരനും സണ്ണി ജോസഫും മുഖ്യമന്ത്രിയെ പിന്തുണച്ചു. മറ്റ് ഭൂരിപക്ഷം എം.എൽ.എ.മാരും സർക്കാരിന്റെയും പാർട്ടിയുടെ നിലപാടിനൊപ്പമാണെന്ന് പ്രഖ്യാപിച്ചു. ഇതോടെ, പ്രതിഷേധിച്ച കുഴൽനാടൻ ഒറ്റപ്പെട്ടു. യോഗം കഴിയുന്നതിനുമുൻപേ അദ്ദേഹം ഇറങ്ങി.
എക്സാലോജിക് കേസിൽ ഒറ്റയാൾപ്പോരാട്ടമാണ് താൻ നടത്തിയതെന്ന് പറഞ്ഞായിരുന്നു കുഴൽനാടൻ സംസാരംതുടങ്ങിയത്. കേസ് നടത്തി. അതിന്റെപേരിൽ ഒരുപാട് വേട്ടയാടപ്പെട്ടു. തന്നെമാത്രമാണ് പിണറായി ഇത്രയധികം വേട്ടയാടിയത്. വിജിലൻസ് അന്വേഷണംവരെയുണ്ടായി. ഉമ്മൻചാണ്ടിക്ക് കൊടുക്കാത്ത നീതി പിണറായിക്ക് ഈ സർക്കാർ നൽകേണ്ടതില്ല. ഇപ്പോൾ പിണറായിക്കെതിരേയുള്ള കേസിൽ സർക്കാർ സ്വീകരിച്ച നടപടി ഒട്ടും ശരിയായ ഒന്നല്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി ആഭ്യന്തരമന്ത്രിക്ക് നേരത്തേതന്നെ കത്തുനൽകിയിരുന്നു. ഇവിടെയുള്ള എല്ലാ എം.എൽ.എ.മാരുടെയും വികാരമാണ് താൻ പ്രകടിപ്പിച്ചതെന്നും കുഴൽനാടൻ പറഞ്ഞു.
എല്ലാ എം.എൽ.എ.മാരുടെയും വികാരം മാത്യു സ്വന്തംനിലയ്ക്ക് അവതരിപ്പിക്കേണ്ടതില്ലെന്ന് ജ്യോതികുമാർ ചാമക്കാല പറഞ്ഞു.
കൂടിയാലോചിച്ചാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. നിയമപരമായി മാത്രമല്ല, രാഷ്ട്രീയമായും പരിശോധിച്ചിട്ടുണ്ട്. ഇ.ഡി. നൽകിയ കത്തിൽ തിടുക്കപ്പെട്ട് കേസുമായി പോകുന്നത് രാഷ്ട്രീയമായി ശരിയായ രീതിയാവില്ല. അതിനാൽ, ഗൗരവത്തോടെയാണ് സർക്കാർ ഈ വിഷയം കൈകാര്യംചെയ്തത്. പിന്നെ, മാത്യു കേസിനുപോയിട്ട് എന്താണുണ്ടായത്. കേസിനുപോകരുതെന്ന് താൻ പറഞ്ഞതല്ലേ. ആ കേസ് പിണറായിക്ക് ഗുണമാവുകയാണ് ചെയ്തത്. പ്രതിപക്ഷത്തായിരുന്നപ്പോൾ എല്ലാവരെയും പിണറായി സർക്കാർ വേട്ടയാടിയിട്ടുണ്ട്. പുനർജനി പദ്ധതിയിലടക്കം എന്തൊക്കെ അന്വേഷണം പ്രഖ്യാപിച്ചെന്നും മുഖ്യമന്ത്രി ചോദിച്ചു.
കെ.പി.സി.സി. പ്രസിഡന്റായ കാലംമുതൽ തന്നെ കേസിൽപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മാത്യു കേസിനുപോകുന്നത് താൻ അറിഞ്ഞിട്ടുപോലുമുണ്ടായില്ല. ഇല്ലെങ്കിൽ വേണ്ടെന്ന് പറഞ്ഞേനേ. തനിക്ക് കത്തുനൽകിയെന്നത് ശരിയാണ്. പിണറായിക്കെതിരേയുള്ള അന്വേഷണത്തിന്റെ കാര്യത്തിൽ തന്നോട് ആലോചിച്ചില്ലെന്നൊക്കെയാണ് അതിൽ പറഞ്ഞത്. ഇക്കാര്യത്തിൽ നേതാക്കളുമായി കൂടിയാലോചന ഉണ്ടായിട്ടുണ്ട്. മുരളീധരനും സണ്ണി ജോസഫും അത് ശരിവെച്ചു.
Content Highlights: Mathew Kuzhalnadan criticized the government's handling of the CMRL Exalogic case regarding Pinarayi Vijayan