കോളനിയുടെ പേരുപോലും നോക്കാതെ ജലസേചനവകുപ്പിന്റെ പണി; വെട്ടിപ്പൊളിച്ച് പൈപ്പിട്ടത് മറ്റൊരു റോഡില്‍

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കാളികാവ്: കാളികാവ് ഗ്രാമപ്പഞ്ചായത്തില്‍ ജലവിതരണ പൈപ്പ് ഇടുന്നതില്‍ ആശയക്കുഴപ്പം നേരിട്ട് ജലസേചനവകുപ്പ്. ചേരിങ്ങപ്പടി കോളനിയിലേക്ക് കുടിവെള്ളമെത്തിക്കാന്‍ റോഡ് പൊളിച്ച് പൈപ്പിട്ടത് സമീപത്തെ താളിക്കുഴി റോഡിലാണ്. ജലജീവന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചേരിങ്ങപ്പടി കോളനിയില്‍ കുടിവെള്ളം എത്തിക്കാന്‍ ഗ്രാമപ്പഞ്ചായത്ത് ജലസേചനവകുപ്പിന് പദ്ധതിരേഖ സമര്‍പ്പിച്ചിട്ടുണ്ട്.

കോളനിയുടെ പേരും റോഡിന്റെ പേരും നോക്കാതെ അധികൃതര്‍ പണി നടത്തിയതാണ് പൊല്ലാപ്പായത്. താളിക്കുഴി കോളനിയിലേക്ക് കുടിവെള്ളമെത്തിക്കാന്‍ പഞ്ചായത്ത് പദ്ധതി തയ്യാറാക്കിയിട്ടുമില്ല. ടാറിട്ട താളിക്കുഴി റോഡിന്റെ നടുവിലൂടെ പൊളിച്ചുമാറ്റിയാണ് പൈപ്പിട്ടത്.

പിഴവ് ചൂണ്ടിക്കാട്ടി നാട്ടുകാരും ഗ്രാമപ്പഞ്ചായത്ത് അംഗവും പണി തടഞ്ഞപ്പോഴേക്കും 100 മീറ്ററോളം പൈപ്പ് സ്ഥാപിച്ച് കഴിഞ്ഞിരുന്നു. സ്ഥാപിച്ച പൈപ്പ് മണ്ണിട്ട് മൂടി അധികൃതര്‍ തലയൂരുകയുംചെയ്തു. ആവശ്യമില്ലാതെ പൊളിച്ച റോഡ് പൂര്‍വസ്ഥിതിയിലാക്കി നല്‍കണമെന്ന പ്രദേശവാസികളുടെ ആവശ്യം അധികൃതര്‍ അംഗീകരിച്ചിട്ടുണ്ട്. റോഡിലൂടെയുള്ള കാല്‍നടപോലും ദുഷ്‌കരമാണ്. കുടിവെള്ളക്ഷാമം രൂക്ഷമായ ചെരിങ്ങപ്പാറ കോളനിയിലേക്ക് വെള്ളം എത്തിക്കുന്ന പ്രവൃത്തി വീണ്ടും വൈകി.

പിഴവ് അംഗീകരിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ജലജീവന്‍ പദ്ധതിയില്‍ കുടിവെള്ളവിതരണം എസ്.സി. കോളനികള്‍ക്കാണ്. ഈ പരിഗണനയിലാണ് താളിക്കുഴി റോഡ് പൈപ്പിട്ടത് എന്ന വാദമാണ് അധികൃതര്‍ക്കുള്ളത്. പാതിവഴിയില്‍ പ്രവൃത്തി നിര്‍ത്തിവെച്ചതിനെക്കുറിച്ച് പ്രതികരണമില്ല. നാട്ടുകാര്‍ ആവശ്യപ്പെട്ടതിനാല്‍ റോഡ് ഗതാഗത യോഗ്യമാക്കുമെന്നും അധികൃതര്‍ പറഞ്ഞു.

Content Highlights: confusion in laying water supply pipe in Kalikavu