മരുന്നെഴുതുന്നത് ഒരേയൊരു മെഡിക്കല്‍ സ്റ്റോറിലേക്ക്; ആലപ്പുഴയില്‍ വനിതാ ഡോക്ടര്‍ക്കെതിരേ പരാതി

പ്രതീകാത്മക ചിത്രം. Photo: Gettyimages.in
പ്രതീകാത്മക ചിത്രം. Photo: Gettyimages.in

ആലപ്പുഴ: തിരുവമ്പാടിയിലെ സര്‍ക്കാര്‍ ആയുര്‍വേദ പഞ്ചകര്‍മ ആശുപത്രിയില്‍ ഒരു വനിതാ ഡോക്ടര്‍ക്കെതിരേ ആയുര്‍വേദ മെഡിക്കല്‍ സ്റ്റോറുടമകളുടെ സംഘടനയായ ഓള്‍ കേരള ആയുര്‍വേദ റീട്ടെയ്ല്‍ അസോസിയേഷന്‍ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കി. ആശുപത്രിക്ക് അടുത്തായി തുടങ്ങിയ പുതിയ മെഡിക്കല്‍ സ്റ്റോറിലേക്കു മാത്രമാണ് ഡോക്ടര്‍ മരുന്നു കുറിക്കുന്നതെന്നും ആയുര്‍വേദ ഗ്രന്ഥത്തില്‍പ്പോലും പരാമര്‍ശിക്കാത്ത മരുന്നുകളാണിവയെന്നുമാണ് പരാതി.

ഡോക്ടറുടെ തന്നെയാണ് മെഡിക്കല്‍ സ്റ്റോറെന്നും ഇതിനെതിരേ നടപടിയെടുക്കണമെന്നുമാണ് ആവശ്യം. ആയുര്‍വേദ മെഡിക്കല്‍ സ്റ്റോറുടമകളായ എ. സേതുനാഥ്, സി. അനുമോദ്, നിധിന്‍ കെ. രാജ്, ചന്ദ്രബോസ് നാരായണന്‍ എന്നിവരാണ് പരാതിക്കാര്‍. പരാതിയുടെ പകര്‍പ്പ് ആയുഷ് വകുപ്പിനും ഡ്രഗ് കണ്‍ട്രോള്‍ വിഭാഗത്തിനും കൈമാറിയിട്ടുണ്ട്.

ഔഷധിയുടെ മരുന്നുകള്‍ ആശുപത്രിയില്‍ത്തന്നെ ലഭ്യമാണ്. ഇവയെഴുതാതെയാണ് പുറത്തേക്ക് എഴുതിക്കൊടുക്കുന്നത്. ചിലര്‍ ഫോണ്‍ വഴി ഇതുസംബന്ധിച്ച് പരാതി അറിയിച്ചിട്ടുണ്ടെന്നും അന്വേഷിക്കുമെന്നും പഞ്ചകര്‍മ ആശുപത്രി സൂപ്രണ്ട് പറഞ്ഞു.

Content Highlights: complaint against doctor in government ayurveda hospital