കൊച്ചി അഴിമുഖത്ത് കുളിക്കാനിറങ്ങിയ കോളേജ് വിദ്യാര്‍ഥിനി ഒഴുക്കില്‍പ്പെട്ട് മരിച്ചു

ഫൈഹ
ഫൈഹ

വൈപ്പിന്‍: കൊച്ചി അഴിമുഖത്ത് കുളിക്കാനിറങ്ങിയ പെണ്‍കുട്ടി ഒഴുക്കില്‍പ്പെട്ട് മരിച്ചു. പാലക്കാട് പുതുപ്പള്ളിത്തെരുവ് ന്യൂ അബ്ബാസ് മന്‍സിലില്‍ ഷെയ്ക്ക് അബ്ദുല്ലയുടെ മകള്‍ ഫൈഹയാണ് (21) മരിച്ചത്. എറണാകുളം മഹാരാജാസ് കോളേജിലെ എംഎസ്സി (ജിയോളജി) ഒന്നാംവര്‍ഷ വിദ്യാര്‍ഥിനിയാണ്

ഒഴുക്കില്‍പ്പെട്ട രണ്ടുപേരെ കരയില്‍ ഫുട്ബോള്‍ കളിക്കുകയായിരുന്ന റോയിസ്റ്റന്‍ രക്ഷപ്പെടുത്തി. മുഹമ്മദ് ഇര്‍ഫാന്‍ സലിം, സിന്‍സിന എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.

മഹാരാജാസ് കോളേജ് വിദ്യാര്‍ഥികളായ പത്തുപേരാണ് ഫോര്‍ട്ട് വൈപ്പിനിലെത്തിയത്. ചീനവലകളോടുചേര്‍ന്നുള്ള നടപ്പാതയുടെ അറ്റത്ത് ആര്‍എംപി കനാലിന്റെ മുഖപ്പില്‍ വൈകീട്ട് ആറിനാണ് സംഭവം. സംഘത്തിലെ അഞ്ചുപേര്‍ ആഴംകുറഞ്ഞ ഭാഗത്ത് കുളിക്കാനിറങ്ങി. വേലിയിറക്കത്തില്‍ ഒഴുക്കില്‍പ്പെട്ട മൂന്നുപേരും പരസ്പരം കെട്ടിപ്പിടിച്ചു കിടക്കുന്നതിനിടയില്‍ വന്നടിച്ച തിരയില്‍ ഫൈഹ പിടിവിട്ടുപോകുകയായിരുന്നു. തിരച്ചിലില്‍ എല്‍എന്‍ജി ഭാഗത്ത് ഫൈഹയെ കണ്ടെത്തി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അച്ഛന്‍: ഷെയ്ക്ക് അബ്ദുള്ള ജില്ലാ പോലീസ് മുന്‍ ഫുട്‌ബോള്‍ ടീമംഗവും പാലക്കാട് സ്‌കൂള്‍ ഓഫ് സ്‌പോര്‍ട്‌സ് ഫുട്‌ബോള്‍ പരിശീലകനുമാണ്. അമ്മ: ഫൗസി ഷെയ്ക്ക് (അധ്യാപിക, പേഴുംകര മോഡല്‍ ഹൈസ്‌കൂള്‍).സഹോദരന്‍: വഹീം ഷെയ്ഖ് (ദുബായ്). ഫൈഹയുടെ മൃതദേഹം ജനറല്‍ ആശുപത്രിയില്‍.

Content Highlights: A 21-year-old MSc Geology student tragically drowned while bathing in the Kochi estuary at Vypeen. Two others were rescued.