പട്ടയമില്ല, പുറമ്പോക്ക് ഭൂമി; ശാന്തന്‍പാറയിലെ CPM ഓഫീസ് നിര്‍മ്മാണത്തിനുള്ള NOC നിരസിച്ച് കളക്ടര്‍

Photo: Screengrab/ Mathrubhumi News
Photo: Screengrab/ Mathrubhumi News

ഇടുക്കി: ഗാര്‍ഹികേതര ആവശ്യത്തിനാണ് നിര്‍മാണം എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ശാന്തന്‍പാറയിലെ സി.പി.എം. ഏരിയാകമ്മറ്റി ഓഫീസ് നിര്‍മാണത്തിനുള്ള എന്‍.ഒ.സി. അപേക്ഷ നിരസിച്ച് ജില്ലാ കളക്ടര്‍. എന്‍.ഒ.സി. നിഷേധിച്ച കളക്ടര്‍, കെട്ടിടത്തിന്റെ നിര്‍മാണപ്രവൃത്തികള്‍ നിര്‍ത്തിവെക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, നിര്‍മാണവുമായി ബന്ധപ്പെട്ട് നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് സി.പി.എം. നേതൃത്വത്തിന്റെ തീരുമാനം.

പാര്‍ട്ടി ഓഫീസിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട വാര്‍ത്ത ആദ്യം പുറത്തുകൊണ്ടുവന്നത് മാതൃഭൂമി ന്യൂസ് ആയിരുന്നു. തുടര്‍ന്ന് വിഷയത്തില്‍ ഇടപെട്ട ഹൈക്കോടതി, ഓഫീസ് നിര്‍മാണം നിര്‍ത്തിവെയ്ക്കാനായി ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. കോടതിയുടെ നിര്‍ദേശപ്രകാരമാണ് സി.പി.എം. നേതൃത്വം പാര്‍ട്ടി ഓഫീസിന്റെ നിര്‍മാണത്തിനായി എന്‍.ഒ.സി. ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ സമര്‍പ്പിച്ചത്.

തുടര്‍ന്ന് ജില്ലാ കളക്ടര്‍ക്ക് സി.പി.എം നല്‍കിയ അപേക്ഷയാണ് ഇപ്പോള്‍ തള്ളിയത്. കെട്ടിടം നിര്‍മിച്ചതില്‍ 12 ചതുരശ്രമീറ്റര്‍ പട്ടയമില്ലാത്ത ഭൂമിയിലാണെന്നും 48 ചതുരശ്രമീറ്റര്‍ റോഡ് പുറമ്പോക്ക് ഭൂമി കൈവശം വച്ചെന്നുമാണ് റവന്യൂവകുപ്പിന്റെ കണ്ടെത്തല്‍.

നേരത്തെ, ഹൈക്കോടതി വിലക്കിയിട്ടും ശാന്തന്‍പാറയില്‍ പാര്‍ട്ടി ഓഫീസ് നിര്‍മാണവുമായി മുന്നോട്ടുപോയ സി.പി.എം. ജില്ലാ നേതൃത്വത്തിനെതിരെ ഹൈക്കോടതി നടപടിയെടുത്തിരുന്നു. സി.പി.എം ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസിനെതിരേ കോടതിയലക്ഷ്യ നടപടിക്കാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ ഈ കെട്ടിടം സി.പി.എം ഉപയോഗിക്കുന്നതും അന്ന് കോടതി വിലക്കിയിരുന്നു.

റവന്യൂ വകുപ്പിന്റെ എന്‍.ഒ.സി. ലഭിച്ചിട്ടില്ലാത്ത ശാന്തന്‍പാറ ഏരിയ കമ്മിറ്റി ഓഫീസ് അടക്കമുള്ള സിപിഎം പാര്‍ട്ടി ഓഫീസുകളുടെ നിര്‍മാണം അടിയന്തരമായി നിര്‍ത്തിവയ്ക്കാന്‍ ഓഗസ്റ്റില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇടക്കാല ഉത്തരവിട്ടിരുന്നു. എന്നാല്‍ ഉത്തരവുവന്നശേഷവും ഓഫീസ് നിര്‍മാണം തുടരുകയായിരുന്നു. ഉത്തരവ് രേഖാമൂലം ലഭിച്ചില്ലെന്നായിരുന്നു ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം.

തുടര്‍ന്ന് റവന്യൂ വകുപ്പ് വീണ്ടും നിരോധന ഉത്തരവ് (സ്റ്റോപ്പ് മെമ്മോ) നല്‍കി. നിര്‍മാണം നിര്‍ത്താനും തല്‍സ്ഥിതി തുടരാനും ആവശ്യപ്പെട്ടാണ് ശാന്തന്‍പാറ വില്ലേജ് ഓഫീസര്‍ നിരോധന ഉത്തരവുനല്‍കിയത്. ഉടുമ്പന്‍ചോല ഭൂരേഖ തഹസില്‍ദാരുടെ നിര്‍ദേശാനുസരണം വില്ലേജ് ഓഫീസര്‍ ശാന്തന്‍പാറയിലെത്തി ലോക്കല്‍ സെക്രട്ടറിക്ക് ഉത്തരവ് കൈമാറി.

Content Highlights: Collector rejects application for NOC construction of CPM office at Shanthanpara idukki