തേങ്ങയ്ക്ക് വില കുതിച്ചുയർന്നു; നാട്ടിൻപുറങ്ങളിൽ തേങ്ങാക്കള്ളന്മാർ വിലസുന്നു

പ്രതീകാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി
പ്രതീകാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി

കൊടുവള്ളി: നാട്ടിൻപുറങ്ങളിൽ തേങ്ങാമോഷ്ടാക്കൾ വിലസുന്നു. തേങ്ങയ്ക്ക് വില കുതിച്ചുയർന്നത് നാളികേര കർഷകർക്ക് ആശ്വാസംപകർന്നെങ്കിലും മോഷ്ടാക്കൾ ഇവരുടെ ഉറക്കംകെടുത്തുകയാണിപ്പോൾ. ഇക്കാരണത്താൽ പറമ്പുകളിൽ നട്ടപ്പാതിരയ്ക്കും തെങ്ങിന് കാവലിരിക്കേണ്ട അവസ്ഥയിലാണ് കർഷകരിപ്പോൾ.

തെങ്ങിൽനിന്ന് തേങ്ങയിടാൻ ആളെക്കിട്ടാതായതോടെ പലയിടത്തും തെങ്ങിൽനിന്ന് തേങ്ങ ഉണങ്ങി പറമ്പുകളിൽ വീണുകിടക്കുന്ന സ്ഥിതിയാണുണ്ടായിരുന്നത്. ഉടമസ്ഥർ വല്ലപ്പോഴും പറമ്പുകളിൽവന്ന് തേങ്ങ പെറുക്കിക്കൂട്ടി വിൽക്കാറാണ് പതിവ്. എന്നാൽ, ഇതിനിടെയാണ് തേങ്ങവില വാണംപോലെ കുതിച്ചുയർന്നതും തേങ്ങാമോഷണം പതിവായതും. പറമ്പുകളിൽ വീണുകിടക്കുന്ന തേങ്ങയാണ് അധികവും മോഷണംപോകുന്നത്.

ആളൊഴിഞ്ഞ സ്ഥലങ്ങളിലുള്ള പറമ്പുകളിലെ തെങ്ങുകളിൽ കയറിയാണ് മോഷ്ടാക്കൾ തേങ്ങ താഴെയിട്ട് ചക്കിലാക്കി കടത്തിക്കൊണ്ടുപോകുന്നത്. തേങ്ങ വലിച്ചശേഷം പറമ്പുകളിൽ കൂട്ടിയിട്ടതും കടത്തിക്കൊണ്ടുപോയതായി പരാതിയുണ്ട്. മാത്രമല്ല, തേങ്ങാക്കൂട്ടിൽ സൂക്ഷിച്ച തേങ്ങയും മോഷണംപോകുന്നുണ്ട്. ഇതിനുപുറമേ വിറകുപുരകളിലും മറ്റും വീട്ടാവശ്യത്തിനായി കരുതിവെച്ച തേങ്ങപോലും മോഷ്ടാക്കൾ കൊണ്ടുപോകുന്നതായും പരാതിയുണ്ട്.

ചുണ്ടപ്പുറം കാരാട്ടുപൊയിൽ പൊയിലുംപാളിയിൽ മുഹമ്മദിന്റെ പറമ്പിൽ തെങ്ങിൽനിന്ന് ഉണങ്ങി വീണുകിടന്ന ധാരാളം തേങ്ങകൾ മോഷണംപോയതായി പരാതിയുണ്ട്‌. കൊടുവള്ളിയിൽ തേങ്ങാക്കച്ചവടം നടത്തുന്ന മുഹമ്മദ് രണ്ടുമാസത്തിനുശേഷമായിരുന്നു വീട്ടിൽനിന്ന് അല്പം അകലെയുള്ള പറമ്പിൽ ശനിയാഴ്ച രാവിലെ തേങ്ങയിടാൻ ആളുമായെത്തിയത്. അപ്പോഴാണ് തേങ്ങ മോഷണംപോയ വിവരമറിയുന്നത്.

വാവാടും പരിസരപ്രദേശങ്ങളിലും കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഒട്ടേറെ പറമ്പുകളിൽനിന്നാണ് മോഷ്ടാക്കൾ തേങ്ങ കടത്തിക്കൊണ്ടുപോയത്. മോഷ്ടാക്കളെക്കുറിച്ച് യാതൊരു വിവരവുമില്ലാത്തതിനാൽ ആരും പോലീസിൽ പരാതിനൽകിയിട്ടില്ല. തേങ്ങാമോഷണം വ്യാപകമായത് നാട്ടുകാർക്ക് തലവേദനയായിമാറിയിരിക്കുകയാണ്.

Content Highlights: *Rising Coconut Prices Fuel Surge in Coconut Theft in Koduvally