'സുഹൃത്ത് ചതിച്ചു'; മയക്കുമരുന്ന് കടത്തിന് പിടിയിലായതിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ചയാളുടെ മൊഴി

നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളത്തിൽ മൂന്നര കിലോ മെത്താക്യുലോൺ മയക്കുമരുന്നുമായി പിടിയിലായതിനെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച ആന്ധ്രപ്രദേശ് സ്വദേശി സത്യനാരായണ റൊക്കല്ലയെ സുഹൃത്ത് ചതിച്ചതാണെന്ന് മൊഴി. സത്യനാരായണ റൊക്കല്ലയോടൊപ്പം ആന്ധ്രപ്രദേശ് സ്വദേശി അരുൺകുമാർ പണ്ടാരി എന്നയാളും പിടിയിലായിരുന്നു. അരുൺകുമാർ പണ്ടാരി തന്നെ ചതിച്ചതാണെന്നാണ് സത്യനാരായണ റൊക്കല്ല മൊഴി നൽകിയിരിക്കുന്നത്.
സുഹൃത്തുക്കളായ ഇരുവരും തായ്ലാൻഡിൽ വിനോദയാത്രയ്ക്ക് പോയതാണ്. വിനോദ സഞ്ചാരത്തിനെന്ന പേരിൽ കൊണ്ടുപോയി അരുൺകുമാർ പണ്ടാരി തന്നെ ചതിക്കുകയായിരുന്നുവെന്നാണ് സത്യനാരായണ റൊക്കല്ല മൊഴി നൽകിയിട്ടുള്ളത്. ബാഗേജിൽ മയക്കുമരുന്ന് ഉണ്ടായിരുന്നതായി തനിക്ക് അറിയില്ലായിരുന്നുവെന്നും സുഹൃത്ത് ചതിച്ചതായി അറിഞ്ഞപ്പോഴാണ് വയറ്റത്ത് കത്രിക കൊണ്ട് കുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നുമാണ് ഇയാൾ മൊഴി നൽകിയിരിക്കുന്നത്. എന്നാൽ തന്നെ മറ്റൊരാൾ ചതിക്കുകയായിരുന്നുവെന്നാണ് അരുൺകുമാർ പണ്ടാരിയുടെ മൊഴി.
ആലുവ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന ഇരുവരെയും കൂടുതൽ ചോദ്യം ചെയ്യലിനായി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ.) വിഭാഗം കസ്റ്റഡിയിൽ വാങ്ങും. ഇതിനായി അടുത്ത ദിവസം കോടതിയിൽ അപേക്ഷ നൽകും. അരുൺകുമാറാണ് മയക്കുമരുന്ന് കടത്തുന്നതിന് ചുക്കാൻ പിടിച്ചത്. അതിനാൽ ഇയാളെ കേന്ദ്രീകരിച്ച് ഡി.ആർ.ഐ. വിശദമായ അന്വേഷണം നടത്തുന്നുണ്ട്. തിങ്കളാഴ്ചയാണ് തായ് ലയൺ എയർ വിമാനത്തിൽ ബാങ്കോക്കിൽ നിന്ന് എത്തിയ ഇരുവരെയും മയക്കുമരുന്നുമായി ഡി.ആർ.ഐ. പിടികൂടിയത്.
Content Highlights: Kochi Airport Drug Bust: Friend Framed Me, Claims Accused