വിമാനം താഴ്ന്നിറങ്ങുന്നതിനിടെ കാറ്റടിച്ച് വീടിന്റെ മേൽക്കൂര തകർന്നു; ഓടുവീണ് വീട്ടുടമസ്ഥന് പരിക്ക്

അത്താണി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ താഴ്ന്നിറങ്ങിയ വിമാനത്തിന്റെ കാറ്റടിച്ച് ഓടിട്ട വീടിന്റെ മേൽക്കൂര തകർന്നു. ശക്തിയായ കാറ്റിൽ ഓടുകൾ പറന്ന് വീടിനകത്തും പുറത്തും വീണു. അത്താണി കേരള ആയുർവേദ ഫാർമസിക്കുസമീപം ശാന്തിനഗർ കാട്ടുപറമ്പിൽ സൈമണിന്റെ വീടിന്റെ മേൽക്കൂരയാണ് തകർന്നത്. പൊട്ടിയ ഓട് സൈമണിന്റെ തോളത്തുവീണ് പരിക്കുപറ്റി.
ഞായറാഴ്ച രാവിലെ എട്ടിനുശേഷമാണ് സംഭവം. വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ എത്തിയ ഗൾഫ് വിമാനത്തിൽനിന്നാണ് ശക്തമായ കാറ്റടിച്ചത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്ന് ഏകദേശം നാലര കിലോമീറ്റർ പടിഞ്ഞാറുമാറി ദേശീയപാതയോടുചേർന്നാണ് അത്താണി ശാന്തിനഗർ. സൈമണും ഭാര്യ ശോശാമ്മയും രാവിലെ പള്ളിയിലെ പ്രാർഥന കഴിഞ്ഞ് വീട്ടിലെത്തിയ ഉടനെയായിരുന്നു സംഭവം.
വലിയ ശബ്ദത്തോടെ താഴ്ന്നുപറന്ന വിമാനത്തിന്റെ പ്രകമ്പനത്തിൽ വീടിന്റെ മേൽക്കൂര കുലുങ്ങി ഓടുകൾ പറന്നുവീഴുകയായിരുന്നു. 100-ഓളം ഓടുകൾ കാറ്റിൽ പറന്നുവീണു. പുറത്തേക്കോടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് സൈമണിന്റെ ദേഹത്ത് ഓട് വീണത്.
രണ്ടുവർഷം മുൻപ് സമീപത്തെ മറ്റു വീടുകൾക്കും ഇത്തരത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വിമാനത്താവളത്തിൽനിന്ന് ജംബോ ഉൾപ്പെടെ വിമാനങ്ങൾ ഉയരുമ്പോഴും ഇറങ്ങുമ്പോഴും ശക്തമായ കാറ്റിൽ വീടിന്റെ ജനലുകളും വാതിലുകളും ഇളകുന്നതും ഓടുകളും ഷീറ്റുകളും പറന്നുവീഴുന്നതും പതിവാണെന്ന് നാട്ടുകാർ പറയുന്നു. വിമാനങ്ങൾ പറന്നുയരുന്നതും ലാൻഡ് ചെയ്യാൻ താഴുന്നതുമായ ദിശകളിലാണ് ശാന്തിനഗറിലെ വീടുകൾ.
സൈമൺ പഞ്ചായത്ത് അധികൃതരെയും വിമാനത്താവള അധികൃതരെയും വിവരം അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ജോർജ്, വൈസ് പ്രസിഡന്റ് സി.വൈ. ശാബോർ, വാർഡ് മെംബർ ഉഷാ സുന്ദരൻ, നെടുമ്പാശ്ശേരി വിമാനത്താവള അധികൃതർ എന്നിവർ സൈമണിന്റെ വീട്ടിലെത്തി.
Content Highlights: A landing Gulf flight caused a severe wind blast near Athani, damaging a house roof., Approximately 100 tiles were blown away, causing injury to the homeowner, Simon., Residents report recurring structural damage to homes due to low-flying aircraft., Local authorities and CIAL officials have been notified for investigation.