കടലിൽപെട്ടവർക്ക് രക്ഷാകരം ഇനി പറന്നെത്തും; കോസ്റ്റൽ പോലീസിന് അത്യാധുനിക ഡ്രോണുകളും ഇന്റർസെപ്റ്റർ ബോട്ടുകളും

തിരുവനന്തപുരം: കടലിനടിയിലും പുറംകടലിലും തിരച്ചിൽ നടത്തുന്നതിനുള്ള ആധുനിക ഡ്രോണുകളും ഇന്റർസെപ്റ്റർ ബോട്ടുകളും സജ്ജമാക്കി കോസ്റ്റൽ പോലീസ്. സംസ്ഥാനത്തെ 18 കോസ്റ്റൽ പോലീസ് സ്‌റ്റേഷനുകളിലാണ് രക്ഷാദൗത്യമടക്കമുള്ള സേവനങ്ങൾക്ക് അത്യാധുനിക ഡ്രോണുകളും ഇന്റർസെപ്റ്റർ ബോട്ടുകളും സജ്ജമാക്കുക. ഡ്രോണുകളുടെ പരീക്ഷണ പറക്കൽ ആഴിമലക്ക് സമീപം അടിമലത്തുറ തീരത്ത് നടത്തി.
വാങ്ങുന്നത് മൂന്നുതരം ഡ്രോണുകൾ
മൂന്നുതരത്തിലുള്ള ഡ്രോണുകളാണ് കോസ്റ്റൽ പോലീസ് വാങ്ങുക. കടലിൽ അഞ്ചുകിലോമീറ്ററോളം ദൂരത്തിൽ സഞ്ചരിച്ച് തിരച്ചിൽ നടത്തുന്നതിനുള്ള സർവെയ്‌ലൻസ് ഡ്രോൺ, കടലിൽ അപകടത്തിൽപ്പെട്ട് കിടക്കുന്നവരെ രക്ഷപ്പെടുത്തുന്നതിന് റോപ്പും ബോയയും ഇട്ടുനൽകാൻ ശേഷിയുള്ള റെസ്‌ക്യൂ ഡ്രോൺ, 10 കിലോമീറ്ററോളം കടലിൽ സഞ്ചരിച്ച് ദൃശ്യങ്ങൾ തൽസമയം അയയ്ക്കാൻ ശേഷിയുള്ള ഫിക്‌സഡ് വിങ് ഡ്രോൺ എന്നിവയാണ് വാങ്ങാൻ പദ്ധതിയിട്ടിട്ടുള്ളത്. സംസ്ഥാന പോലീസ് മേധാവിയുടെ പ്രത്യേക നിർദേശത്തെ തുടർന്നാണ് കോസ്റ്റൽ പോലീസിന് അടിയന്തരമായി പുതിയ ഡ്രോണുകൾ വാങ്ങിനൽകുന്നതെന്ന് സൈബർ ഓപ്പറേഷൻസ് എസ്.പി. അങ്കിത് അശോകൻ മാതൃഭൂമിയോട് പറഞ്ഞു.
വിവിധ കമ്പനികൾ എത്തിച്ച വ്യത്യസ്തയിനം ഡ്രോണുകളുടെ പരീക്ഷണ പറക്കലാണ് കഴിഞ്ഞ ദിവസം അടിമലത്തുറയിൽ നടത്തിയത്. തിങ്കളാഴ്ചയും ഇത് തുടരും.
കടലപകടങ്ങളിൽപ്പെട്ട് മത്സ്യത്തൊഴിലാളികളെ കാണാതാകുന്ന സംഭവങ്ങൾ ഏറിവരുന്ന സാഹചര്യത്തിലാണ് സേനയ്ക്ക് ആധുനിക സൗകര്യങ്ങളൊരുക്കുന്നത്.
മുൻ എ.ഐ.ജി. പൂങ്കുഴലി കോസ്റ്റൽ പോലീസിനെ ആധുനികീകരിക്കുന്നതിന് അത്യാധുനിക ഡ്രോൺ ഉൾപ്പെടെ ഉപകരണങ്ങൾ വാങ്ങണമെന്ന് സർക്കാരിന് വിശദ റിപ്പോർട്ട് നൽകിയിരുന്നു. ഈ വാർത്ത മാതൃഭൂമി പ്രസിദ്ധീകരിച്ചിരുന്നു.
Content Highlights: Kerala Coastal Police is equipping 18 stations with surveillance, rescue, and fixed-wing drones alongside interceptor boats. Trial flights were conducted off the Adimalathura coast to modernize marine search and rescue operations.