സിഎംആർഎൽ-എക്‌സാലോജിക് കേസ്: വീണയെ ചോദ്യംചെയ്യാൻ ഇഡി; ഉടൻ സമൻസ് നൽകിയേക്കും

കൊച്ചി: സിഎംആർഎൽ-എക്‌സാലോജിക് കേസിൽ വീണാവിജയനെ കേന്ദ്ര അന്വേഷണ ഏജൻസിയായ ഇഡി ഉടൻ ചോദ്യംചെയ്‌തേക്കും. കേസുമായി ബന്ധപ്പെട്ട നടപടികൾ ഇഡി വേഗത്തിലാക്കിയിട്ടുണ്ട്. വീണയ്ക്ക് ഉടൻ സമൻസ് നൽകുമെന്നാണ് വിവരം. കഴിഞ്ഞ ദിവവസം ഇഡി ഡയറക്ടർ രാഹുൽ നവീൻ കൊച്ചിയിൽ നടത്തിയ യോഗത്തിൽ കേസിലെ നടപടികൾ വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ പച്ചക്കൊടി ലഭിച്ച സാഹചര്യത്തിലായിരുന്നു നിർദേശം.
അടുത്തിടെ നടത്തിയ റെയ്ഡിനു പിന്നാലെ മരവിപ്പിച്ച 242 അക്കൗണ്ടുകളിലെ 18.36 കോടി രൂപ കണ്ടുകെട്ടാനുള്ള നടപടികളിലേക്കും ഇഡി കടന്നിട്ടുണ്ട്. മരവിപ്പിച്ച അക്കൗണ്ടുകളിലൊന്ന് വീണയുടേതാണ്. എച്ച്ഡിഎഫ്സി ബാങ്കിലെ അക്കൗണ്ടിലെ പണം ഉൾപ്പെടെ ഇഡി കണ്ടുകെട്ടിയേക്കും. ഇതിനായി വരുംദിവസങ്ങളിൽ അഡ്ജൂഡിക്കേറ്റിങ് അതോറിറ്റിക്ക് ഔദ്യോഗിക റിപ്പോർട്ട് നൽകാനുള്ള ഒരുക്കത്തിലാണ് ഇഡി.
ചോദ്യംചെയ്യുന്നതിന് മുന്നോടിയായി വീണയുടെ ബാങ്ക് ലോക്കർ പരിശോധിക്കാനും ഇഡി ആലോചിക്കുന്നുണ്ട്. ഇതിന് ശേഷം വീണയ്ക്ക് ചോദ്യംചെയ്യലിനായി സമൻസ് നൽകും. റെയ്ഡുകളിലൂടെ പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളും ബാങ്ക് രേഖകളും നിലവിൽ ഉദ്യോഗസ്ഥരുടെ വിശദമായ പരിശോധനയിലാണ്. സിഎംആർഎൽ സുപ്രീം കോടതിയെ സമീപിക്കാൻ സാധ്യതയുള്ളതിനാൽ കൃത്യമായ തെളിവുകളോടെ പഴുതടച്ച അന്വേഷണമാണ് ഇഡി നടത്തുന്നത്.
സി.എം.ആർ.എൽ. കമ്പനി വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊലൂഷൻസ് എന്ന കമ്പനിക്ക് ഇല്ലാത്ത സേവനത്തിന് പ്രതിഫലം നൽകിയെന്നതാണ് കേസ്.
Content Highlights: ED fast-tracking the CMRL-Exalogic investigation following High Court approval., Preparation to issue a formal summons to Veena Vijayan for questioning., Initiation of proceedings to seize 18.36 crore rupees from 242 frozen accounts., Proposed inspection of bank lockers linked to the suspect before questioning., Comprehensive analysis of seized electronic evidence and bank documentation.