സി.എം.ആർ.എൽ.-എക്സാലോജിക് കേസ്; സുപ്രീംകോടതി വിധി പിണറായിക്കൊപ്പം സി.പി.എമ്മിനും ആശ്വാസം

തിരുവനന്തപുരം: പിണറായി വിജയനൊപ്പം സി.പി.എമ്മിനും ആശ്വാസം നൽകുന്നതാണ് സി.എം.ആർ.എൽ.-എക്സാലോജിക് കേസിൽ വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത സുപ്രീംകോടതിയുടെ ഉത്തരവ്. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന് അപ്പീൽ നൽകാൻ ലഭിച്ച ഒരാഴ്ച സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം നിർണായകമായിരുന്നു.
പിണറായിയോട് ചോദ്യംചെയ്യലിന് ഹാജരാകാൻ ഇ.ഡി. ആവശ്യപ്പെട്ടിട്ടുള്ളത് 23-നാണ്. സി.പി.എമ്മിന്റെ നേതൃയോഗവും നടക്കുന്ന സമയമാണ്. ഹർജി സുപ്രീംകോടതി തള്ളിയിരുന്നെങ്കിൽ ഈ ദിവസങ്ങൾ പിണറായിക്കും സി.പി.എമ്മിനും നെഞ്ചിടിപ്പിന്റേതാകുമായിരുന്നു. മറിച്ചായതോടെ, പാർട്ടി വാദത്തിന് താത്കാലികമായെങ്കിലും നിയമപരമായി ലഭിച്ച അംഗീകാരമായി സുപ്രീംകോടതി വിധി മാറി.
'ഇ.ഡി.-വി.ഡി.-മോദി' എന്നതാണ് സി.പി.എം. ഉയർത്തുന്ന രാഷ്ട്രീയ പ്രചാരണവാക്യം. ഇ.ഡി. ബി.ജെ.പി.ക്കുവേണ്ടി രാഷ്ട്രീയദൗത്യം ഏറ്റെടുത്ത് പ്രവർത്തിക്കുന്ന അന്വേഷണ ഏജൻസിയാണെന്ന വാദം കോൺഗ്രസ് അടക്കമുള്ള ബി.ജെ.പി. ഇതര പ്രതിപക്ഷപാർട്ടികൾ ഒന്നാകെ ഉന്നയിക്കുന്നതാണ്.
ആ ഇ.ഡി. പിണറായിക്കും കുടുംബത്തിനുമെതിരേ ഒരുതെളിവുമില്ലാത്ത ആരോപണങ്ങളാണ് സംസ്ഥാന പോലീസ് മേധാവിക്ക് കത്തിലൂടെ നൽകിയതെന്നാണ് സി.പി.എം. പറയുന്നത്. അത് പിണറായിയെ മാത്രമല്ല, സി.പി.എമ്മിനെയും രാഷ്ട്രീയമായി വേട്ടയാടാൻ ലക്ഷ്യമിട്ടുള്ളതാണെന്നും കുറ്റപ്പെടുത്തുന്നുണ്ട്. ഇത്രയും കാര്യങ്ങൾ പാർട്ടിക്കുള്ളിലും പുറത്തും പറഞ്ഞ് ബോധ്യപ്പെടുത്തുക എന്ന ശ്രമകരമായ ദൗത്യമാണ് സി.പി.എമ്മിനുണ്ടായിരുന്നത്.
Content Highlights: Supreme Court stayed the vigilance inquiry in the CMRL-Exalogic case., Provides major political relief to Chief Minister Pinarayi Vijayan and the CPI(M)., Alleviates pressure ahead of the ED questioning and party leadership meetings.