പിണറായിക്ക് തിരിച്ചടി; അപ്പീലിന് അനുവദിക്കാതെ ഹൈക്കോടതി,’FIR ഇടുന്നതിന് മുമ്പ് പ്രതികളെ കേൾക്കേണ്ടതില്ല’ ഇ.ഡി വാദം ശരിവെച്ചു

കൊച്ചി: സിഎംആർഎൽ എക്സാലോജിക് കേസിൽ പിണറായി വിജയൻ, മുഹമ്മദ് റിയാസ് അടക്കമുള്ള പ്രതികൾക്ക്
തിരിച്ചടി. പണമിടപാടുകേസിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരേ അപ്പീൽ നൽകാൻ ഹൈക്കോടതി അനുമതി നൽകിയില്ല. ഇ.ഡി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടാൻ ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചു.
അപ്പീൽ നൽകാൻ പ്രത്യേക അനുമതിയാണ് പിണറായി വിജയൻ അടക്കമുള്ള പ്രതികൾ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഈ അപേക്ഷ ബെഞ്ച് തള്ളി. സിംഗിൾ ബെഞ്ച് ഉത്തരവിന്റെ അടിസ്ഥാനത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തുകഴിഞ്ഞു. അത് ചോദ്യം ചെയ്യാനുള്ള അധികാരം പിണറായി അടക്കമുള്ള പ്രതികൾക്കുണ്ട്. അതുകൊണ്ട് ഇപ്പോൾ അപ്പീൽ ഫയൽ ചെയ്യാൻ അനുവദിക്കേണ്ടതില്ലെന്നാണ് കോടതി വ്യക്തമാക്കുന്നത്. സിംഗിൾ ബെഞ്ച് പരിഗണിച്ച ഹർജിയിൽ പിണറായി അടക്കമുള്ളവർ കക്ഷിയല്ലാത്തതിനാൽ കോടതി അനുവദിച്ചാലേ അപ്പീൽ സ്വീകരിക്കാൻ കഴിയുകയുള്ളൂ. എന്നാൽ കേസിൽ പിണറായി ഉൾപ്പെടെയുള്ളവർക്ക് തിരിച്ചടി നൽകുന്ന ഉത്തരവാണ് ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ചിരിക്കുന്നത്.
സംസ്ഥാന സർക്കാർ തീരുമാനിച്ച പ്രാഥമികാന്വേഷണത്തിനായുള്ള എസ്ഐടി റദ്ദാക്കി, ഇഡി നൽകിയ കത്തിൽ വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാനാണ് സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്. എന്നാൽ ഈ ഉത്തരവ് തെറ്റാണെന്നായിരുന്നു പ്രതികൾ വാദിച്ചു. തങ്ങളെ കേൾക്കാതെ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ടത് തെറ്റാണൊണ് പ്രതികളായ പിണറായി വിജയൻ, ടി.വീണ, മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവർ വാദിച്ചത്. കേസുമായി ഒരു ബന്ധവുമില്ലാത്തയാളാണ് ഹർജി നൽകിയത്. പൊതുതാത്പര്യ സ്വഭാവമുള്ള ഹർജി സിംഗിൾ ബെഞ്ച് പരിഗണിച്ചത് തെറ്റാണ്. ഇ.ഡി. റിപ്പോർട്ടിൽ സർക്കാർ എസ്.ഐ.ടി. രൂപവത്കരിച്ച് പ്രാഥമികാന്വേഷണം തുടങ്ങിയതാണ്. അത് റദ്ദാക്കി വിജിലൻസിനോട് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാൻ നിർദേശിച്ചതും തെറ്റാണെന്ന് പ്രതികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകർ വാദിച്ചിരുന്നു. മൂന്ന് മണിക്കൂർ നീണ്ട വാദമായിരുന്നു അപ്പീൽ അനുവദിക്കാനായി കോടതിയിൽ നടന്നത്.
സംസ്ഥാന സർക്കാരിനും തിരിച്ചടി നൽകുന്ന ഉത്തരവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. എഫ്.ഐ.ആറിനുമുൻപ് പ്രാഥമികാന്വേഷണം എന്ന നിലപാടാണ് കേസിൽ സംസ്ഥാന സർക്കാരിനുമുള്ളത്. ഇ.ഡി. കത്ത് അനുസരിച്ചാണ് എസ്.ഐ.ടി.ക്ക് രൂപം നൽകി പ്രാഥമികഅന്വേഷണത്തിന് ഉത്തരവിട്ടത്. ഇക്കാര്യത്തിൽ സർക്കാരിന് വിവേചനാധികാരമുണ്ട്. പ്രാഥമികാന്വേഷണം നടത്തിയതിൽ തെറ്റില്ല. അഴിമതിക്കേസിൽ വിജിലൻസിന് മാത്രമല്ല നിശ്ചിതറാങ്കിലുള്ള ഏത് പോലീസ് ഉദ്യോഗസ്ഥനും കേസെടുക്കാമെന്നായിരുന്നു സർക്കാർ വാദം. എന്നാൽ എസ്.ഐ.ടി റിപ്പോർട്ട് റദ്ദാക്കി ഇ.ഡി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാനാണ് സിംഗിൾ ബെഞ്ച് നിർദേശം.
Content Highlights: Kerala High Court denied permission for an appeal to Pinarayi Vijayan and other accused., The division bench refused to interfere with the single bench order to register an FIR based on the ED report., Court noted that since the FIR is already registered, the accused have the right to challenge it directly., The plea seeking special permission to file an appeal was officially dismissed.