സി.എം.ആർ.എൽ.-എക്സാലോജിക് പണമിടപാട് കേസ്; ഇ.ഡി കത്തിൽ സർക്കാർ നടപടി കരുതലോടെ

കൊച്ചി: സി.എം.ആർ.എൽ.-എക്സാലോജിക് പണമിടപാടു കേസിൽ മുൻമുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർക്കെതിരേ അഴിമതിനിരോധന നിയമപ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് ഇ.ഡി. നൽകിയ കത്തിൽ തുടർനടപടികളിൽ കരുതലോടെ സർക്കാർ. സർക്കാർ സ്വീകരിക്കുന്ന ഏതുനടപടിയെയും പ്രതിരോധിക്കാനുള്ള നിയമപരമായ സാധ്യതകളാണ് സി.പി.എമ്മും പരിശോധിക്കുന്നത്. ഏതാനും ദിവസത്തിനകം തുടർനടപടികളിൽ സർക്കാരിന് നിയമോപദേശം ലഭിക്കും.
ഇ.ഡി. നൽകിയ കത്തിന്റെ പേരിൽമാത്രം എഫ്.ഐ.ആർ. രജിസ്റ്റർചെയ്യാൻ സർക്കാരിന് ബാധ്യതയില്ലെന്ന് ഡൽഹി ഹൈക്കോടതിയുടെ ഉത്തരവുണ്ട്. എന്നാൽ, കത്തിൽ ചൂണ്ടിക്കാട്ടുന്ന വിവരങ്ങളിൽ കേസെടുക്കാൻ കാരണങ്ങളുണ്ടെങ്കിൽ പിണറായി വിജയനടക്കമുള്ളവർക്കെതിരേ എഫ്.ഐ.ആർ. രജിസ്റ്റർചെയ്യാൻ നിയമപരമായ തടസ്സങ്ങളില്ല. പക്ഷേ, ഇ.ഡി. കേസിൽ പ്രതിയായ ഒരാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽമാത്രം എഫ്.ഐ.ആർ. രജിസ്റ്റർചെയ്താൽ ചോദ്യംചെയ്യപ്പെടുമെന്നത് സർക്കാർ ഗൗരവത്തോടെയാണ് കാണുന്നത്. അതിനാൽ ഇ.ഡി. കത്തിന്റെ വെളിച്ചത്തിൽ ദ്രുതപരിശോധനയ്ക്കായിരിക്കും സർക്കാർ തീരുമാനിക്കുക. ഇതിന്റെ അടിസ്ഥാനത്തിൽ വിജിലൻസിന് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാനാകും.
സി.എം.ആർ.എൽ.-എക്സാലോജിക് പണമിടപാട് കേസിന്റെ അടിസ്ഥാനം ഇന്ററിം സെറ്റിൽമെന്റ് ബോർഡ് റിപ്പോർട്ടാണ്. ഇതിൽ എക്സാലോജിക് സൊല്യുഷൻസ് ഉടമ ടി. വീണ മുഖ്യമന്ത്രി പിണറായി വിജയന്റെ മകളാണെന്ന പരിഗണനയുടെ പേരിലാണ് സി.എം.ആർ.എൽ. പണം നൽകിയതെന്നുണ്ട്. ഈ റിപ്പോർട്ടിനെ ചോദ്യംചെയ്തിട്ടില്ലാത്തതിനാൽ വീണ അടക്കമുള്ളവരുടെപേരിൽ അഴിമതിനിരോധന നിയമപ്രകാരമുള്ള കേസ് നിലനിൽക്കുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. പണം നൽകിയ സി.എം.ആർ.എൽ. ഉടമ ശശിധരൻ കർത്തയടക്കമുള്ളവർക്കെതിരേയും കേസ് ചുമത്താനാകും.
ഇ.ഡി.ക്ക് നൽകുന്ന മൊഴിക്ക് തെളിവുമൂല്യം ഉണ്ടെങ്കിലും അത് പി.എം.എൽ.എ. കേസുകൾക്ക്് മാത്രമാണ് ബാധകമാകുകയെന്ന് ഹൈക്കോടതി അഭിഭാഷകനായ പി. നാരായണൻ പറഞ്ഞു. വ്യക്തമായ തെളിവുകളില്ലാതെ സി.എം.ആർ.എലിന്റെ ചീഫ് ഫിനാൻസ് ഓഫീസറും ഇ.ഡി. കേസ് പ്രതിയുമായ പി. സുരേഷ് കുമാറിന്റെ മൊഴിയുടെമാത്രം അടിസ്ഥാനത്തിൽ വിജിലൻസ് എഫ്.ഐ.ആർ. രജിസ്റ്റർചെയ്താൽ കോടതിയിൽ ചോദ്യംചെയ്യാനാകും.
സി.എം.ആർ.എൽ.-എക്‌സാലോജിക് ഇടപാടിൽ വിജിലൻസ് കേസെടുക്കാത്തതിനെതിരേ കോൺഗ്രസ് നേതാവായ മാത്യു കുഴൽനാടൻ മുൻപ് നൽകിയ ഹർജി ഹൈക്കോടതി തള്ളിയതും ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്.
Content Highlights: Kerala government is exercising caution regarding the ED letter demanding a corruption case over the CMRL-Exalogic transaction., Legal advice is expected within days to determine if an FIR can be registered based solely on the ED's communication and accused statements., The case stems from the Interim Settlement Board report involving Chief Minister Pinarayi Vijayan's daughter, Veena.