ചാടിക്കയറി നിലപാടെടുത്തെങ്കിൽ സർക്കാരിന് തലയിൽ മുണ്ടിട്ട് നടക്കേണ്ടി വന്നേനെ; പിണറായിക്കെതിരായ നടപടി ശരിയെന്ന് മുരളീധരൻ

തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയനെതിരായ സർക്കാർ നടപടി ശരിയെന്ന് ആവർത്തിച്ച് ആരോഗ്യമന്ത്രി കെ. മുരളീധരൻ. തിടുക്കപ്പെട്ട് ചാടിക്കയറി തീരുമാനമെടുത്തിരുന്നെങ്കിൽ സർക്കാരിന് തലയിൽ മുണ്ടിട്ട് പോകേണ്ട അവസ്ഥ വരുമായിരുന്നുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് പാർട്ടി പ്രവർത്തകരുടെ വികാരം പൂർണമായും മനസ്സിലാകുന്നുണ്ടെങ്കിലും, സർക്കാർ ഒരു നടപടിയിലേക്ക് കടക്കുമ്പോൾ കൃത്യമായി ആലോചിച്ചും സുതാര്യമായും മാത്രമേ തീരുമാനമെടുക്കാൻ സാധിക്കൂ എന്ന് അദ്ദേഹം വ്യക്തമാക്കി. ക്യാബിനറ്റിൽ വിഷയം വിശദമായി ചർച്ച ചെയ്ത ശേഷമാണ് നിലപാടിലേക്ക് എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ED) റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രം കേസ് രജിസ്റ്റർ ചെയ്യുന്നത് ശരിയല്ലെന്നതാണ് സർക്കാരിന്റെ നിലപാട്. പ്രഥമദൃഷ്ട്യാ അന്വേഷണത്തിൽ വീഴ്ച കണ്ടെത്തിയാൽ മാത്രമേ കേസ് മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കൂ. ഹൈക്കോടതി വിധിയും ഇതുതന്നെയാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്.' അദ്ദേഹം പറഞ്ഞു.
'ഹൈക്കോടതി വിധി വന്ന പശ്ചാത്തലത്തിൽ, ചാടിക്കയറി നിലപാട് സ്വീകരിക്കാത്തതിനാൽ സർക്കാരിന് അഭിമാനത്തോടെ തലയുയർത്തി നിൽക്കാൻ കഴിയും. രാഷ്ട്രീയവും സർക്കാർ നടപടികളും രണ്ടും രണ്ടാണ്. ഇനി കേസിൽ സുപ്രീം കോടതി എന്താണോ നിർദ്ദേശിക്കുന്നത്, അതനുസരിച്ചായിരിക്കും സർക്കാരിന്റെ മുന്നോട്ടുള്ള പ്രവർത്തികൾ.' മുരളീധരൻ വ്യക്തമാക്കി.