മുഖ്യമന്ത്രിയുടെ ഭക്ഷണത്തേക്കുറിച്ചുള്ള പരാമർശം കൗതുകവാർത്ത; പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു- സി. ദിവാകരൻ

#ന്യൂസ് ഡെസ്ക്
സി. ദിവാകരൻ, പിണറായി വിജയൻ | PHOTO:MATHRUBHUMI
സി. ദിവാകരൻ, പിണറായി വിജയൻ | PHOTO:MATHRUBHUMI

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഭക്ഷണശീലങ്ങളെക്കുറിച്ച് മാതൃഭൂമി ഡോട്ട് കോമുമായി നടത്തിയ അഭിമുഖത്തിൽ താൻ നടത്തിയ പരാമർശങ്ങൾ വെറും 'കൗതുകവാർത്ത' മാത്രമാണെന്നും അതിൽ രാഷ്ട്രീയ ലക്ഷ്യങ്ങളൊന്നുമില്ലെന്നും മുൻ മന്ത്രി സി. ദിവാകരൻ. എൽഡിഎഫ് ജാഥയിൽ പിണറായി വിജയനോടൊപ്പം വൈസ് ക്യാപ്റ്റനായി പ്രവർത്തിച്ച കാലത്തെ തന്റെ വ്യക്തിപരമായ അനുഭവങ്ങളാണ് പങ്കുവെച്ചതെന്നും അദ്ദേഹം പറഞ്ഞു.

ആനത്തലവട്ടം ആനന്ദന്റെ മകൻ ഈ വെളിപ്പെടുത്തൽ തെറ്റാണെന്ന് കാട്ടി ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും, താൻ നേരിട്ട് അനുഭവിച്ച കാര്യങ്ങൾ മറ്റൊരാൾക്ക് എങ്ങനെയാണ് തെറ്റാണെന്ന് പറയാൻ കഴിയുകയെന്നും സി. ദിവാകരൻ മാധ്യമങ്ങളോട് ചോദിച്ചു. താൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരത്ത് നടന്ന ഒരു ഉച്ചഭക്ഷണത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനുണ്ടായ അതൃപ്തിയെക്കുറിച്ചും പിന്നീട് അത് പരിഹരിച്ചതിനെക്കുറിച്ചുമുള്ള സി. ദിവാകരൻ്റെ പ്രസ്താവനയാണ് വിവാദമായത്. അന്ന് മുതിർന്ന നേതാവ് ആനത്തലവട്ടം ആനന്ദന്റെ വീട്ടിൽ ഭക്ഷണം കഴിക്കാനെത്തിയപ്പോൾ അവിടെ വിളമ്പിയ വറുത്ത മീൻ കഷ്ണം അമർത്തി പരിശോധിച്ച ശേഷം ഇത് ഏത് മീനാണെന്ന് പിണറായി ചോദിച്ചുവെന്നും 'ചൂര' മീനാണെന്ന് അറിഞ്ഞപ്പോൾ പിണറായിക്ക് അത് തീരെ ഇഷ്ടപ്പെട്ടില്ലെന്നുമായിരുന്നു സി. ദിവാകരൻ പറഞ്ഞത്. അദ്ദേഹം ഭക്ഷണം കഴിക്കാതെ എഴുന്നേറ്റു പോയെന്നും ഈ സംഭവത്തെത്തുടർന്ന് പാർട്ടി ജില്ലാ സെക്രട്ടറിയായിരുന്ന സത്യനേശൻ ഉൾപ്പെടെയുള്ളവർ അച്ചടക്ക നടപടി ഭയന്ന് വലിയ ആശങ്കയിലായതായും ദിവാകരൻ പറഞ്ഞിരുന്നു.

പിറ്റേന്ന് പാറശാലയിൽ വെച്ചായിരുന്നു ഭക്ഷണമെന്നും, അതിനായി പുലർച്ചെ അഞ്ചു മണിക്ക് തന്നെ സത്യനേശൻ പാളയം മാർക്കറ്റിൽ പോയി വലിയ 'നെയ്മീൻ' വാങ്ങി പാറശാലയിലെത്തിക്കണമെന്നും താൻ നിർദേശിച്ചതായി അദ്ദേഹം പറഞ്ഞു. പാറശാലയിലെ ക്യാമ്പ് ഹൗസിൽ വെച്ച് നെയ്മീൻ കറി വെച്ചും വറുത്തും നൽകിയപ്പോൾ പിണറായി അത് ആസ്വദിച്ചു കഴിച്ചു. അദ്ദേഹം സന്തോഷത്തോടെ ഭക്ഷണം കഴിച്ചതിനു ശേഷമാണ് ജില്ലാ സെക്രട്ടറിക്ക് സമാധാനമായി ഉറങ്ങാൻ സാധിച്ചതെന്നും സി. ദിവാകരൻ പറഞ്ഞിരുന്നു.

മുഖ്യമന്ത്രി നല്ല ഭക്ഷണപ്രിയനാണെന്നും എന്നാൽ, ആഹാരത്തിന്റെ കാര്യത്തിൽ അദ്ദേഹം അതീവ സെലക്ടീവാണെന്നും ദിവാകരൻ പറഞ്ഞിരുന്നു. മീൻ വിഭവങ്ങൾ 'എ ക്വാളിറ്റി' അല്ലെങ്കിൽ 'ഫസ്റ്റ് ക്ലാസ്' ആയിരിക്കണമെന്നത് അദ്ദേഹത്തിന് നിർബന്ധമാണെന്നും, തിരുവനന്തപുരത്തെ പല സഖാക്കൾക്കും അദ്ദേഹത്തിന്റെ ഈ സ്വഭാവം അറിയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞത് ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

തന്റെ കുട്ടിക്കാലത്തെ ദാരിദ്ര്യത്തെയും കഷ്ടപ്പാടുകളെയും കുറിച്ച് മുഖ്യമന്ത്രി സംസാരിച്ച് രണ്ട് ദിവസത്തിനുള്ളിൽ തന്നെ ഈ വെളിപ്പെടുത്തൽ പുറത്തുവന്നത് സാമൂഹ്യമാധ്യമങ്ങളിൽ ട്രോളുകൾക്കും ഇടയാക്കിയിരുന്നു.

Content Highlights: Former Minister C. Divakaran clarifies his remarks on CM Pinarayi Vijayan`s food habits were personal anecdotes, not political.