മെഗാക്വിസ് വിവാദമാക്കുന്നവർക്ക് ഇന്ദ്രന്റെ മാനസികാവസ്ഥ- മുഖ്യമന്ത്രി

#ന്യൂസ് ഡെസ്ക്
പിണറായി വിജയൻ | Photo: PTI
പിണറായി വിജയൻ | Photo: PTI

തിരുവനന്തപുരം: ആരു തപസ്സുചെയ്താലും ഇന്ദ്രപദം തട്ടിയെടുക്കാനാണെന്നു ഭയക്കുന്ന ഇന്ദ്രന്റെ മാനസികാവസ്ഥയിലാണ് സ്കൂൾ-കോളേജ് വിദ്യാർഥികൾക്കുള്ള സി.എം.-മെഗാക്വിസിനെ ചിലർ കുറ്റപ്പെടുത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സി.എം.-മെഗാക്വിസ് ആദ്യഘട്ട വിജയികൾക്കുള്ള സമ്മാനദാനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

നാട്ടിൽ എന്തു നല്ലകാര്യം നടക്കുമ്പോഴും അതേപ്പറ്റി മോശമായി ചിത്രീകരിക്കാനും വക്രീകരിക്കാനും നോക്കുന്നതു കേരളത്തിൽ കാണാം. ഇന്ന് എല്ലാ കുട്ടികളും സ്കൂളിൽ പോയി പഠിക്കുന്നു. പഞ്ചമിക്കു പഠനം നിഷേധിക്കപ്പെട്ടപ്പോൾ മഹാനായ അയ്യങ്കാളി അവളുടെ കൈപിടിച്ച് സ്കൂളിലെത്തിയതും സമൂഹത്തിലെ പ്രമാണിമാർ സ്കൂൾ കത്തിച്ചതുമൊക്കെയാണ് ചരിത്രം. അവിടെനിന്ന്‌ ഇന്നത്തെ നിലയിലേക്കു നാടു മാറിയതിനെക്കുറിച്ച് കുട്ടികൾ അറിയണ്ടേ? ചരിത്രപരമായൊരു വലിയ മാറ്റത്തിന്റെ ഇങ്ങേയറ്റത്തെ കണ്ണികളാണ് ഇന്നത്തെ വിദ്യാർഥികൾ. ആ ചരിത്രത്തെക്കുറിച്ച് അവർക്കു ബോധ്യമുണ്ടാവണം. ദേശീയപ്രസ്ഥാനവും ഇടതു പുരോഗമനപ്രസ്ഥാനങ്ങളും നാട്ടിലുണ്ടാക്കിയ മാറ്റങ്ങൾ കുട്ടികൾ അറിയണം. അധ്യയനവർഷം പകുതിയായാലും പുസ്തകങ്ങൾ ലഭിക്കാത്ത ഒരു കാലമുണ്ടായിരുന്നു. ആയിരത്തോളം സ്കൂളുകൾ അടച്ചുപൂട്ടലിന്റെ വക്കിലായിരുന്നു. ഈ നാടിനുണ്ടായ മാറ്റങ്ങൾ കുട്ടികൾ പഠിക്കണം. എന്റെ നാട് എന്ന അഭിമാനം കുട്ടികൾക്കുണ്ടാവണം.

കേരളത്തെ അപകീർത്തിപ്പെടുത്താൻ സിനിമകൾപോലും ഉപയോഗിക്കപ്പെടുമ്പോൾ, നമ്മുടെ നാടിനെയും ചരിത്രത്തെയുംകുറിച്ച് വ്യക്തമായ ബോധ്യം കുട്ടികൾക്കുണ്ടാവണം. കേരളത്തിന്റെ അതിജീവന പോരാട്ടങ്ങളെക്കുറിച്ച് വിദ്യാർഥികളെ ബോധവത്കരിക്കാൻ മെഗാക്വിസിലൂടെ സാധിച്ചു. വിവാദം എന്തിനാണെന്നു മനസ്സിലാവുന്നില്ല. സർക്കാരിനു നേതൃത്വം നൽകുന്നവരുടെ രാഷ്ട്രീയത്തെ എതിർക്കാനായി നാടിന്റെ കാര്യങ്ങളെ എതിർക്കരുത്. ഇളംമനസ്സുകളിൽ ശുദ്ധമായ കാര്യങ്ങളെത്തിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി, പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. കെ. വാസുകി, പി.ആർ.ഡി. സ്പെഷ്യൽ സെക്രട്ടറി ടി.വി. സുഭാഷ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ. ഉമേഷ്, കോളേജ് വിദ്യാഭ്യാസ ഡയറക്ടർ കെ. സുധീർ, പി.ആർ.ഡി. അഡീഷണൽ ഡയറക്ടർ കെ.ജി. സന്തോഷ് എന്നിവരും സംസാരിച്ചു.

Content Highlights: CM Pinarayi Vijayan defends CM-Megaquiz, highlighting its role in educating students about Kerala`s history and progress. Learn more about the quiz and its impact.