സംഘപരിവാർ അധികാരത്തിലേറിയാൽ മഹാബലിയും വാവരും ഇല്ലാതാകും- പിണറായി വിജയൻ

മുഖ്യമന്ത്രി പിണറായി വിജയൻ |  ഫോട്ടോ: മാതൃഭൂമി
മുഖ്യമന്ത്രി പിണറായി വിജയൻ | ഫോട്ടോ: മാതൃഭൂമി

കണ്ണൂർ: സംഘപരിവാർ അധികാരത്തിലെത്തിയാൽ ഓണത്തിന് മഹാബലിയും ശബരിമലയിൽ വാവരും ഇല്ലാതാകുമെന്നും ബിജെപിക്ക് നൽകുന്ന ഓരോവോട്ടും കേരളത്തനിമയെ തകർക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻസ്മാരക മന്ദിരത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഓണനാളിൽ ഒരു സംഘപരിവാറുകാരൻ അയച്ച സന്ദേശം കാണാനിടയായി. അതിൽ മഹാവിഷ്ണുവിന് താഴെ വാമനൻ നിൽക്കുന്നു. വാമനന്റെ കാൽക്കൽ മഹാബലി നിൽക്കുന്നു. ഓണത്തിന് നമ്മൾ മഹാബലിയെ ഓർക്കുമ്പോൾ ആർഎസ്എസ് വാമനനെയാണ് ഓർക്കുന്നത്. ശബരിമലയുമായി ബന്ധപ്പെട്ട ഐതിഹ്യത്തിൽ അയ്യപ്പനൊപ്പം വാവർക്കും പ്രധാന സ്ഥാനമുണ്ട്. ഒരു മുസ്‌ലിമിന് അങ്ങനെ സ്ഥാനം നൽകുന്നത് സംഘപരിവാറിനെ ചൊടിപ്പിക്കുന്നതാണ്. ഇതിന്റ ഭാഗമായി വാവർ മറ്റൊരു പേരുകാരനാണെന്നും സമൂഹത്തിന് കൊള്ളാത്തവനായിരുന്നെന്നും ചിത്രീകരിക്കാനാണ് അവർ ശ്രമിക്കുന്നത് -അദ്ദേഹം പറഞ്ഞു.

തദ്ദേശതിരഞ്ഞെടുപ്പിൽ ബിജെപിക്ക് 25 ശതമാനം വോട്ടും നിയമസഭാ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷവും ലഭിക്കുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ വാക്കുകൾ കേരളീയസമൂഹം ശ്രദ്ധിക്കേണ്ടതുണ്ട്. അത് സിപിഎമ്മോ എൽഡിഎഫോ മാത്രം ശ്രദ്ധിക്കേണ്ട കാര്യമല്ല. ആർഎസ്എസ് പ്രത്യയശാസ്ത്രം നാട് ഭരിക്കാൻ തുടങ്ങിയാൽ നമ്മുടെ സമൂഹത്തിന് ഇങ്ങനെ നിൽക്കാനാകില്ല. ഇപ്പോൾ നമുക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാം, ഇഷ്ടമുള്ള ആരാധനാലയത്തിൽ പോകാം, ഇഷ്ടമുള്ള ഭക്ഷണം കഴിക്കാം. സംഘപരിവാറിന് മേധാവിത്വമുള്ളിടത്ത് അടുക്കളയിൽ ഭക്ഷണം പരതിയാണ് ആളെ ആക്രമിക്കുന്നതും കൊലപ്പെടുത്തുന്നതും. വസ്ത്രധാരണം നോക്കിയാണ് ആക്രമണം.

ഒരുകാലത്ത് വലിയതോതിൽ ജാതിഭേദവും മതദ്വേഷവുമുണ്ടായിരുന്ന നാടാണിത്. അതിനെ നോക്കിയാണ് ഭ്രാന്താലയമെന്ന് സ്വാമി വിവേകാനന്ദൻ വിളിച്ചത്. ആ കേരളത്തെ ഉന്നതമായ മാനവികത പുലർത്തുന്ന മനുഷ്യാലയമാക്കാൻ നമുക്ക് സാധിച്ചിട്ടുണ്ട്. ജാതിഭേദവും മതദ്വേഷവുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാക്കി മാറ്റാനാണ് ശ്രീനാരായണഗുരു അടക്കമുള്ള നവോത്ഥാനനായകർ ശ്രമിച്ചത്. അതെല്ലാം തകർക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നത് -മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ അധ്യക്ഷനായിരുന്നു. കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ഇ.പി.ജയരാജൻ, പി.കെ.ശ്രീമതി, കെ.കെ.ശൈലജ, സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി.ജയരാജൻ, ജില്ലാസെക്രട്ടറി കെ.കെ.രാഗേഷ് എന്നിവർ സംസാരിച്ചു.

Content Highlights: Kerala Chief Minister Against Sangh Parivar