'ഷൂട്ടിന് പോയതാണെന്ന് കരുതി, രണ്ടുദിവസമായി റൂം തുറക്കാത്തതിനാല്‍ പോലീസിനെ വിളിക്കുകയായിരുന്നു'

തിരുവനന്തപുരം: രണ്ടുദിവസമായി റൂം തുറക്കാതിരുന്ന സാഹചര്യത്തിൽ പരിശോധിച്ചപ്പോഴാണ് സിനിമ-സീരിയൽ നടൻ ദീലിപ് ശങ്കറിനെ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് ഹോട്ടൽ ജീവനക്കാരൻ. ഇന്ന്(ഞായർ) രാവിലെയാണ് ദിലീപ് ശങ്കറിന്റെ മരണവാർത്ത പുറത്തുവന്നത്. തിരുവനന്തപുരത്തെ ഹോട്ടല്‍ മുറിയിലാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല.
മുറി തുറക്കാത്തിനാല്‍ പോലീസിനെ വിളിച്ച് പരിശോധിക്കുകയായിരുന്നുവെന്ന് ഹോട്ടല്‍ ജീവനക്കാരന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. റസ്‌റ്റോറന്റില്‍ കഴിക്കാന്‍ വരുന്ന വ്യക്തിയാണ്. മിക്കവാറും ദിവസങ്ങളില്‍ ബ്രേക്ക്ഫാസ്റ്റ് കഴിക്കാനായി എത്തും. റൂമിലേക്ക് ഭക്ഷണം എത്തിക്കേണ്ട കാര്യമില്ല. കഴിഞ്ഞ രണ്ടുദിവസമായി അദ്ദേഹത്തെ കണ്ടിരുന്നില്ല. ഷൂട്ടിന് പോയതാണെന്ന് കരുതി. രണ്ടു ദിവസമായി മുറി തുറക്കുന്നില്ലെന്ന് റൂം ബോയ്‌സ് പറഞ്ഞതോടെ പോലീസിനെ വിളിച്ച് പരിശോധിക്കുകയായിരുന്നു. ഹോട്ടല്‍ ജീവനക്കാരുമായി ബന്ധം പുലര്‍ത്തിയിരുന്നില്ലെന്നും ഇയാള്‍ വ്യക്തമാക്കി.
ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ള വ്യക്തിയായതിനാല്‍ ഷൂട്ടിങ്ങ് ഷെഡ്യൂളുകള്‍ നേരത്തെ ആക്കിയിരുന്നുവെന്നാണ് വിവരം. സെറ്റില്‍ നിന്ന് ഫോണ്‍ വിളിച്ചാല്‍ എപ്പോഴും എടുക്കാറില്ലെന്നും അത്യാവശ്യ ഘട്ടങ്ങളില്‍ തിരിച്ചുവിളിക്കുന്ന വ്യക്തിയായിരുന്നുവെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.
തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിലാണ് ദിലീപ് ശങ്കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തിലധികം പഴക്കമുണ്ടെന്ന് പോലീസ് വ്യക്തമാക്കി. നാല് ദിവസം മുൻപാണ് ദിലീപ് ശങ്കര്‍ ഹോട്ടലില്‍ മുറിയെടുത്തത്. താരം മുറി വിട്ട് പുറത്തേക്കൊന്നും പോയിരുന്നില്ലെന്നാണ് വിവരം.
മുറിയില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ ഹോട്ടല്‍ ജീവനക്കാര്‍ മുറി തുറന്ന് നോക്കിയപ്പോഴാണ് നടനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് അന്വേഷണം ആരംഭിച്ചു. നിരവധി ടെലിവിഷൻ പരമ്പരകളിലും ചാപ്പാ കുരിശ്, നോര്‍ത്ത് 24 കാതം എന്നീ സിനിമകളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്.
Content Highlights: cinema serial actor dileep shanker demise