ചൊക്രമുടി കൈയേറ്റം; സി.പി.ഐ. ജില്ലാ സെക്രട്ടറിക്ക് ബന്ധമുണ്ടെന്ന് ജില്ലാ കമ്മിറ്റിയംഗം

പ്രതീകാത്മക ചിത്രം | ANI
പ്രതീകാത്മക ചിത്രം | ANI

ഇടുക്കി: ചൊക്രമുടി കൈയേറ്റത്തിൽ സി.പി.ഐ. ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾക്ക് പങ്കുണ്ടെന്ന പരാതിയുമായി ജില്ലാ കമ്മിറ്റിയംഗം. ജില്ലാ സെക്രട്ടറി കെ.സലിംകുമാർ, സംസ്ഥാന കൗൺസിൽ അംഗം ജയ മധു, അടിമാലി മണ്ഡലം സെക്രട്ടറി കെ.എം.ഷാജി എന്നിവർക്കെതിരേ ജില്ലാ കമ്മിറ്റിയംഗം വിനു സ്കറിയ സംസ്ഥാനസെക്രട്ടറിക്ക് പരാതി നൽകി.

അടിമാലി സ്വദേശി ചൊക്രമുടിയിൽ വാങ്ങിയ 14.6 ഏക്കർ ഭൂമി റീസർവേ നടത്താൻ റവന്യൂ വകുപ്പിൽനിന്ന് പ്രത്യേക ഉത്തരവ് ലഭിക്കാൻ സെക്രട്ടറി സഹായിച്ചതായാണ് പരാതി. നിർമാണനിരോധനമുള്ള ഈ വില്ലേജിൽ കെട്ടിടനിർമാണത്തിന് പ്രത്യേക അനുമതി മുൻ ജില്ലാ കളക്ടർ നൽകിയത് പാർട്ടി ജില്ലാനേതാക്കളുടെ നിർദേശപ്രകാരമാണെന്നാണ് പരാതിയിൽ പറയുന്നത്. ഈ പ്രവൃത്തിക്ക് റവന്യൂ വകുപ്പ് മന്ത്രിയുടെ ഓഫീസിലെ ചില ജീവനക്കാർക്ക് പങ്കുള്ളതായും ആരോപിക്കുന്നുണ്ട്.

ഇതിന്‌ പ്രത്യുപകരമായി, ഈ ഭൂമി പ്ലോട്ടായി വിൽക്കുമ്പോൾ കിട്ടുന്ന ലാഭത്തിന്റെ മൂന്നിലൊന്ന്‌ തുക നേതാക്കൾക്ക്‌ നൽകാമെന്ന്‌ വ്യവസ്ഥയുണ്ടാക്കിയതായും അനുകൂലരേഖയുണ്ടാക്കാൻ പാർട്ടിയുടെ സ്വാധീനം ഉപയോഗിച്ചതായും പരാതിയിൽ പറയുന്നു. ഇതുസംബന്ധിച്ച് അടിയന്തിരമായി അന്വേഷിക്കണമെന്നാണ് പരാതിയിൽ പറയുന്നത്.

കേരളത്തിലെ പ്രധാന കൊടുമുടികളിലൊന്നായ ചൊക്രമുടിയിൽ അനധികൃതമായി റോഡ് നിർമിച്ചതും തടയണ കെട്ടിയതും വിവാദമായിരുന്നു. നൂറുകണക്കിന് മരങ്ങൾ വെട്ടി ഭൂമി പ്ലോട്ടുകളായി തിരിച്ചുവിറ്റു. ഇത് വലിയ പാരിസ്ഥിതികപ്രത്യാഘാതങ്ങൾക്ക് കാരണമായെന്ന് പ്രത്യേക അന്വേഷണസംഘവും ജിയോളജി വകുപ്പും റിപ്പോർട്ട് നൽകിയിരുന്നു.

പരാതി നൽകിയതായി അറിയില്ല -ജില്ലാ സെക്രട്ടറി

ഇങ്ങനെയൊരു പരാതി സംസ്ഥാനനേതൃത്വത്തിന് പോയതായി അറിവില്ലെന്നും, ഒരുതരത്തിലുള്ള കൈയേറ്റവും പാടില്ലെന്ന നിലപാടാണ് സി.പി.ഐ.ക്കുള്ളതെന്നും ജില്ലാ സെക്രട്ടറി കെ.സലിംകുമാർ പറഞ്ഞു.

Content Highlights: Chokramudi encroachment complaint against cpi district secretary by district committee member