പൊൻകതിരുകളുടെ ശോഭയുമായി ഒരു പുതുവർഷം കൂടി; മലയാളികൾക്കിന്ന് ഐശ്വര്യത്തിന്റെ ചിങ്ങം ഒന്ന്

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | Photo: Mathrubhumi
പ്രതീകാത്മക ചിത്രം | Photo: Mathrubhumi

കൊച്ചി: മലയാളികൾക്കിന്ന് പുതുവർഷപ്പിറവിയാണ്. പഞ്ഞകർക്കടകം പടിയിറങ്ങി, കൊല്ലവർഷം 1202-ലേക്ക് കാലെടുത്തു വെക്കുന്നു. ഈ സുദിനം പ്രതീക്ഷയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമാണ്. മഴക്കോളുകൾ മാറി മാനത്ത് സൂര്യന്റെ പൊൻകിരണങ്ങൾ തെളിയുന്നതോടെ, ദുരിതങ്ങളുടെ കാലം അവസാനിച്ചുവെന്ന ആശ്വാസം.

പഞ്ഞമാസത്തിലെ പരിമിതമായ സാഹചര്യങ്ങളിൽ നിന്നും സമൃദ്ധിയുടെയും സന്തോഷത്തിന്റെയും നാളുകളിലേക്കുള്ള മാറ്റമാണ് ഓരോ ചിങ്ങമാസവും മലയാളികൾക്ക് പകർന്നു നൽകുന്നത്. വിരിപ്പു കൃഷിയിടങ്ങളിൽ പൊൻകതിരുകൾ വിളഞ്ഞുനിൽക്കുന്ന കാഴ്ചയാണ് ഈ മാസത്തിന്റെ പ്രത്യേകത. കൊയ്യാനും മെതിക്കാനും പുന്നെല്ല് കുത്തിയെടുത്ത പൊന്നരിയിൽ ചോറുവേവിക്കാനുമുള്ള ഒരുക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു.

കാലാവസ്ഥാ വ്യതിയാനങ്ങൾ കാരണം ഇന്ന് നമ്മുടെ ജീവിത സാഹചര്യങ്ങൾ പഴയ കൊല്ലവർഷ കലണ്ടറുകൾക്ക് അനുസരിച്ചല്ല മാറുന്നത് എന്ന യാഥാർത്ഥ്യം നിലനിൽക്കുന്നുണ്ട്. എങ്കിലും ചിങ്ങം എന്നത് ഇന്നും മലയാളികൾക്ക് പ്രതീക്ഷയുടെ പര്യായമാണ്. ഇന്നലെ വരെ ഇരുണ്ടുമൂടി നിന്ന്, ഭീതി പടർത്തിയ കർക്കടകം മടങ്ങിയെന്ന പ്രതീക്ഷയുടെ ചിങ്ങപുലരി വിടർന്നു.