തെറ്റുപറ്റിയിട്ടില്ല; മാധ്യമ വാര്‍ത്തകളുടെ പേരില്‍ ഷിജു ഖാനെതിരെ നടപടിയെടുക്കില്ല - സിപിഎം

തിരുവനന്തപുരം: ദത്ത് വിവാദത്തില്‍ ശിശുക്ഷേമ സമിതിക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. ശിശുക്ഷേമ സമിതി നിയമപരമായ ഏതെങ്കിലും തരത്തിലുള്ള തെറ്റ് ചെയ്തതായി ഒരു ഏജന്‍സിയും ഇതുവരെ പറഞ്ഞിട്ടില്ല. അത് പറയാത്തിടത്തോളം കാലം ശിശുക്ഷേമ കൗണ്‍സില്‍ ചെയര്‍മാന്‍ ഷിജൂ ഖാനെതിരെ ഒരു നടപടിയും ഉണ്ടാകില്ലെന്നും ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.
ശിശുക്ഷേമ സമിതി എന്തെങ്കിലും തെറ്റ് ചെയ്തതായുള്ള റിപ്പോര്‍ട്ട് തന്റെ ശ്രദ്ധയിലില്ല. ബുധനാഴ്ച കുടുംബ കോടതി ദത്തുമായി ബന്ധപ്പെട്ട വിധി പറഞ്ഞു. ആ വിധിയില്‍ സമിതിയെക്കുറിച്ച് ഒരു പരാമര്‍ശവും നടത്തിയിട്ടില്ല.
ഷിജുഖാന്‍ സിപിഎം ആയതുകൊണ്ടുള്ള ആക്രമണമാണ് മാധ്യമങ്ങള്‍ നടത്തുന്നത്. ശിശുക്ഷേമ സമിതിക്ക് ലൈസന്‍സില്ല എന്ന് തെറ്റായിട്ടാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അത് തിരുത്താന്‍ തയ്യാറായിട്ടില്ല.
അമ്മയ്ക്ക് കുഞ്ഞിനെ കിട്ടണമെന്നാണ് തുടക്കംമുതലുള്ള സര്‍ക്കാരിന്റേയും പാര്‍ട്ടിയുടേയും നിലപാട്. മറ്റുകാര്യങ്ങളൊക്കെ കോടതിയുടെ പരിഗണനയിലുള്ളതായിരുന്നു. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും തരത്തില്‍ തെറ്റ്പറ്റിയതായി പാര്‍ട്ടിക്ക് ഇതുവരെ തോന്നിയിട്ടില്ല.
അനുപമ ഐഎഎസ് നല്‍കിയ റിപ്പോര്‍ട്ടില്‍ എവിടെയെങ്കിലും ശിശുക്ഷേമ സമിതിക്ക് നിയമപരമായ വീഴ്ച സംഭവിച്ചുവെന്ന് ചൂണ്ടിക്കാട്ടി തന്നാല്‍ പരിശോധിക്കാമെന്നും ആനാവൂര്‍ നാഗപ്പന്‍ വ്യക്തമാക്കി.
Content Highlights: