കുട്ടിഭിക്ഷാടകരുമായി തമിഴ്സംഘം; ശിശുസംരക്ഷണം കേരളത്തിന്റെ ചെലവിൽ; കൂടുതൽപേരെ എത്തിക്കുന്നു

ആലപ്പുഴ: കുട്ടികളുമായി ഭിക്ഷാടനത്തിനു കേരളത്തിലെത്തുന്ന തമിഴ്നാടു സംഘങ്ങൾ സംസ്ഥാനത്തിന്റെ കരുതലിനെ ചൂഷണംചെയ്യുന്നു. രക്ഷിതാക്കൾക്കൊപ്പം പിടിക്കപ്പെട്ടാൽ കുട്ടിഭിക്ഷാടകരെ ചൈൽഡ് വെൽഫെയർ കമ്മിറ്റി (സി.ഡബ്ല്യു.സി.) സംരക്ഷിക്കുകയാണു പതിവ്. കുട്ടികളുമായി സ്വമേധയാ കീഴടങ്ങുന്നവരുമുണ്ട്. രണ്ടായാലും കുട്ടികളുടെ സംരക്ഷണം സി.ഡബ്ല്യു.സി.ക്കു കൈമാറി ബാധ്യതകളിൽനിന്ന് ഒഴിയുന്ന തമിഴ് നാടോടിസംഘങ്ങൾ കേരളത്തിൽ കൂടുകയാണ്.
കുട്ടികളെ സംരക്ഷിക്കാനുള്ള സാഹചര്യമില്ലെന്നാകും മാതാപിതാക്കൾ പറയുക. ദൈന്യാവസ്ഥ കണക്കിലെടുത്ത് കുട്ടികളെ സി.ഡബ്ല്യു.സി. ഏറ്റെടുക്കും. പ്രായപൂർത്തിയാകുന്നതുവരെ സർക്കാർ സംരക്ഷണ സ്ഥാപനങ്ങളിലാകും കുട്ടികൾ. വിദ്യാഭ്യാസവും ലഭിക്കും. ആലപ്പുഴ ജില്ലയിൽ മാത്രം ഇരുപതോളം കുട്ടികൾ ഇത്തരത്തിലുണ്ട്. 17 പേരും തമിഴ്നാട്ടുകാരാണ്. ഇതിൽ സ്കൂളിൽ പഠിക്കുന്നവരും കൗമാരക്കാരുമുണ്ട്.
കുട്ടികളെ കഴിഞ്ഞദിവസം ഹരിപ്പാട്ട് ഭിക്ഷാടനത്തിനെത്തിച്ചതു പിടിച്ചതോടെയാണ് വിഷയത്തിന്റെ വ്യാപ്തി അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. സംഭവത്തിലെ പ്രതിയുടേതടക്കമുള്ള കുട്ടികൾ ജില്ലയിലെ ശിശുസംരക്ഷണ കേന്ദ്രങ്ങളിൽ കഴിയുന്നവരാണ്. അതിനു പുറമേയാണ് ബന്ധുക്കളായ മറ്റു കുട്ടികളെക്കൂടി പ്രതി ഭിക്ഷാടനത്തിനു കേരളത്തിലെത്തിച്ചത്.
സംരക്ഷണച്ചെലവ് കേരളത്തിന്
കുട്ടികൾക്കുള്ള ഭക്ഷണം, താമസം, വസ്ത്രം, വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ എന്നിവയുൾപ്പെടെ മുഴുവൻ ചെലവും പിന്നീടു സംസ്ഥാന സർക്കാരാണു വഹിക്കുന്നത്. കുട്ടികളെ സ്വന്തം നാട്ടിലേക്കു തിരിച്ചയക്കുന്നതിനെക്കാൾ കേരളത്തിൽ തുടരുന്നതാണു രക്ഷിതാക്കൾക്കു താത്പര്യം. ഇവിടത്തെ മികച്ച സൗകര്യങ്ങളാണു കാരണം. മാതാപിതാക്കൾ കേരളത്തിൽ തൊഴിലെടുക്കുന്നതിനാൽ കുട്ടികളെ നാട്ടിലേക്കയക്കാൻ അധികൃതർക്കും കഴിയില്ല.
മടക്കിയയക്കാൻ ശ്രമം
സംരക്ഷണകേന്ദ്രങ്ങളിൽ കഴിയുന്ന കുട്ടികളെ അവരുടെ നാടുകളിലേക്കു മടക്കിയയക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ചിലരെ ഇവിടെ തുടരാൻ അനുവദിക്കേണ്ടിവരും. അല്ലാത്തവരെ സ്വന്തം നാട്ടിലെ സംരക്ഷണകേന്ദ്രങ്ങളിലേക്ക് അയക്കാനാണു നോക്കുന്നത് -അഡ്വ. ബി. ഗീത
സി.ഡബ്ല്യു.സി. ചെയർപേഴ്സൺ, ആലപ്പുഴ
Content Highlights: Tamil nomadic groups are exploiting Kerala's child welfare resources., Parents voluntarily hand over children to CWC to avoid caregiving costs., The Kerala government bears all expenses for food, education, and healthcare., Authorities are actively working to repatriate these children to their home states., Over 20 children in Alappuzha are currently under state protection, with 17 from Tamil Nadu.