തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷൻമാരും ജനപ്രതിനിധികളുമായി മുഖ്യമന്ത്രിയുടെ സംവാദം തിങ്കളാഴ്ച

പിണറായി വിജയന്‍ | ഫോട്ടോ: രതീഷ് പി.പി
പിണറായി വിജയന്‍ | ഫോട്ടോ: രതീഷ് പി.പി

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാരുമായും ജനപ്രതിനിധികളുമായും മുഖ്യമന്ത്രി സംവദിക്കുന്നു. ഡിസംബര്‍ 9 തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം 3.30-ന് ഓണ്‍ലൈന്‍ മുഖേനയാണ് യോഗം സംഘടിപ്പിക്കുന്നത്. അതിദാരിദ്ര്യ നിര്‍മാര്‍ജനം, മാലിന്യമുക്തം നവകേരളം, പാലിയേറ്റീവ് കെയര്‍ എന്നീ മേഖലകളുമായി ബന്ധപ്പെട്ടാണ് യോഗം. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്, ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, സാമൂഹ്യനീതി വകുപ്പ് മന്ത്രി ആര്‍ ബിന്ദു, ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കും. 

പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനും മാലിന്യമുക്ത നവകേരളം സാധ്യമാക്കാനും അതിദാരിദ്ര്യ നിര്‍മ്മാജന പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്താനും സംയോജിത പ്രവര്‍ത്തനം ആവിഷ്‌കരിക്കുകയാണ് യോഗത്തിലൂടെ ലക്ഷ്യമിടുന്നത്. ജനപ്രതിനിധികള്‍ക്കൊപ്പം പ്രസ്തുത വിഷയങ്ങളുമായി ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. മുഖ്യമന്ത്രിയുടെ യോഗത്തിന്റെ തുടര്‍ച്ചയായി തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഭരണസമിതി യോഗം ചേരും. അതിദാരിദ്ര്യ നിര്‍മാര്‍ജനം, മാലിന്യമുക്തം നവകേരളം, പാലിയേറ്റീവ് എന്നീ മേഖലകളുമായി ബന്ധപ്പെട്ട്, മുഖ്യമന്ത്രിയുടെ യോഗത്തിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതിന് ആവശ്യമായ തുടര്‍ നടപടികള്‍ ആസൂത്രണം ചെയ്യുകയാണ് ഭരണസമിതി യോഗത്തിന്റെ അജണ്ട. 

മുഖ്യമന്ത്രിയുടെ യോഗത്തില്‍ ജില്ലാ- സംസ്ഥാന ഉദ്യോഗസ്ഥരും അതാത് ഓഫീസുകളില്‍ നിന്ന് പങ്കാളികളാകും. സംവാദവിഷങ്ങളുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാരുടെ സംഘടനാ ഭാരവഹികളുടെ യോഗം മുഖ്യമന്ത്രി വിളിച്ചുചേര്‍ത്തിരുന്നു. ജനപ്രതിനിധികളുടെ യോഗത്തിന്റെ തുടര്‍ച്ചയായി എല്ലാ രാഷ്ട്രീയ കക്ഷികളുടെയും സഹകരണം തേടാനുള്ള സര്‍വകക്ഷി യോഗവും നിശ്ചയിച്ചിട്ടുണ്ട്.
 

Content Highlights: chief minister pinarayi vijayan called meeting for localself government institutions