മാന്യമായ പരിഗണന നല്‍കിയില്ല, മമ്മൂട്ടി സി.പി.എം ബന്ധം ഉപേക്ഷിക്കും- ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം: താമസിയാതെ കൈരളി ടി.വി. ചെയര്‍മാന്‍ മമ്മൂട്ടി സി.പി.എം. ബന്ധം ഉപേക്ഷിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്. കാല്‍ നൂറ്റാണ്ടിലേറെയായി സി.പി.എം. തങ്ങളുടെ ആവശ്യങ്ങള്‍ക്കായി മമ്മൂട്ടിയെ ഉപയോഗിച്ചെങ്കിലും അദ്ദേഹത്തിന് ഒരിക്കലും മാന്യമായ പരിഗണന നല്‍കിയിട്ടില്ല. ദേശീയതലത്തില്‍ അദ്ദേഹത്തിന് ലഭിക്കേണ്ട അര്‍ഹമായ അംഗീകാരം പലപ്പോഴും ലഭിക്കാതെ പോയത് സി.പി.എം. ബന്ധത്തിന്റെ പേരിലാണെന്നും ചെറിയാന്‍ ഫിലിപ്പ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
സാഹിത്യ-സിനിമ-കലാരംഗങ്ങളില്‍ സി.പി.എം. സഹയാത്രികരായിരുന്ന പലരും പാര്‍ട്ടിയുമായി അകല്‍ച്ചയിലാണ്. പാര്‍ട്ടി വേദികളില്‍ പ്രത്യക്ഷപ്പെടാന്‍ മിക്കവര്‍ക്കും ഭയമാണെന്നും അദ്ദേഹം ആരോപിച്ചു.
എം.എല്‍.എമാരായിരുന്ന മഞ്ഞളാംകുഴി അലി, അല്‍ഫോന്‍സ് കണ്ണന്താനം എന്നിവര്‍ സി.പി.എം. ബന്ധം അവസാനിപ്പിച്ചത് പാര്‍ട്ടി നേതാക്കളുടെയും അണികളുടെയും പീഡനം സഹിക്കാന്‍ വയ്യാതെയാണ്. മുസ്ലീം ലീഗില്‍ ചേര്‍ന്ന അലി പിന്നീട് സംസ്ഥാന മന്ത്രിയും ബി.ജെ.പിയില്‍ ചേര്‍ന്ന അല്‍ഫോന്‍സ് കേന്ദ്ര മന്ത്രിയുമായി. കെ.ടി.ജലീല്‍ അന്‍വറിന്റെ പാത പിന്തുടരുമെന്ന് തീര്‍ച്ചയാണ്. അന്‍വര്‍ ഉയര്‍ത്തിയ എല്ലാ പ്രശ്‌നങ്ങളോടും ജലീല്‍ ആഭിമുഖ്യം പുലര്‍ത്തിയിട്ടുണ്ട്.
പലഘട്ടങ്ങളായി കോണ്‍ഗ്രസില്‍ നിന്ന് സി.പി.എമ്മില്‍ ചേര്‍ന്നവരെല്ലാം മരണക്കെണിയിലാണ്. ചിലര്‍ക്ക് അപ്പക്കഷണങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും അവരുടെയെല്ലാം രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെട്ടിരിക്കുകയാണെന്നും ചെറിയാന്‍ ഫിലിപ്പ് കുറ്റപ്പെടുത്തി.
Content Highlights: mammootty will soon end relatuons with CPM says Cheriyan Philip