‘ഞങ്ങൾക്ക് അച്ഛനെയാണ് നഷ്ടപ്പെട്ടത്...’; ചിത അണയുംമുൻപ് നീതി തേടി പോലീസ് സ്റ്റേഷന് മുന്നിൽ മക്കൾ സമരത്തിൽ

കൊച്ചി: ചേരാനല്ലൂർ വാഹനാപകടത്തിൽ മരിച്ച ജയബാലകൃഷ്ണന് നീതി ആവശ്യപ്പെട്ട് കുടുംബം ചേരാനല്ലൂർ പോലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തുന്നു. മരിച്ച ജയബാലകൃഷ്ണന്റെ മകനും മകളും ബന്ധുക്കളുമാണ് പോലീസ് സ്റ്റേഷന് മുന്നിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്നത്. ആവശ്യങ്ങൾ അംഗീകരിക്കുംവരെ സമരത്തിൽനിന്ന് പിന്നോട്ടില്ലെന്നും കുടുംബം വ്യക്തമാക്കി.
വാഹന ഉടമയായ അഡീഷണൽ ജഡ്ജ് റെനോ ഫ്രാൻസിസ് സേവിയറിനെ പദവിയിൽനിന്ന് സസ്പെൻഡ് ചെയ്യുക, അപകടമുണ്ടാക്കിയ 17-കാരന്റെ ജാമ്യം റദ്ദാക്കി അറസ്റ്റ് ചെയ്യുക, പ്രതികളെ സഹായിക്കാൻ പോലീസ് സ്റ്റേഷനിൽ വച്ച് ഫോണിലെ ചിത്രങ്ങൾ മായ്ച്ചുകളയാൻ കൂട്ടുനിന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുക എന്നീ മൂന്ന് പ്രധാന ആവശ്യങ്ങളാണ് കുടുംബം മുന്നോട്ടുവെക്കുന്നത്.
അപകടത്തിന് കാരണമായ വാഹനം ഓടിച്ച 17-കാരന്റെ പിതാവും വാഹന ഉടമയുമായ അഡീഷണൽ ജഡ്ജ് റെനോ ഫ്രാൻസിസ് സേവിയറിനെ ഔദ്യോഗിക പദവിയിൽനിന്ന് സസ്പെൻഡ് ചെയ്യണം എന്നാണ് കുടുംബത്തിന്റെ പ്രധാന ആവശ്യം. ഒരാളെ ഇടിച്ചു കൊന്ന പ്രതിക്ക് മിനിറ്റുകൾക്കകം ജാമ്യം നൽകി. പിന്നീട് കൊലക്കുറ്റം ചുമത്തിയിട്ടും ജുവനൈൽ ജസ്റ്റിസ് ബോർഡ് വീണ്ടും ജാമ്യം അനുവദിച്ച സാഹചര്യത്തിൽ, ആ ജാമ്യം റദ്ദാക്കി 17-കാരനെയും പിതാവിനെയും അറസ്റ്റ് ചെയ്യണമെന്നും കുടുംബം ആവശ്യപ്പെടുന്നു.
അപകടത്തിനുശേഷം പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ പ്രതിയുടെ ചിത്രം ഫോണിൽ പകർത്തിയ മകന്റെ കയ്യിൽനിന്ന് പോലീസുകാർ ബലമായി ഫോൺ വാങ്ങി, ജഡ്ജിക്കൊപ്പം വന്നയാൾക്ക് കൈമാറുകയും ആ ദൃശ്യങ്ങൾ മായ്ച്ചുകളയുകയും ചെയ്തുവെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും അവർ ആവശ്യപ്പെടുന്നു.
രാവിലെ പോലീസ് സ്റ്റേഷനിലെത്തിയ ബന്ധുക്കളോട് അഡീഷണൽ ജഡ്ജ് വളരെ മോശമായാണ് പെരുമാറിയതെന്ന് കുടുംബം ആരോപിക്കുന്നു. അപകടത്തിൽ ഖേദം പ്രകടിപ്പിക്കുന്നതിന് പകരം നിയമം പഠിപ്പിക്കേണ്ട എന്ന രീതിയിലാണ് അദ്ദേഹം സംസാരിച്ചതെന്ന് ജയബാലകൃഷ്ണന്റെ കുടുംബം പറഞ്ഞു. ഒരാളെ ഇടിച്ചുകൊന്ന പ്രതി യാതൊരു സങ്കടവുമില്ലാതെ, കാലിന്മേൽ കാൽ കയറ്റി അവാർഡ് കിട്ടിയതുപോലെയാണ് സ്റ്റേഷനിൽ ഇരുന്നതെന്നും പിതാവിന്റെ സ്വാധീനം കൊണ്ട് രക്ഷപ്പെടുമെന്ന ഉറപ്പാണ് ഇതിന് പിന്നിലെന്നും ജയബാലകൃഷ്ണന്റെ മകൻ പറഞ്ഞു.
പ്രതിക്ക് 17 വയസ്സ് മാത്രമാണെന്ന് പോലീസ് പറയുന്നത് അല്ലാതെ ഇതിന് വേറെ തെളിവുകളൊന്നുമില്ലെന്നും പ്രായത്തിന്റെ കാര്യത്തിൽ സംശയമുണ്ടെന്നും കുടുംബം വ്യക്തമാക്കി. കൂടാതെ, ഇയാൾ ഓഗസ്റ്റ് 26-ന് ഈ വാഹനം 204 കിലോമീറ്റർ വേഗത്തിൽ ഓടിച്ചതിന്റെ ദൃശ്യങ്ങൾ ഉണ്ടെന്നും മുൻപും ഇയാൾ വാഹനം ഓടിച്ചിട്ടുണ്ടെന്നും കുടുംബം ചൂണ്ടിക്കാണിച്ചു.
കൊച്ചി സിറ്റി പോലീസ് ഡിസിപി അരുൺ കെ. പവിത്രൻ, എസിപി, എസ്എച്ച്ഒ, എസ്ഐ എന്നിവർ സ്റ്റേഷനിലെത്തി കുടുംബവുമായി സംസാരിക്കാൻ ശ്രമിച്ചു. സ്റ്റേഷന് അകത്തിരുന്ന് ചർച്ച നടത്താമെന്ന് ഡിസിപി നിർദ്ദേശിച്ചെങ്കിലും മുൻപും വാഗ്ദാനങ്ങൾ നൽകി സമയം നീട്ടി കൊണ്ടുപോയി ചതിക്കുകയായിരുന്നുവെന്ന് ആരോപിച്ച് കുടുംബം അകത്തുകയറാൻ തയ്യാറായില്ല.
ചേരാനല്ലൂർ പോലീസ് സ്റ്റേഷന് മുന്നിൽ തുടരുന്ന സമരത്തിൽനിന്ന് പിന്നോട്ടില്ലെന്ന് കുടുംബം വ്യക്തമാക്കി. ഇന്നലെ മുതൽ ഭക്ഷണം കഴിക്കാത്തതിനെ തുടർന്ന് ബന്ധുക്കളിൽ ഒരാളുടെ ആരോഗ്യനില മോശമായിട്ടുണ്ടെന്നും അറിയിച്ചു. ലാത്തിച്ചാർജ് നടത്തിയാലും അറസ്റ്റ് ചെയ്താലും ആവശ്യങ്ങൾ അംഗീകരിക്കുംവരെ സമരത്തിൽനിന്ന് മാറില്ലെന്ന ഉറച്ച നിലപാടിലാണ് ജയബാലകൃഷ്ണന്റെ മക്കളും ബന്ധുക്കളും.
ഇതിനിടെ അന്വേഷണത്തിൽ വീഴ്ച വരുത്തിയ പോലീസുകാർക്ക് എതിരേ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ചേരാനല്ലൂർ പോലീസ് സ്റ്റേഷനിലേക്ക് എ.ഐ.വൈ.എഫ് മാർച്ച് നടത്തി. ജഡ്ജി റിനോ ഫ്രാൻസിസിനെതിരെ അന്വേഷണം വേണമെന്നും ജഡ്ജിയുടെ മുൻകാലങ്ങളിലെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്നും എ.ഐ.വൈ.എഫ് ആവശ്യപ്പെട്ടു. നടപടി എടുത്തില്ലെങ്കിൽ സമരത്തിന്റെ രൂപം മാറുമെന്നും എ.ഐ.വൈ.എഫ് ജില്ലാ കൗൺസിൽ അംഗം ടി.സി. സഞ്ജിത് പറഞ്ഞു.