‘കാര്യങ്ങൾ മാറ്റിമറിച്ചത് ജഡ്ജിയുടെ ആ വാക്കുകൾ ’

#കെ.വി. രാജശേഖരൻ
മരിച്ച ജയബാലകൃഷ്ണന്റെ ഭാര്യ ബിന്ദു
മരിച്ച ജയബാലകൃഷ്ണന്റെ ഭാര്യ ബിന്ദു

ചേരാനല്ലൂർ: “അപകടം ആർക്കും എപ്പോൾ വേണമെങ്കിലും സംഭവിക്കാം, മരണവും. അപകടമുണ്ടാക്കിയ പതിനേഴുകാരന്റെ അച്ഛനായ ജഡ്ജിയുടെ വാക്കാണ് സംഭവം ഈ നിലയിലെത്തിച്ചത്. അച്ഛൻ നഷ്ടപ്പെട്ട വേദനയിലെത്തിയ കുട്ടികളോട് അദ്ദേഹം ധിക്കാരത്തോടെയാണ് പെരുമാറിയത്. വേദനയോടെ പ്രതികരിച്ച എന്റെ മക്കളോടും ബന്ധുക്കളോടും 'നിങ്ങൾ എന്നെ ചോദ്യം ചെയ്യരുതെന്ന' അഹങ്കാരമാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. സംഭവത്തെ ഈ നിലയിലേക്കെത്തിച്ചതും അദ്ദേഹത്തിന്റെ സംസാരമാണ്. പറ്റിപ്പോയി, ഒപ്പമുണ്ടാകുമെന്നു പറഞ്ഞെങ്കിൽ അതു ഞങ്ങൾക്ക് എത്രമാത്രം ആശ്വാസമാകുമായിരുന്നു”- ചേരാനല്ലൂർ അപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ ഭാര്യ ബിന്ദു ‘മാതൃഭൂമി’യോടു പറഞ്ഞു.

പോലീസ് ചെയ്യേണ്ടതു ചെയ്തില്ല

മരിച്ചുപോയ ആളുടെ ബന്ധുക്കൾക്ക് പോലീസ് സ്റ്റേഷനിൽ നിന്ന് ഒരു പരിഗണനയും കിട്ടിയില്ല. മൃതശരീരം ചിതയിൽ വെയ്ക്കുന്നതിന് മുൻപുതന്നെ പ്രതിയായ പതിനേഴുകാരനു ജാമ്യം നൽകി വിട്ടയയ്ക്കാൻ പോലീസിനു തിടുക്കമായിരുന്നു. പ്രതിക്ക് ജാമ്യം കിട്ടുന്ന തരത്തിലുള്ള വകുപ്പുകളാണ് ആദ്യം എഫ്.ഐ.ആറിൽ എഴുതിച്ചേർത്തത്. അച്ഛന്റെ വിയോഗ വാർത്തയറിഞ്ഞ് സ്റ്റേഷനിലെത്തിയ എന്റെ കുട്ടികൾ കാണുന്നത് പ്രതി കസേരയിൽ കാലുകയറ്റിവെച്ചിരിക്കുന്നതാണ്. ആർക്കും ഇതു സഹിക്കാനാകില്ല. പ്രതിയുടെ ചിത്രം മൊബൈൽ ഫോണിൽ പകർത്തിയ ബന്ധുവിന്റെ മൊബൈൽ പോലീസ് പിടിച്ചുവാങ്ങി, ചിത്രങ്ങൾ നശിപ്പിച്ചു. ഇതേസമയം തന്നെ പ്രതിക്ക് മൊബൈലിൽ മെസേജ് അയയ്ക്കാനുള്ള സൗകര്യം പോലീസ് ചെയ്തുകൊടുത്തു. സംഭവം വിവാദമായപ്പോൾ മാത്രമാണ് പോലീസ് കരുതലോടെ പെരുമാറിയത്. എ.ഡി.ജി.പി. ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ വീട്ടിൽ വന്നിരുന്നു. നീതിയുക്തമായി കാര്യങ്ങൾ ചെയ്യുമെന്നാണ് എ.ഡി.ജി.പി. ഉറപ്പു നൽകിയിട്ടുള്ളത്. അതിൽ പ്രതീക്ഷയുണ്ട്. പ്രതിയുടെ അച്ഛനായ ജഡ്ജി തത്‌സ്ഥാനത്ത് തുടരാൻ അർഹനല്ല. സർവീസിൽനിന്ന് പിരിച്ചുവിടണം. അദ്ദേഹം പദവിയിൽ തുടർന്നാൽ അതു ഭാവിയിൽ മറ്റുള്ളവർക്കും പ്രയാസങ്ങൾ സൃഷ്ടിക്കും.

മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ആശ്വസിപ്പിച്ചു

മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ചിരുന്നു. കഴിഞ്ഞദിവസം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മക്കളുമായി ഫോണിൽ സംസാരിച്ചിരുന്നു. ബിനോയ് വിശ്വമാണ് അതിന് സൗകര്യം ഒരുക്കിയത്. മാധ്യമങ്ങളും സംഘടനകളും ഉൾപ്പെടെ ഒപ്പംനിന്ന എല്ലാവരോടും നന്ദിയുണ്ട്.

ജീവിതത്തിലും ജോലിയിലും ഒപ്പം

പതിനഞ്ചുവർഷമായി ചിറ്റൂരിലുള്ള തട്ടുകടയിലേക്കുപോകുന്നതും തിരിച്ചുവരുന്നതും ഒരുമിച്ചാണ്. രണ്ടുമാസമായി കാലിനു സുഖമില്ലാത്തിനാൽ ഭർത്താവിനൊപ്പം പോകാനായിരുന്നില്ല. ഇടയ്ക്കിടയ്ക്ക് മാത്രമാണ് കടയിൽ പോയിരുന്നത്. മരിക്കുന്നതിനുമുൻപ് രണ്ടുദിവസം ചിറ്റൂരിലെ തറവാട്ടുവീട്ടിലാണ് അദ്ദേഹം നിന്നത്. കുടുംബത്തെ പിരിഞ്ഞ് അപൂർവമായി മാത്രമാണ് അദ്ദേഹം അങ്ങനെ തങ്ങാറുള്ളത്.

ബി.പി. കൂടുതലുള്ളയാളാണ്, എന്നാലും അതുവകവയ്ക്കാതെ കടതുറക്കും. വൈകീട്ട് ആറിനുതുറന്നാൽ രാത്രി പന്ത്രണ്ടര വരെ കട പ്രവർത്തിക്കും. പുലർച്ചെ ഒന്നരയൊക്കെയാകുമ്പോഴാണ് കടയിൽനിന്ന് ഇറങ്ങാനാകുന്നത്. 26 വർഷമായി ഇതുതന്നെയാണ് രീതി. തട്ടുകടകൊണ്ടാണ് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. മക്കളെ പഠിപ്പിച്ചതും കുടുംബച്ചെലവ് നടത്തുന്നതും വീടിന്റെ വായ്പ തിരിച്ചടയ്ക്കുന്നതുമൊക്കെ അതിൽ നിന്നാണ്. ഇരുപതു ലക്ഷം രൂപ കടമുണ്ട്. വായ്പയുടെ തിരിച്ചടവ് മുടങ്ങുമെന്നു പറഞ്ഞ് ഒരുദിവസം പോലും കട മുടക്കാറില്ല.

വേറെ വഴിയില്ല, കട തുറക്കും

ജീവിക്കാൻ വേറെ വഴിയില്ല. ചടങ്ങുകൾ കഴിഞ്ഞാൽ മക്കൾക്കൊപ്പം കട തുറക്കും. ജീവിതം മുന്നോട്ടുകൊണ്ടുപോകാനും അതുമാത്രമാണുള്ളത്.

Content Highlights: Bindu demands the dismissal of the judge whose minor son caused the fatal accident., Accused minor was granted bail hastily, sparking police apathy allegations., Chief Minister and opposition leaders called the grieving family to offer condolences., The family plans to reopen their modest eatery to survive despite heavy debts.