ലീഗിൽ പ്രതിസന്ധി; ഖമറുദ്ദീന് തത്കാലം പാണക്കാട്ടേക്ക് വരേണ്ടെന്ന് തങ്ങള്‍

മലപ്പുറം : നിക്ഷേപ തട്ടിപ്പില്‍ പ്രതി ചേര്‍ക്കപ്പെട്ട മഞ്ചേശ്വരം എംഎല്‍എ എം സി ഖമറുദ്ദീനുമായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നടത്താനിരുന്ന കൂടിക്കാഴ്ച ഉപേക്ഷിച്ചു. തത്കാലം ഖമറുദ്ദീനോട് പാണക്കാട്ടേക്ക് വരേണ്ട എന്ന നിര്‍ദേശം നല്‍കിയെന്നാണ് സൂചനകൾ. രാവിലെ 10 മണിക്കൂള്ള കൂടിക്കാഴ്ച ഉച്ചയ്ക്ക് ശേഷമാക്കി മാറ്റിയിരുന്നു. ഒടുവില്‍ കൂടിക്കാഴ്ച തന്നെ ഉപേക്ഷിക്കുകയായിരുന്നു. തത്ക്കാലം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ നേരിട്ട് കാണേണ്ടതില്ലെന്നാണ് ഖമറുദ്ദീനോട് മുസ്ലിം ലീഗ് നേതൃത്വം പറഞ്ഞത്. ഇന്ന് രാവിലെയോ നാളെയോ നേതൃത്വവുമായി ചര്‍ച്ച നടത്താം അതിന് ശേഷം മാത്രം ഹൈദരലി ശിഹാബ് തങ്ങളുമായുള്ള കൂടിക്കാഴ്ച എന്നാണ് നിലവിലെ തീരുമാനം.
ജൂവലറി നിക്ഷേപത്തട്ടിപ്പ് കേസില്‍ മുഖ്യപ്രതിയായ എം.സി.ഖമറുദ്ദീന് എം.എല്‍.എ. നിലവില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്നുണ്ട്. നിരവധി പരാതികളാണ് ഇദ്ദേഹത്തിനെതിരായ ഉയര്‍ന്നത്. മാത്രമല്ല പരാതി നല്കിയവരില് ഭൂരിഭാഗവും മുസ്ലിം ലീഗ് അനുഭാവികളോ പ്രവര്‍ത്തകരോ ആണെന്നതും കേസിന്റെ പ്രത്യേകതയാണ്. ഈ സാഹചര്യത്തിലാണ് എംഎല്‍എയെ പാണക്കാട്ടേക്ക് വിളിപ്പിച്ചത്. പാണക്കാട്ടെത്തി കൃത്യമായ വിശദീകരണം നല്‍കാനായിരുന്നു എം സി ഖമറുദ്ദീനോട് മുസ്ലിം ലീഗ് നേതൃത്വം ആവശ്യപ്പെട്ടത്. താന്‍ തട്ടിപ്പ് നടത്തിയില്ലെന്നും ഇത് ബിസിനസ്സ് തകര്‍ച്ച മാത്രമാണെന്നുമായിരുന്നു നേതൃത്വത്തോട് എം സി ഖമറുദ്ദീന് ഫോണിലൂടെ പറഞ്ഞത്. ഇക്കാര്യങ്ങള്‍ പാണക്കാട്ടെത്തി വിശദീകരിക്കാന്‍ മുസ്ലിം ലീഗ് നേതൃത്വം ഖമറുദ്ദീന് അവസരം നല്‍കുകയായിരുന്നു. എന്നാല്‍ ഖമറുദ്ദീനെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരുമായ പ്രവര്‍ത്തകര്‍ കാസര്‍കോട് നിന്ന് മലപ്പുറത്തെത്തിയിട്ടുണ്ട്. ഇവരിൽ പലരും കൂടിക്കാഴ്ചയ്ക്കൊരുങ്ങുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് ഖമറുദ്ദീനുമായുള്ള കൂടിക്കാഴ്ച മാറ്റിവെക്കാനിടയാക്കിയത്.
അതേ സമയം കൂടിക്കാഴ്ച മാറ്റിവെച്ചില്ലെന്നും താന്‍ പാണക്കാട്ടേക്കെത്താത്തതാണെന്നും ഖമറുദ്ദീന് മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.
ബുധനാഴ്ച ചന്തേര പോലീസ് സ്റ്റേഷനില്‍ 14 കേസുകളാണ് രജിസ്റ്റര്‍ചെയ്തത്. നേരത്തേ രജിസ്റ്റര്‍ ചെയ്തതുള്‍പ്പെടെ ചന്തേരയില്‍ കേസുകള്‍ 26 ആയി. കാസര്‍കോട് ടൗണ്‍ സ്റ്റേഷനില്‍ അഞ്ച് പരാതിയും ഹൊസ്ദുര്‍ഗ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച രണ്ട് അന്യായവുമടക്കം കേസുകള്‍ 33 എണ്ണമായി. കേസന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനാണ്. കഴിഞ്ഞ ദിവസം ചന്തേര ഇന്‍സ്പെക്ടര്‍ പി.നാരായണനും സംഘവും എം.എല്‍.എ.യുടെയും ടി.കെ.പൂക്കോയ തങ്ങളുടെയും വീടുകള്‍ റെയ്ഡ് ചെയ്തിരുന്നു. തങ്ങളുടെ വീട്ടില്‍നിന്ന് പണമിടപാടുകളുമായി ബന്ധപ്പെട്ട രേഖകള്‍ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
content highlights: Cheating case, M.C. Kamaruddin and Panakkad Thangal meeting cancelled
Content Highlights: