അനുയായികൾക്ക് ജോലിനൽകണമെന്ന് ആവശ്യപ്പെട്ട് കോൺക്രീറ്റിങ് തടസ്സപ്പെടുത്തി സി.ഐ.ടി.യു.നേതാവ്

ചങ്ങനാശ്ശേരി: തെങ്ങണ റോഡ് അറ്റകുറ്റപ്പണിക്കെത്തിയ തൊഴിലാളികളെ സി.ഐ.ടി.യു. വാർക്ക തൊഴിലാളി യൂണിയൻ നേതാവിന്റെ നേതൃത്വത്തിൽ തടഞ്ഞു. വാഴൂർ റോഡിൽ തെങ്ങണ കവലയിൽനിന്ന് പെരുമ്പനച്ചി ഭാഗത്തേക്ക് പൈപ്പിടാനായി കുത്തിപ്പൊളിച്ച ഭാഗം കോൺക്രീറ്റ് ചെയ്യാനെത്തിയ കരാറുകാരന്റെ തൊഴിലാളികളെയാണ് നേതാവ് തടഞ്ഞത്.
പുറത്തുനിന്നുള്ള തൊഴിലാളികളെക്കൊണ്ടുമാത്രം പണിയെടുപ്പിക്കാൻ സമ്മതിക്കില്ലെന്ന് നേതാവ് പറഞ്ഞു. തന്റെ കൂട്ടത്തിലുള്ള ഒൻപതുപേർക്കുകൂടി തൊഴിൽ കൊടുക്കണമെന്നും ഒരാൾക്ക് ദിവസം 1200 രൂപ നൽകണമെന്നും ആവശ്യപ്പെട്ടു. ഒൻപതുപേർക്കും കഠിന ജോലി പറ്റില്ലെന്നും പറഞ്ഞു. കോൺക്രീറ്റ് മിക്സറിലേക്ക് സിമന്റ് ചാക്ക് പൊട്ടിച്ചിടാൻ മാത്രം സഹായിക്കും. 50 ചാക്ക് വരെ പൊട്ടിക്കും, പിന്നീടുള്ള ഓരോ ചാക്കിനും 160 രൂപ അധികം വേണമെന്നും ആവശ്യപ്പെട്ടു. ഇത് അംഗീകരിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് കരാറുകാരൻ പണി നിർത്തി. ചൊവ്വാഴ്ച രാത്രി തെങ്ങണ ജങ്‌ഷനിലാണ് റോഡിന്റെ ഒരു ഭാഗം കോൺക്രീറ്റ് ചെയ്യുന്നത് ആരംഭിച്ചത്. പണി തുടങ്ങിയപ്പോൾത്തന്നെ സി.ഐ.ടി.യു. നേതാവ് എത്തി തടഞ്ഞെന്നാണ് പരാതി. തന്റെ ആവശ്യം അംഗീകരിക്കാതെ മുന്നോട്ടുപോകാനാകില്ലെന്ന് കരാറുകാരനോട് വിളിച്ചുപറയുകയും ചെയ്തു.
തനിക്ക് ആവശ്യമുള്ള തൊഴിലാളികൾ കൂടെയുണ്ടെന്നും നേതാവിന്റെ നിർദേശം അനുസരിച്ചാൽ മുതലാകില്ലെന്നും കരാറുകാരൻ പറഞ്ഞു. തെങ്ങണമുതൽ പെരുമ്പനച്ചി ഭാഗത്തേക്കുള്ള റോഡ് അറ്റകുറ്റപ്പണിക്ക് വേണ്ടി, ജലഅതോറിറ്റിയുടെ ജോലിയാണ് കരാറുകാരൻ ഏറ്റെടുത്തിരുന്നത്. ജലഅതോറിറ്റി അധികൃതർ തൃക്കൊടിത്താനം പോലീസിൽ പരാതി നൽകി. റോഡിന്റെ വശങ്ങൾ തകർന്നുകിടന്നത് കാരണം വ്യാപാരികളും നാട്ടുകാരും നാളുകളായി ദുരിതത്തിലാണ്.
Content Highlights: CITU union leaders blocked essential road repair work in Thengana, Changanassery., Union demanded the hiring of nine additional laborers at a specific daily wage., Contractor halted work due to unreasonable financial demands and labor interference., Kerala Water Authority has filed a formal complaint with Thrikkodithanam Police., Local residents and traders continue to face hardship due to unfinished road sections.